ഐ.പി.എല്ലിന്റെ അമേരിക്കന്‍ കൗണ്ടര്‍പാര്‍ട്ടായ മേജര്‍ ലീഗ് ക്രിക്കറ്റിന്റെ (എം.എല്‍.സി) ആവേശങ്ങള്‍ക്ക് കളമൊരുങ്ങുകയാണ്. അടുത്ത മാസം 13നാണ് അമേരിക്കയിലെ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമാകുന്നത്. അമേരിക്കന്‍ ഫുട്‌ബോളിനും ബേസ്‌ബോളിനും ബാസ്‌ക്കറ്റ് ബോളിനും പ്രാധാന്യം കല്‍പിക്കുന്ന മണ്ണിലേക്കാണ് ക്രിക്കറ്റും തങ്ങളുടെ വേരുകളാഴ്ത്താന്‍ തുടങ്ങുന്നത്.
ആറ് ടീമുകളാണ് പ്രഥമ എം.എല്‍.സിയില്‍ കളത്തിലിറങ്ങുന്നത്. ഇന്ത്യന്‍ ഫ്രാഞ്ചൈസികളായ മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ടീമുകളും എം.എല്‍.സിയുടെ ഭാഗമാകുന്നുണ്ട്.
ലോസ് ആഞ്ചലസ് ആസ്ഥനമായ എം.എല്‍.സി ടീമിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് സ്വന്തമാക്കിയിരിക്കുന്നത്. എല്‍.എ നൈറ്റ് റൈഡേഴ്‌സ് എന്നാണ് അമേരിക്കയിലെ പര്‍പ്പിള്‍ ആര്‍മിയുടെ പേര്.
കെ.കെ.ആറിന്റെ സൂപ്പര്‍ താരം ജേസണ്‍ റോയ്‌യെ ടീമിലെത്തിച്ചുകൊണ്ട് എല്‍.എ.കെ.ആര്‍ തുടക്കത്തിലേ എതിരാളികളെ ഞെട്ടിച്ചിരുന്നു. ഇതിന് പുറമെ ടീമിന്റെ മാര്‍ക്വി താരങ്ങളായി സുനില്‍ നരെയ്ന്‍, ആന്ദ്രേ റസല്‍, ലോക്കി ഫെര്‍ഗൂസന്‍ എന്നിവരും ലോസ് ആഞ്ചലസിന്റെ ഭാഗമാകുന്നുണ്ട്.
എം.എല്‍.സിയിലും നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായതോടെ നരെയ്ന്‍ – റസല്‍ ജോഡിയും നൈറ്റ് റൈഡേഴ്‌സ് ഫ്രാഞ്ചൈസിയും തമ്മിലുള്ള ബന്ധമാണ് ചര്‍ച്ചയാകുന്നത്. നൈറ്റ് റൈഡേഴ്‌സുള്ള എല്ലാ ഫ്രാഞ്ചൈസി ലീഗിലും ഇവര്‍ ടീമിന്റെ ഭാഗമാണ് എന്നതാണ് രസകമായ വസ്തുത.
ഐ.പി.എല്ലിലും എം.എല്‍.സിയിലും മാത്രമല്ല, ഐ.എല്‍. ടി-20യിലും കരീബിയന്‍ പ്രീമിയര്‍ ലീഗിലും (സി.പി.എല്‍) ഇവര്‍ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമാണ്. ഐ.എല്‍.ടി-20യില്‍ അബുദാബി നൈറ്റ് റൈഡേഴ്‌സിനും സി.പി.എല്ലില്‍ ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സിനും വേണ്ടിയാണ് ഇരുവരും കളിക്കുന്നത്. തുടര്‍ന്നും ഇരുവരുടെയും തകര്‍പ്പന്‍ പ്രകടനം കാണാം എന്ന ആവേശത്തിലാണ് ആരാധകര്‍.
എം.എല്‍.സിയുടെ ഉദ്ഘാടന മത്സരത്തില്‍ തന്നെ നൈറ്റ് റൈഡേഴ്‌സ് കളത്തിലിറങ്ങുന്നുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കൗണ്ടര്‍പാര്‍ട്ടായ ടെക്‌സസ് സൂപ്പര്‍ കിങ്‌സാണ് എതിരാളികള്‍.