ലിയോ ഒരു ഫുട്ബോൾ ഇതിഹാസമാണ്, പക്ഷേ ലോകകപ്പ് ജയിക്കണമെങ്കിൽ ഭാ​ഗ്യവും വേണം: ഇനിയേസ്റ്റ
Football
ലിയോ ഒരു ഫുട്ബോൾ ഇതിഹാസമാണ്, പക്ഷേ ലോകകപ്പ് ജയിക്കണമെങ്കിൽ ഭാ​ഗ്യവും വേണം: ഇനിയേസ്റ്റ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 11th November 2022, 3:26 pm

ലോകം കാത്തിരിക്കുന്ന ഖത്തർ ലോകകപ്പിന് ഇനി ശേഷിക്കുന്നത് 10 നാൾ മാത്രം. അർജന്റൈൻ ഇതിഹാസം ലയണൽ മെസി അവസാനമായി കളിച്ച വേൾഡ് കപ്പ് എന്ന പേരിലായിരിക്കും ഖത്തർ ലോകകപ്പിനെ ചരിത്രം വിശേഷിപ്പിക്കുക.

ഈ ടൂർണമെന്റിലൂടെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് പടിയിറങ്ങുമെന്ന് താരം നേരത്തെ സൂചിപ്പിച്ചിരുന്നു.

നിരവധി ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ടെങ്കിലും മെസിയെ അർജന്റീനയുടെ ജേഴ്സിയിൽ കാണാനാണ് ആരാധകർക്കിഷ്ടം.

ഇനിയൊരു ലോകകപ്പ് കളിച്ചേക്കില്ല എന്ന് മെസി അറിയിച്ചപ്പോൾ തന്നെ തങ്ങളുടെ സങ്കടം അറിയിച്ച് ആരാധകർ ​രം​ഗത്തെത്തിയിരുന്നു.

ഈ വിഷയത്തിൽ തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് മുൻ ബാഴ്സലോണ താരവും സ്പെയ്നിന്റെ മിഡ് ഫീൽഡറുമായ ആന്ദ്രേ ഇനിയേസ്റ്റ. ലയണൽ മെസി ഫുട്ബോൾ ഇതിഹാസമാണെന്നും ലോകകപ്പിൽ ജയിക്കണമെങ്കിൽ ഭാ​ഗ്യം തുണക്കമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ സുഹൃത്തും സഹതാരവുമായിരുന്ന മെസിയെ കുറിച്ച് സംസാരിച്ചത്.

‘ലിയോ ഒരു ഫുട്ബോൾ ഇതിഹാസമാണ്, ഇതുവരെ നാല് ലോകകപ്പുകൽ കളിച്ചെങ്കിലും ജയിക്കാനായില്ല. 2014ൽ അർജന്റീന ഫൈനലിലെത്തിയപ്പോഴാണ് അദ്ദേഹം ലോകകിരീടത്തോട് ഏറ്റവും അടുത്തെത്തിയത്. കളിക്കൊപ്പം ഭാ​ഗ്യവും ടീമിന്റെ പിന്തുണയും വേണം,’ ഇനിയേസ്റ്റ പറഞ്ഞു.

അതേസമയം നവംബർ 26ന് സൗദി അറേബ്യയുമായാണ് അർജന്റീനയുടെ അരങ്ങേറ്റ മത്സരം. മെക്‌സിക്കോയും പോളണ്ടുമാണ് അർജന്റീനക്കൊപ്പം ഗ്രൂപ്പ് സിയിലുള്ള മറ്റ് ടീമുകൾ. ഇതിൽ മെക്‌സിക്കോയെ നവംബർ 27നും പോളണ്ടിനെ ഡിസംബർ ഒന്നിനുമാണ് അർജന്റീന നേരിടുക.

Content Highlights: Andre Iniesta speaks about Lionel Messi