ആന്ദ്രെ എസ്കോബാര്‍:
World cup 2018
ആന്ദ്രെ എസ്കോബാര്‍: "ജീവിതം ഇവിടെ അവസാനിക്കുന്നില്ല"
ജിനേഷ് പി കെ
Sunday, 10th June 2018, 6:14 pm
1994ലെ ലോകകപ്പ് ടിവിയിലും പത്രങ്ങളിലും ആസ്വദിച്ചവര്‍ ആയിരിക്കില്ല നമ്മളില്‍ പലരും, പക്ഷെ 1994നു ശേഷം ഓരോ ലോകകപ്പ് വരുമ്പോഴും ആന്ദ്രെ എസ്ക്കോബാര്‍ എന്ന കൊളംബിയന്‍ പ്രതിരോധ നിര താരത്തിന്‍റെ വിയോഗം ഓര്‍ക്കാതിരിക്കാന്‍ നമുക്ക് കഴിയാറില്ല. കൊളംബിയയിലെ മയക്കു മരുന്ന് സംഘങ്ങളുടെ ഈറ്റില്ലമായ മെടല്ലിനില്‍ ജനിച്ച ആന്ദ്രേയെ സംബന്ധിച്ചിടത്തോളം ഫുട്ബോള്‍ വീട്ടുകാര്യം തന്നെയായിരുന്നു.
പിതാവ് ദാരിയോ എസ്കോബര്‍ മെടല്ലിനിലെ യുവാക്കള്‍ക്ക് ഫുട്ബോള്‍ കളിക്കാന്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഒരു  സംഘടന തന്നെ രൂപികരിച്ച വ്യക്തിയായിരുന്നുവെങ്കില്‍ സഹോദരന്‍ സാന്റിയാഗോ, ആന്ദ്രെ ആദ്യമായി കളിച്ച അത്ലടികോ നാസിയോനല്‍ ക്ലബിന്‍റെ  തന്നെ താരമായിരുന്നു.  കളിക്കളത്തില്‍ പുലര്‍ത്തിയ ശാന്തതയും ശുദ്ധതയും അദ്ധേഹത്തിന് “The Gentleman” എന്ന വിളിപ്പേര് തന്നെ സമ്മാനിച്ചു, പക്ഷെ ഫുട്ബോള്‍ കളത്തിലെ ഒരു പിഴവിനു പകരം അന്ദ്രേയ്ക്ക് നല്‍കേണ്ടി വന്നത് സ്വന്തം ജീവിതം തന്നെയായിരുന്നു.
തൊണ്ണൂറുകള്‍ കൊളംബിയയെ സംബന്ധിച്ചിടത്തോളം ദുരിതമയമായ കാലഘട്ടമായിരുന്നു. മേടല്ലിന്‍   അടക്കമുള്ള നഗരങ്ങള്‍     മയക്കുമരുന്ന്    സംഘങ്ങളുടെ ഗ്യാങ്ങ് വാറുകളുടെ വിളനിലമായി മാറി. ഈ   സംഘങ്ങള്‍ മയക്ക് മരുന്ന്‍  ഡീലുകള്‍ക്കൊപ്പം ബ്രിട്ടനിലെ കുതിരപ്പന്തയങ്ങള്‍ക്ക് സമാനമായ രീതിയില്‍ ഫുട്ബോള്‍   വാതുവെയ്പ്പിലും    ഇടപെട്ടു  പോന്നു.
ഈ സാഹചര്യത്തിലാണ്  കൊളംബിയന്‍  ഫുട്ബോള്‍ ടീം അഭൂതപൂര്‍വമായ ഒരു കുതിപ്പ്    കാഴ്ച വെയ്ക്കുന്നത്. 1990ലെ ലോകകപ്പില്‍ ആന്ദ്രെ എസ്കോബാര്‍   കൂടെ ഉള്‍പ്പെട്ട കൊളംബിയ   അവസാന പതിനാറില്‍ എത്തിയെങ്കിലും    കാമറൂനിനോട് 2-1നു തോറ്റ് പുറത്തായി. 1991ല്‍ ചിലിയില്‍ വെച്ചു നടന്ന കോപ്പ അമേരിക്ക ടൂര്‍ണ്ണമെന്‍റ്ല്‍ കരുത്തരായ ബ്രസീലിനെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് കൊളംബിയ   ഗ്രൂപ്പ് ഘട്ടം കടന്ന് അവസാന റൌണ്ടില്‍ എത്തിയത്. പക്ഷേ   അവിടെയും വിധി കൊളംബിയയ്ക്ക് എതിരായി മാറുകയും നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയും ചെയ്തു.

1994 ലോകകപ്പിനായുള്ള യോഗ്യതാ ഗ്രൂപ്പില്‍ കൊളംബിയയുടെ കൂടെ ഉണ്ടായിരുന്ന മറ്റു ടീമുകള്‍ അര്‍ജന്റീന, പെറു, പരാഗ്വേ എന്നിവയായിരുന്നുവെങ്കിലും   കളിച്ച ആറു മത്സരങ്ങളില്‍ തോല്‍വി അറിയാതെ വെറും രണ്ടു ഗോളുകള്‍ മാത്രം വഴങ്ങി ഗ്രൂപ്പ് ചാമ്പ്യന്മാരായി ആയിരുന്നു കൊളംബിയ യോഗ്യത നേടിയത്. അവസാനമത്സരത്തില്‍ കൊളംബിയയോട് 5-0ത്തിന്      തകര്‍ന്നടിഞ്ഞ അര്‍ജന്‍റീന അവസാനം പ്ലേഓഫ് കളിച്ചാണ് ലോകകപ്പില്‍ കടന്നു കൂടിയത്.

യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഇല്ലാതിരുന്ന ആന്ദ്രേയെ ലോകകപ്പിനുള്ള ടീമിലേയ്ക്ക്  തിരിച്ചു വിളിച്ചു.   വലന്‍സിയയും പെരെസും, വാള്‍ഡറാമയും, ആസ്പ്രില്ലയും, ആന്ദ്രേയും ഉള്‍പ്പെട്ട ടീമിനെ കപ്പ്‌ നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീമുകളില്‍ ഒന്നായാണ് വിഖ്യാത ഫുട്ബോള്‍ താരം പെലെ    അടക്കമുള്ള പലരും വിലയിരുത്തിയത്. കൊളംബിയ സെമിഫൈനല്‍ വരെയെങ്കില്ലും ചുരുങ്ങിയത് എത്തുമെന്ന് പെലെ  ഉറപ്പിച്ചു പറഞ്ഞു. ഇതിനിടയില്‍ ആന്ദ്രേയുമായി കരാര്‍ ഒപ്പിടാന്‍ ഇറ്റലിയിലെ പ്രധാന ക്ലബുകളില്‍ ഒന്നായ എസി  മിലാന്‍ തന്നെ രംഗത്തെത്തുകയും ചെയ്തു.



ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ കൊളംബിയയിലെ വാതു വെയ്പ് സംഘങ്ങള്‍ കൊളംബിയയ്ക്ക് മേല്‍ വന്‍ തുക കെട്ടി വെച്ചു, പക്ഷെ താരതമ്യേന     ദുര്‍ബലരായ റുമേനിയയോട് 3-1ന് ദയനീയമായി   പരാജയപ്പെട്ടു. USAയുമായി രണ്ടാം മത്സരം     ഗോള്‍ രഹിതമായി സമനിലയില്‍ നില്‍ക്കുന്ന അവസരത്തിലാണ് അമേരിക്കയുടെ ജോണ്‍ ഹാര്‍ക്ക്സിന്‍റെ ക്രോസ്സ് തടയാന്‍ ആന്ദ്രേ കാല്‍   വെച്ചത്, പക്ഷേ പന്ത് നേരെ സ്വന്തം ഗോള്‍  വലയില്‍ പതിച്ചു.      ഒടുവില്‍ കളി    കൊളംബിയ 2-1നു പരാജയപെട്ടു. അവസാനമത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ്നെ തോല്‍പ്പിചെങ്കിലും രണ്ട് മത്സരങ്ങള്‍   തോറ്റ കൊളംബിയ ആദ്യ ഘട്ടം   പോലും കടക്കാതെ പുറത്തായി.   നാട്ടില്‍ തിരിച്ചെത്തിയ  ആന്ദ്രേ El Tiempe പത്രത്തിന് വേണ്ടി ഇങ്ങനെ എഴുതി:
“Life doesn’t end here. We have to go on. Life cannot end here. No matter how difficult, we must stand back up. We only have two options: either allow anger to paralyse us and the violence continues, or we overcome and try our best to help others. It’s our choice. Let us please maintain respect. My warmest regards to everyone. It’s been a most amazing and rare experience. We’ll see each other again soon because life does not end here”

പക്ഷേ വിധി മറ്റൊന്നായിരുന്നു, 1994 ജൂലൈ 2ന്   കൊളംബിയയിലെ  ഒരു ബാറില്‍  വെച്ച് വാതുവെയ്പ് സംഘം ആണ്ട്രെയ്ക്ക് നേരെ   ആറു തവണ    വെടിയുതിര്‍ത്തു.   ഓരോ തവണയും അവര്‍ ഗോള്‍.. ഗോള്‍..  എന്നാര്‍ത്തു  വിളിച്ചു കൊണ്ടാണ് ആ സെല്‍ഫ് ഗോളിന് ശിക്ഷ വിധിച്ചത്. ആന്ദ്രേ  എസ്കോബര്‍നു നഷ്ടമായത് സ്വന്തം  ജീവന്‍ ആണെകില്‍     ഒരു രാജ്യത്തെ ജനതയ്ക്ക് മുഴുവന്‍ ലോകത്തിനു   മുന്നില്‍ തലകുനിക്കേണ്ടി വന്നു. ലോകമാസകലമുള്ള കോടിക്കണക്കിനു ഫുട്ബോള്‍   ആരാധകരുടെ നെഞ്ചില്‍ ഇന്നും കെടാത്ത നെരിപ്പോടായി തുടരേണ്ടി വന്നു.



രണ്ട് എസ്ക്കോബാറുകള്‍
ആന്ദ്രെ എസ്കൊബാരിന്റെ മരണത്തിലേയ്ക്ക് നയിച്ച സാഹചര്യങ്ങളില്‍ പ്രത്യക്ഷമായല്ലെങ്കിലും    മറ്റൊരു എസ്ക്കോബാറിനു കൂടി പങ്കുണ്ടായിരുന്നു.     അതെ, പറഞ്ഞു വരുന്നത് കൊളംബിയന്‍ മയക്കുമരുന്ന്‍ മാഫിയ തലവന്‍   പാബ്ലോ  എസ്കോബറിനെ കുറിച്ചു തന്നെയാണ്. കൊളംബിയന്‍ മയക്കു   മരുന്ന്‍ മാഫിയയിലെ അവസാന വാക്കായിരുന്ന പാബ്ലോ.
എസ്ക്കോബാറുമായി കുടുംബ പേരിന്‍റെ കാര്യത്തില്‍  മാത്രമേ ആന്ദ്രേയ്ക്ക് സാമ്യമുമുണ്ടായിരുന്നുള്ളൂവെങ്കിലും  ആന്ദ്രേ കളിച്ച അത്ലടിക്കോ ടീമിന്‍റെ  ഒരു കാലത്തെ  ഉടമയായിരുന്നു നല്ലൊരു ഫുട്ബോള്‍ പ്രേമി കൂടിയായ പാബ്ലോ. കൊളംബിയയിലെ ദാരിദ്രജനവിഭാഗങ്ങള്‍ക്ക്   പാര്‍പ്പിടം, തൊഴില്‍ എന്നിവ നല്‍കാന്‍   പ്രവര്‍ത്തിച്ച പാബ്ലോ മാഫിയാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ലഭിച്ച പണത്തിന്‍റെ ഒരു   ഭാഗം മെടല്ലിനില്‍ ഫുട്ബോള്‍ വളര്‍ത്താനും ഉപയോഗിച്ചു. അതു കൊണ്ട് തന്നെ  കൊളംബിയയിലെ സാധാരണ ജനങ്ങളുടെ പിന്തുണ പാബ്ലോയ്ക്ക് ഉണ്ടായിരുന്നു.
വിഖ്യാത കൊളംബിയന്‍ ഗോള്‍    കീപ്പര്‍ റെനെ ഹിഗ്വിറ്റയ്ക്ക് പാബ്ലോയുമായി   ഉണ്ടായിരുന്ന ബന്ധം വലിയ വിവാദങ്ങള്‍ക്ക്‌ തിരി കൊളുത്തിയിരുന്നു 1993 കാലഘട്ടത്തില്‍. 90ല്‍ പോലീസിനു കീഴടങ്ങിയ പാബ്ലോ 93ല്‍ ജയില്‍ ചാടിയെങ്കിലും ഡിസംബര്‍   മാസത്തില്‍ വെടിയേറ്റ്‌ കൊല്ലപ്പെടുകയാനുണ്ടായത്.  തന്‍റെ മരണം   വരെ കൊളംബിയന്‍ അധോലോകം  പൂര്‍ണ്ണമായും    പാബ്ലോയുടെ മാത്രം നിയന്ത്രണത്തില്‍ ആയിരുന്നു.
പാബ്ലോയുടെ ഉത്തരവ് ഇല്ലാതെ ഒരു കരിയില പോലും അനങ്ങില്ല എന്ന അവസ്ഥ     ആയിരുന്ന കൊളംബിയയിലെ ജീവിതം      ഏറെക്കുറെ സാധാരണമായിരുന്നു.   പക്ഷെ പാബ്ലോയുടെ മരണത്തോടെ നിരവധി ചെറു ഗ്യാങ്ങുകള്‍ കൊളംബിയയില്‍      ഉദയം ചെയ്യപ്പെടുകയും    വെടിവെയ്പ്പുകളെയും ബോംബാക്രമണങ്ങളെയും തുടര്‍ന്ന്‍ മെടല്ലിന്‍  നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ ആയിരുന്നു കൊളംബിയന്‍ ടീം ലോകകപ്പിനായി അമേരിക്കയ്ക്ക് തിരിക്കുന്നത്. റുമേനിയയോടുള്ള കൊളംബിയയുടെ തോല്‍വിയോടെ നിരവധി മാഫിയ തലവന്മാരുടെ പണം വാതുവെയ്പ്പില്‍ നഷ്ടമായി. തുടര്‍ന്ന്‍ കൊളംബിയന്‍ ടീമിന് നേരെ പല കോണുകളില്‍ നിന്നും വധ ഭീഷണിയടക്കം വന്നു കൊണ്ടിരുന്നു. കൊളംബിയന്‍ പ്രതിരോധ നിര താരം   ഹെരേരയുടെ കുട്ടിയെ മാഫിയ തട്ടിക്കൊണ്ടു പോവുകയും   വീട്ടില്‍ തിരിച്ചെത്തിക്കുകയും ചെയ്തത് ടീമംഗങ്ങളിലെ ഭീതി  വര്‍ദ്ധിപ്പിക്കാന്‍   കാരണമായി.
 ഹെരെരയുടെ സഹോദരന്‍ കാര്‍ അപകടത്തില്‍  കൊല്ലപ്പെട്ടു. ഹെരേര തന്നെ   പിന്നീട് പറഞ്ഞത്   ആ രാത്രി തന്നെ    കൊളംബിയയിലെയ്ക്ക് തിരിച്ചു പോവാന്‍   ഒരുങ്ങിയ തന്നെ    ആശ്വസിപ്പിച്ചതും പിന്തിരിപ്പിച്ചതും   ആന്ദ്രെ ആയിരുന്നു എന്നാണ്. ആന്ദ്രേയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നത്രേ: “The country depends on you. This is our one shot at the World Cup”.    തുടര്‍ന്ന്‍ ഭയചകിതരായ പതിനൊന്നു പേരുടെ ഒരു കൂട്ടം മാത്രമായിരുന്നു അമേരിക്കയെ എതിരിടാന്‍   മൈതാനത്തില്‍ ഇറങ്ങിയിരുന്നതെങ്കിലും കൊളംബിയന്‍   മുന്നേറ്റ   നിര USA ഗോള്‍മുഖം നിരന്തരം ആക്രമിച്ചു കൊണ്ടിരുന്നു.
പക്ഷെ ഗോള്‍ മാത്രം നേടാന്‍ ആയില്ല. ഒടുവില്‍ ഇരുപത്തിരണ്ടാം   മിനിറ്റില്‍   അന്ദ്രേയുടെ സെല്‍ഫ് ഗോള്‍ കൂടി  പിറന്നതോടെ ടീം അംഗങ്ങളെ   നിരാശ കൂടി കീഴ്പ്പെടുത്താന്‍ തുടങ്ങിയിരുന്നു.   ഒടുവില്‍ ഇരു   ടീമുകളും ഓരോ ഗോള്‍ കൂടി നേടി മത്സരം അവസാനിപ്പിക്കുമ്പോള്‍ കൊളംബിയ    ഏതാണ്ട് പുറത്തേയ്ക്കുള്ള വഴി ഉറപ്പിച്ചിരുന്നുവെങ്കിലും ആന്ദ്രേയ്ക്ക് വന്ന ദുർഗതി ആരും മുൻകൂട്ടി കണ്ടിരുന്നു കാണില്ല.
ഇല്ല ആന്ദ്രേ, താങ്കൾ പറഞ്ഞ പോലെ താങ്കളുടെ ജീവിതം ഇവിടെ അവസാനിക്കുന്നില്ല. കൊളംബിയ ഓരോ തവണ മൈതാനത്തിറങ്ങുമ്പോഴും നിങ്ങൾ തീർച്ചയായും ഓർമ്മിക്കപ്പെടും. ഓരോ ലോകകപ്പുകൾ കൊണ്ടാടപ്പെടുമ്പോഴും നിങ്ങളുടെ ജ്വലിക്കുന്ന ഓർമ്മകളും ഞങ്ങളുടെ കൂടെ കാണും.