| Tuesday, 15th August 2023, 7:06 pm

എംബാപ്പെയല്ല; പി.എസ്.ജിയെ ലോക പ്രശസ്ത ക്ലബ്ബാക്കി മാറ്റിയത് അവനാണ്: ഏജന്റ്

സ്പോര്‍ട്സ് ഡെസ്‌ക്

2017ലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ കറ്റാലന്‍മാരോട് വിടപറയുന്നത്. ലീഗ് വണ്‍ വമ്പന്‍മാരായ പി.എസ്.ജിയുടെ തട്ടകത്തിലേക്കാണ് നെയ്മര്‍ ചുവടുമാറ്റിയത്. 222 മില്യണ്‍ യൂറോയുടെ റെക്കോഡ് തുകയ്ക്കായിരുന്നു പാരീസ് സെന്റ് ഷെര്‍മാങ് നെയ്മറിനെ സ്വന്തമാക്കിയത്.

നെയ്മറാണ് ഇന്ന് കാണുന്ന രീതിയിലേക്ക് പി.എസ്.ജിയുടെ യശസുയര്‍ത്തിയതെന്നും മുമ്പാളുകള്‍ക്ക് അങ്ങനെയൊരു ക്ലബ്ബിനെ കുറിച്ച് വലിയ അറിവൊന്നും ഇല്ലായിരുന്നെന്നും പറഞ്ഞിരിക്കുകയാണ് ബ്രസീലിയന്‍ ഫുട്ബോള്‍ ഏജന്റ് ആന്ദ്രേ കറി. ബാഴ്‌സ ടൈംസിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘നെയ്മര്‍ പി.എസ്.ജിക്ക് നല്‍കിയതെല്ലാം വിലമതിക്കാനാവാത്തതാണ്. നിങ്ങള്‍ ലോകത്തെവിടെ പോയാലും പി.എസ്.ജി.യുടെ ജേഴ്സിയണിഞ്ഞ ഒരു ബാലനെ കാണാം. മുമ്പവര്‍ക്ക് ആ ക്ലബ്ബ് എന്താണെന്ന് പോലും അറിയില്ലായിരുന്നു. അവസാനം മെസിയും എംബാപ്പെയും ഡി മരിയയും എത്തി. നെയ്മറാണ് പി.എസ്.ജിയെ ഇന്ന് കാണുന്ന രീതിയിലേക്ക് ഉയര്‍ത്തിയത്,’ ആന്ദ്രേപറഞ്ഞു.

അതേസമയം, പാരീസ് സെന്റ് ഷെര്‍മാങ് വിട്ട നെയ്മര്‍ ഏത് ക്ലബ്ബിലേക്ക് ചേക്കേറുമെന്നായിരുന്നു ഫുട്‌ബോള്‍ ലോകം ഒന്നാകെ ഉറ്റുനോക്കിയത്. ലോകമെമ്പാടും ആരാധകരുള്ള ബ്രസീലിയന്‍ ഇന്റര്‍നാഷണലിന്റെ ട്രാന്‍സ്ഫര്‍ ഫുട്‌ബോള്‍ സര്‍ക്കിളുകളിലെല്ലാം പ്രധാന ചര്‍ച്ചയുമായിരുന്നു.

നെയ്മര്‍ ബാഴ്‌സയിലേക്ക് മടങ്ങിപ്പോകുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ താരം സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലിനൊപ്പം കൈകോര്‍ക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയായിരുന്നു.

അല്‍ ഹിലാലുമായി നെയ്മര്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് ഒപ്പുവെക്കുക. താരം നിലവില്‍ സൗദിയില്‍ എത്തിയിട്ടുണ്ടെന്നും വൈദ്യ പരിശോധനക്ക് ശേഷം ഈ ആഴ്ച തന്നെ നെയ്മറിനെ ആരാധകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നെയ്മറിന്റെ ട്രാന്‍സ്ഫറിലൂടെ ഏകദേശം നൂറ് മില്യണിനടുത്താണ് പി.എസ്.ജിക്ക് ലഭിക്കുക. ഈ സമ്മറില്‍ കാലിദൗ കൗലിബാലി, റൂബന്‍ നീവ്‌സ് അടക്കമുള്ള താരങ്ങളെ ടീമിലെത്തിച്ച അല്‍ ഹിലാല്‍ നെയ്മറിനെയും തട്ടകത്തിലെത്തിച്ച് സ്‌ക്വാഡ് സ്‌ട്രെങ്ത് ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ്.

Content Highlights: Andre Curry praises Neymar Jr

We use cookies to give you the best possible experience. Learn more