ഇതിഹാസ താരം ആന്ദ്രെ ഇനിയെസ്റ്റ 2018 മെയ്യിലാണ് ബാഴ്‌സലോണ വിടുന്നത്. ക്യാമ്പ് നൂവില്‍ 22 വര്‍ഷം നീണ്ട ഫുട്ബോള്‍ ജീവിതത്തിനൊടുവിലായിരുന്നു താരം ക്ലബ്ബ് വിട്ടിരുന്നത്. പടിയിറങ്ങുമ്പോള്‍ ബാഴ്സാ ക്യാപ്റ്റനായിരുന്ന ഇനിയെസ്റ്റ 674 മത്സരങ്ങള്‍ ടീമിനായി കളിച്ചു.
ഒമ്പത് ലീഗ് കിരീടങ്ങളും, അഞ്ച് കോപ്പാ ഡെല്‍ റേ കപ്പുകളും നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും മൂന്ന് ക്ലബ്ബ് വേള്‍ഡ് കപ്പുകളും ബാഴ്സലോണക്കായി ഇനിയെസ്റ്റ സ്വന്തമാക്കി. തന്റെ 12ാം വയസ് മുതല്‍ ക്ലബ്ബിന്റെ യൂത്ത് അക്കാദമയിലൂടെ പന്ത് തട്ടി വളര്‍ന്ന ഇനിയെസ്റ്റ പിന്നീട് 2004-05 വര്‍ഷം മുതല്‍ ബാഴ്സലോണയിലെ സ്ഥിരസാനിധ്യമായി മാറുകയായിരുന്നു.
പിന്നീട് സാവിക്ക് ഒപ്പം ബാഴ്സിലോണയുടെ എക്കാലത്തേയും മികച്ച മധ്യനിര ജോഡിയില്‍ ഒരാളായി മാറിയ ഇനിയെസ്റ്റ കൃത്യതയുള്ള പാസുകള്‍ കൊണ്ടും, അപ്രതീക്ഷിത മുന്നേറ്റങ്ങള്‍ കൊണ്ടും ബാഴ്‌സയുടെ അഭിവാജ്യ ഘടകമായി മാറുകയായിരുന്നു.
കാലമൊരുപാട് മുന്നോട്ട് പോയി, ബാഴ്‌സക്ക് ശേഷം ജാപ്പനീസ് ലീഗിലാണ് ഇനിയസ്റ്റയിപ്പോള്‍ പന്ത് തട്ടുന്നത്. ഇനിയെസ്റ്റക്കൊപ്പം ക്യാമ്പ് നൂവില്‍ ഉണ്ടായിരുന്ന സാവി ഇപ്പോള്‍ ബാഴ്‌സയുടെ മാനേജറുമാണ്.
ഇരവരും നേരിട്ട് പരസ്പരം ഏറ്റുമുട്ടിയ സൗഹൃദ മത്സരമാണ് കഴിഞ്ഞ ദിവസം നടന്നത്. ഇനിയെസ്റ്റയുടെ വിസ്സല്‍ കോബെക്കെതിരായ മത്സരത്തില്‍ ബാഴ്‌സ രണ്ട് ഗോളുകള്‍ക്ക് വിജയിക്കുകയും ചെയ്തു. ടോക്കിയോയില്‍വെച്ചായിരുന്നു ഈ മത്സരം നടന്നിരുന്നത്.
മത്സരത്തിന് തൊട്ടുമുമ്പ് നടന്ന ഒരു രസകരമായ സംഭവത്തിന്റെ വീഡിയോയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചിരിപടര്‍ത്തുന്നത്. 18 കാരനായ ബാഴ്‌സാ താരം ഗാവി ഇനിയസ്റ്റയോട് സൗഹൃദം പങ്കിടുമ്പോഴാണ് സംഭവം.
ഗാവി ഇനിസയസ്റ്റയെ ആശ്ലേഷിക്കാന്‍ ചെല്ലുമ്പോള്‍ ‘കളി കഴിഞ്ഞ് നിന്റെ ജേഴ്‌സി എനിക്ക് തരണം, അല്ലെങ്കില്‍ എന്റെ മക്കളെന്നെ കൊല്ലും’ എന്നാണ് ഇനിയസ്റ്റ പറയുന്നത്. ഇതിനിടയില്‍ ഇനിയസ്റ്റയുടെ മക്കള്‍ക്കൊപ്പം ഗാവി പോസ് ചെയ്യുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
മത്സരത്തിനിടയില്‍ കോച്ച് സാവിയടക്കമുള്ള ബാഴ്‌സ താരങ്ങള്‍ ഇനിയസ്റ്റക്കൊപ്പം എടുത്ത ചിത്രങ്ങള്‍ ബാഴ്‌സലോണ തന്നെ തങ്ങളുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പങ്കുവെച്ചിട്ടുണ്ട്.