ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തെ പരിഹസിച്ച് ജയറാം രമേശ്. ബജറ്റില്‍ ബീഹാറിന് നേട്ടം ലഭിച്ചെന്നും എന്നാല്‍ എന്‍.ഡി.എയുടെ മറ്റൊരു തൂണായ ആന്ധ്രാപ്രദേശിനെ ക്രൂരമായി അവഗണിച്ചതെന്തുകൊണ്ടാണെന്നും ജയറാം രമേശ് ചോദിച്ചു.
2025-26 ബജറ്റ് ബീഹാറിനെയും ബീഹാറില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെയും കേന്ദ്രീകരിച്ചാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് മഖാന ബോര്‍ഡും ഐ.ഐ.ടിയും പടിഞ്ഞാറന്‍ കോസി കനാലിനായുള്ള സാമ്പത്തിക സഹായവുമുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ബീഹാറിന് നിര്‍മലാ സീതാരാമന് നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബീഹാറിന് ബജറ്റില്‍ ശ്രദ്ധ നല്‍കിയത് സ്വാഭാവികമാണെന്നും കാരണം വര്‍ഷാവസാനം തെരഞ്ഞെടുപ്പ് വരാനിരിക്കുന്നു എന്നതിലാണ് എന്‍.ഡി.എ സര്‍ക്കാരിന്റെ ശ്രദ്ധയെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം എന്തിനാണ് സഖ്യകക്ഷിയുടെ മറ്റൊരു ഭാഗമായ ആന്ധ്രാപ്രദേശിനെ അവഗണിക്കുന്നതെന്തെന്നും ടി.ഡി.പിയെ പരാമര്‍ശിച്ചുകൊണ്ട് ജയറാം രമേശ് ചോദിച്ചു.
അംഗനവാടികളിലെ പോഷന്‍ 2.0 സഹായ പരിപാടിയെ കുറിച്ചും ജയറാം രമേശ് വിമര്‍ശനമുന്നയിച്ചു. ജീവനക്കാര്‍ക്കുള്ള ഓണറേറിയത്തിലുള്ള വര്‍ധനവുള്‍പ്പെടെ പല കാര്യങ്ങളിലും ഡബ്ല്യൂ.സി.സി മന്ത്രാലയമുള്‍പ്പെടെ കാലങ്ങളായി പ്രശ്നങ്ങള്‍ ഉന്നയിച്ചിട്ടും ധനമന്ത്രി നിരസിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ അടിസ്ഥാനമായ കാര്യങ്ങള്‍ പരിഹരിക്കാതെ എന്ത് നിക്ഷേപമാണ് ധനമന്ത്രി വിഭാവനം ചെയ്യുന്നതെന്നതില്‍ വ്യക്തതയില്ലെന്നും ജയറാം രമേശ് പറഞ്ഞു.
സംസ്ഥാനത്തിന് പ്രത്യേക പദവി (എസ്.സി.എസ്) നല്‍കിയില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കണമെന്ന് നേരത്തെ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനോട് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ വൈ. എസ്. ശര്‍മിള ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്തിലൂടെയായിരുന്നു ശര്‍മിള തന്റെ ആവശ്യം ഉന്നയിച്ചത്.
പാട്ന വിമാനത്താവളത്തിന്റെ വിപുലീകരണവും നാല് പുതിയ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങളും ബിഹ്തയില്‍ ഒരു ബ്രൗണ്‍ഫീല്‍ഡ് വിമാനത്താവളവും സ്ഥാപിക്കുമെന്ന് നിര്‍മല സീതാരാമന് പ്രഖ്യാപിച്ചതോടെ ബീഹാറിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ ഉണര്‍വ് ലഭിച്ചിരിക്കുകയാണ്.
കിഴക്കന്‍ മേഖലയിലെ ഭക്ഷ്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നതിനായി ബീഹാറില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, എന്റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് മാനേജ്മെന്റ് സ്ഥാപിക്കാനും ധനമന്ത്രി നിര്‍ദേശിച്ചു.
ബീഹാറിലെ മിഥിലാഞ്ചല്‍ മേഖലയിലെ വെസ്റ്റേണ്‍ കോസി കനാല്‍ ഇ.ആര്.എം പദ്ധതിക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിലൂടെ ബീഹാറില്‍ 50,000 ഹെക്ടറിലധികം ഭൂമിയില്‍ കൃഷി ചെയ്യുന്ന നിരവധി കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും. സംസ്ഥാനത്ത് നിലവിലുള്ള ഐ.ഐ.ടിയുടെ വിപുലീകരണവും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാതെ വന്നതിനാല്‍ നിതീഷ് കുമാറിന്റെ ജെ.ഡിയുവും ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയും ചേര്‍ന്നാണ് എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിച്ചത്. സര്‍ക്കാര്‍ രൂപീകരിച്ച് ആഴ്ചകള്‍ക്ക് ശേഷം, ബീഹാറിലെ വിവിധ റോഡ് പദ്ധതികള്‍ക്കായി 2024 ലെ ബജറ്റില്‍ കേന്ദ്രം 26,000 കോടി രൂപ പ്രഖ്യാപിച്ചിരുന്നു.
Content Highlight: Andhra Pradesh was ignored; Bihar got a bonanza; Jairam Ramesh in the Union Budget