| Friday, 7th April 2023, 12:50 pm

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി ബി.ജെ.പിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അവിഭക്ത ആന്ധ്രപ്രദേശിലെ അവസാനത്തെ മുഖ്യമന്ത്രിയായിരുന്ന കിരണ്‍ കുമാര്‍ റെഡ്ഡി ബി.ജെ.പിയില്‍ ചേര്‍ന്നു. അടുത്തിടെയാണ് കിരണ്‍ കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് ഓണ്‍ലൈനായി രാജിക്കത്ത് അയച്ചു നല്‍കുകയായിരുന്നു.

ദല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്തെത്തിയാണ് റെഡ്ഡി അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി നേതാക്കളായ പ്രഹ്ലാദ് ജോഷിയും അരുണ്‍ സിങ്ങും ചേര്‍ന്നാണ് കിരണ്‍ കുമാര്‍ റെഡ്ഡിക്ക് അംഗത്വം നല്‍കിയത്.

ആന്ധ്രപ്രദേശിനെ വിഭജിക്കാനുള്ള യു.പി.എ സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് 2014ല്‍ കിരണ്‍ കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചിരുന്നു. പിന്നീട് ജയ് സമൈക്യാന്ധ്ര എന്ന പേരില്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചു.

എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേട്ടങ്ങളൊന്നുമുണ്ടാക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് 2018ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയെങ്കിലും ഉയര്‍ന്ന പദവികളൊന്നും കോണ്‍ഗ്രസിനുള്ളില്‍ റെഡ്ഡിക്ക് ലഭിച്ചിരുന്നില്ല. അതിനാല്‍ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ റെഡ്ഡി സജീവമായിരുന്നില്ല.

ആന്ധ്രപ്രദേശ് വിഭജിക്കാനുള്ള തീരുമാനം സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കടുത്ത തിരിച്ചടി ഉണ്ടാക്കിയിരുന്നു. കര്‍ണാടകയെപ്പോലെ തന്നെ ബി.ജെ.പി പ്രതീക്ഷ വെച്ച് പുലര്‍ത്തുന്ന സംസ്ഥാനമാണ് ആന്ധ്രപ്രദേശ്.

ദക്ഷിണേന്ത്യയില്‍ തങ്ങളുടെ സാന്നിധ്യം വിപുലപ്പെടുത്താനുള്ള ബി.ജെ.പിയുടെ നീക്കമായിട്ടാണ് കിരണ്‍ കുമാറിന്റെ പാര്‍ട്ടി പ്രവേശനത്തെ വിലയിരുത്തപ്പെടുന്നത്.

വിവിധ രാഷ്ട്രീയ നേതാക്കളെ തങ്ങളുടെ പാളയത്തിലേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ ജനപ്രിയനായ നേതാവ് ലോകത്തൊരിടത്തുമില്ലെന്നും ബി.ജെ.പി നേതാക്കള്‍ രാജ്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് പാര്‍ട്ടി പ്രവേശനത്തിന് ശേഷം അനില്‍ ആന്റണി പറഞ്ഞത്.

Content Highlights: Andhra pradesh former CM kiran kumar reddy joins BJP

We use cookies to give you the best possible experience. Learn more