| Friday, 20th December 2024, 4:05 pm

ആന്ധ്രാ പ്രദേശ്; വീട് പണിക്കുള്ള സാധനങ്ങൾക്ക് പകരം യുവതിക്ക് കിട്ടിയ പാഴ്‌സലിൽ മൃതദേഹം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിൽ യുവതിക്ക് പാർസലായി കിട്ടിയത് അജ്ഞാതൻ്റെ മൃതദേഹം. പശ്ചിമ ഗോദാവരി ജില്ലയിലെ ഉണ്ടി മണ്ഡലത്തിലെ യെൻഡഗണ്ടി ഗ്രാമത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. നാഗ തുളസി എന്ന സ്ത്രീക്കാണ് വീട് നിർമാണ വസ്തുക്കൾക്ക് പകരം മൃതദേഹം പാർസലായി ലഭിച്ചത്.

യുവതി വീട് നിർമിക്കാൻ ധനസഹായം ആവശ്യപ്പെട്ട് ക്ഷത്രിയ സേവാ സമിതിയിൽ അപേക്ഷ നൽകിയിരുന്നു. അപേക്ഷ സ്വീകരിച്ച സമിതി യുവതിക്ക് ടൈൽസ് അയച്ചിരുന്നു. കൂടുതൽ സഹായത്തിനായി യുവതി വീണ്ടും ക്ഷത്രിയ സേവാ സമിതിക്ക് അപേക്ഷ നൽകി.

വൈദ്യുതി ഉപകരണങ്ങൾ നൽകാമെന്ന് സമിതി ഉറപ്പുനൽകിയിരുന്നു. ലൈറ്റുകൾ, ഫാനുകൾ, സ്വിച്ചുകൾ തുടങ്ങിയ സാധനങ്ങൾ നൽകുമെന്ന് അപേക്ഷകയ്ക്ക് വാട്ട്സ് ആപ്പിൽ സന്ദേശം ലഭിച്ചിരുന്നു.

തുടർന്ന് വ്യാഴാഴ്ച രാത്രി യുവതിയുടെ വീട്ടുവാതിൽക്കൽ ഒരാൾ പെട്ടി എത്തിച്ച് അതിൽ വൈദ്യുതോപകരണങ്ങൾ ഉണ്ടെന്ന് അറിയിച്ച ശേഷം പോയി. തുളസി പിന്നീട് പാഴ്‌സൽ തുറന്ന് നോക്കിയപ്പോഴാണ് ഒരാളുടെ മൃതദേഹം കണ്ടത്.

മൃതദേഹം കണ്ട് പരിഭ്രാന്തരായ തുളസിയും കുടുംബാംഗങ്ങളും ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് എത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ജില്ലാ പൊലീസ് സൂപ്രണ്ട് അദ്‌നാൻ നയീം അസ്മിയും ഗ്രാമം സന്ദർശിച്ച് കേസ് അന്വേഷിച്ചു.

മൃതദേഹത്തോടൊപ്പം 1.30 കോടി രൂപ ആവശ്യപ്പെടുന്ന കത്തും, പണം നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള കത്തും കണ്ടെത്തിയിട്ടുണ്ട്. പാഴ്‌സൽ എത്തിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. ക്ഷത്രിയ സേവാ സമിതി പ്രതിനിധികളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.

ഏകദേശം 45 വയസ്സ് പ്രായമുള്ള പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്. നാലോ അഞ്ചോ ദിവസം മുമ്പ് മരിച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്. അന്വേഷണത്തിൻ്റെ ഭാഗമായി, ചുറ്റുമുള്ള പൊലീസ് സ്‌റ്റേഷൻ പരിധിയിൽ കാണാതായ വ്യക്തികൾക്കായുള്ള പരാതികൾ പരിശോധിച്ച് വരികയാണ്.

Content Highlight: Andhra Pradesh: Body delivered in parcel to woman

Latest Stories

We use cookies to give you the best possible experience. Learn more