ഹൈദരാബാദ്:ആന്ധ്രപ്രദേശില്‍ ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് എതിരെ തെലുങ്ക് ദേശം പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം. ആന്ധ്രയിലെ വെങ്കടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ അമിത് ഷായുടെ വാഹന വ്യൂഹം പ്രവര്‍ത്തകര്‍ തടയുകയും ഒരു വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു.
ആന്ധ്രപ്രദേശിന് പ്രത്യേകസംസ്ഥാനപദവി നല്‍കുക, അമിത് ഷാ തിരിച്ച് പോകുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു ടി.ഡി.പി പ്രവര്‍ത്തകരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം കര്‍ണ്ണാടക തെരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ച ശേഷം ഇന്ന് ആന്ധ്രയിലെ പ്രസിദ്ധമായ തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനത്തതിന് എത്തിയതായിരുന്നു അമിത് ഷാ.
സംഭവത്തെ തുടര്‍ന്ന് തിരുമലയില്‍ ബി.ജെ.പി – ടി.ഡി.പി പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് അമിത് ഷായും സംഘവും പുറത്തേക്കിറങ്ങിയ ഉടനെ ബി.ജെ.പിക്കെതിരെ മുദ്രാവാക്യവുമായി ടി.ഡി.പി പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. പിന്നീട് തിരുപതിയിലേക്ക് പുറപ്പെട്ട് അമിത് ഷായെ വഴിയില്‍ വെച്ച് പ്രവര്‍ത്തകര്‍ തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു.
തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധക്കാര്‍ക്കെതിരെ തിരിയുകയും വന്‍ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ തിരിയുകയുമായിരുന്നു. ഇതിനിടെ കല്ലേറില്‍ വാഹനവ്യുഹത്തിലെ ഒരു വാഹനത്തിന്റെ ചില്ല് തകര്‍ന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ ആന്ധ്രക്ക് പ്രത്യേക പദവി അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് എന്‍.ഡി.എ സഖ്യ കക്ഷിയായിരുന്ന ടി.ഡി.പി സഖ്യം ഉപേക്ഷിക്കുകയായിരുന്നു.