ഹൈദരാബാദ്: കൊവിഡിനുള്ള അത്ഭുദ മരുന്നെന്ന പേരില്‍ വില്‍പന നടത്തി വന്ന ആയുര്‍വേദ മരുന്ന് ഐ.സി.എം.ആറില്‍ പരിശോധനയ്ക്കയക്കാന്‍ ആന്ധ്രപ്രദേശ് സര്‍ക്കാര്‍. നെല്ലൂര്‍ ജില്ലയിലെ കൃഷ്ണപ്പട്ടണത്ത് വെള്ളിയാഴ്ചയാണ് കൊവിഡിനുള്ള മരുന്നെന്ന പേരില്‍ വില്‍പ്പന നടത്തിയത്.
മരുന്ന് വാങ്ങാനായി നൂറുകണക്കിന് ആളുകളാണ് തടിച്ചു കൂടിയത്. ഇതിന് പിന്നാലെയാണ് മരുന്ന് ഐ.സി.എം.ആറിലേക്ക് അയക്കാന്‍ തീരുമാനമായത്.
മരുന്നിനെക്കുറിച്ച് പഠിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നെല്ലൂരിലേക്ക് അയക്കാനും തീരുമാനമായി.
കൊവിഡ് പ്രോട്ടോകോളുകള്‍ പോലും ലംഘിച്ചാണ് നൂറുകണക്കിന് ആളുകള്‍ മരുന്ന് വാങ്ങിക്കാന്‍ ഒരുമിച്ചു കൂടിയത്. കൃഷ്ണപട്ടണം മരുന്ന് എന്ന പേരിലാണ് മരുന്ന് വില്‍പ്പന നടത്തുന്നത്.
കൃഷ്ണപ്പട്ടണത്തെ ആയുര്‍വേദ ചികിത്സകനായ ബി. ആനന്ദയ്യയാണ് ഏപ്രില്‍ 21 മുതല്‍ മരുന്ന് വില്‍പന നടത്തി തുടങ്ങിയത്.
മരുന്നിനെക്കുറിച്ച് പഠനം നടത്താന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജുവിനോടും ഐ.സി.എം.ആര്‍ ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവയോടും ആവശ്യപ്പെട്ടിട്ടുണ്ട്.