ഹൈദരാബാദ്: വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായ ആന്ധ്രപ്രദേശിലെ 30 ശതമാനം പോളിംഗ് ബൂത്തുകളിലും റീപോളിംഗ് വേണമെന്ന് ടി.ഡി.പി അധ്യക്ഷനും മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. ഇക്കാര്യം ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
30 ശതമാനത്തോളം വോട്ടിങ് മെഷീനുകളും ശരിയായ രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്നാണ് പരാതി. നിരവധി പേര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചില്ല. 9.30 ആയിട്ടും പോളിങ് തുടങ്ങാത്തതിനാല്‍ ഇവര്‍ മടങ്ങിപ്പോയി. സാങ്കേതിക പ്രശ്‌നങ്ങള്‍ തീര്‍ത്ത് വോട്ടിങ് തുടങ്ങിയിട്ടും മടങ്ങിപ്പോയ പലരും വോട്ടു ചെയ്യാന്‍ എത്തിയില്ല. അതിനാല്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാണ് ടി.ഡി.പിയുടെ ആവശ്യം.
ആന്ധ്രയിലെ നിരവധി ബൂത്തുകളിലായി നൂറോളം വോട്ടിംഗ് യന്ത്രങ്ങളാണ് രാവിലെ തകരാറിലായത്. വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതില്‍ ക്ഷുഭിതനായി ജനസേന സ്ഥാനാര്‍ഥി മധുസുദനന്‍ ഗുപ്ത അനന്ത്പൂര്‍ ജില്ലയിലെ പോളിംഗ് ബൂത്തില്‍ കയറി വോട്ടിംഗ് യന്ത്രം തകര്‍ത്തിരുന്നു.
അതേസമയം ജമ്മു കശ്മീരിലെ പൂഞ്ചിലുള്ള പോളിങ് സ്‌റ്റേഷനുകളില്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യാനുള്ള ബട്ടണ്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ലയാണ് പരാതി ഉന്നയിച്ചത്. നാട്ടുകാര്‍ പരാതി പറയുന്ന വിഡിയോ സഹിതം അദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു.
പൂഞ്ചിലെ പോളിങ് ബൂത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെയുള്ള ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ബട്ടണ്‍ അമരുന്നില്ലെന്നും വോട്ട് വീഴുന്നില്ലെന്നുമാണ് ഉമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തത്.
പോളിങ് ബൂത്തില്‍ നിന്ന് വോട്ട് ചെയ്ത് പുറത്തിറങ്ങിയവരാണ് ആദ്യം ഇതുസംബന്ധിച്ച് സംശയമുയര്‍ത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നേരെയുള്ള ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ബട്ടണ്‍ അമരുന്നില്ലെന്നും വോട്ട് രേഖപ്പെടുത്തിയതായി തങ്ങള്‍ക്ക് തോന്നുന്നില്ലെന്നും വോട്ട് ചെയ്ത് പുറത്തിറങ്ങിയവര്‍ പറഞ്ഞിരുന്നു.
വോട്ട് ചെയ്ത് പുറത്തിറങ്ങിയ നിരവധി പേര്‍ ഇതേ പരാതിയുമായി രംഗത്തെത്തിയിരുന്നു.
വോട്ടിംങ് തുടങ്ങി ആദ്യമണിക്കൂറില്‍ തന്നെ 99 പോളിങ് ബൂത്തുകളില്‍ സാങ്കേതിക തകരാര്‍ മൂലം ഇ.വി.എം പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതിഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിവിധയിടങ്ങളില്‍ വോട്ടെടുപ്പ് മുടങ്ങിയിരുന്നു.