വൈ.എസ്.ആർ.ടി.പിയെ കോൺഗ്രസ്സിൽ ലയിപ്പിച്ച് വൈ.എസ്. ശർമിള
national news
വൈ.എസ്.ആർ.ടി.പിയെ കോൺഗ്രസ്സിൽ ലയിപ്പിച്ച് വൈ.എസ്. ശർമിള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th January 2024, 3:35 pm

ന്യൂദൽഹി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയും വൈ.എസ്.ആർ തെലങ്കാന പാർട്ടി (വൈ.എസ്.ആർ.ടി.പി) നേതാവുമായ വൈ.എസ്. ശർമിള കോൺഗ്രസിൽ ചേർന്നു.

കോൺഗ്രസ് പ്രസിഡൻറ് മല്ലികാർജുൻ ഖാർഗെയുടെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിൽ ആയിരുന്നു ശർമിള കോൺഗ്രസിൽ ചേർന്നത്. വൈ.എസ്ആ.ർ തെലങ്കാന പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചു കൊണ്ടായിരുന്നു ശർമിളയുടെ നീക്കം.

കോൺഗ്രസ് പാർട്ടി ആണ് നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പാർട്ടി. ഇന്ത്യയുടെ യഥാർത്ഥ സംസ്കാരം ഉയർത്തിപ്പിടിച്ചതും ഇന്ത്യ മഹാരാജ്യത്തിന് അടിത്തറ ഇട്ടതും കോൺഗ്രസ് ആണെന്ന് വൈ.എസ് ശർമിള മാധ്യമങ്ങളോട് പറഞ്ഞു.

 

ആന്ധ്ര പ്രദേശിൽ കോൺഗ്രസിന് നഷ്ട്ടപെട്ടുപോയ പ്രതാപം തിരിച്ച് പിടിക്കാൻ ഈ നീക്കം വഴി സാധിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം വിശ്വസിക്കുന്നത്.

തന്റെ സഹോദരി കോൺഗ്രസ്സിൽ എത്തുന്നത് സംസ്ഥാനത്തുടനീളമുള്ള തന്റെ സ്വാധീനത്തെയും പ്രതിച്ഛായയെയും ബാധിക്കുമെന്ന് മനസ്സിലാക്കിയ വൈ.എസ്. ജഗൻമോഹൻ റെഡ്ഡി ശർമിളയുമായി ചർച്ച നടത്താൻ മാതൃസഹോദരൻ ശുബ്ബ റെഡ്ഡിയെ അയച്ചിരുന്നെങ്കിലും ശ്രമം പരാജയപെട്ടിരുന്നു.

കഴിഞ്ഞ നവംബറിൽ നടന്ന തെലങ്കാന തെരഞ്ഞെടുപ്പിന് മുന്നോടിയായി വൈ.എസ്.ആർ തെലങ്കാന പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കുമെന്നാണ് പറഞ്ഞിരുന്നത് എന്നാൽ ആ നീക്കം നീണ്ടു പോവുകയായിരുന്നു.

തെലങ്കാന ഇലക്ഷനിൽ കോൺഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ച ശർമിളയും വൈ.എസ്.ആർ.ടി.പിയും വോട്ടുകൾ വികേന്ദ്രീകരിച്ചു പോകാതിരിക്കാൻ വേണ്ടി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നിരുന്നു.

തെലങ്കാന തെരഞ്ഞെടുപ്പിന് മുമ്പായി കോൺഗ്രസിൽ ചേരുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കോൺഗ്രസിന് മുഴുവൻ പിന്തുണയും നൽകുന്നതിൽ തനിക്ക് സന്തോഷമാണുള്ളതെന്നും, ഈ ഇലക്ഷനിൽ കോൺഗ്രസ് മികച്ച വിജയം നേടുമെന്നും പറഞ്ഞ വൈ.എസ് ശർമിള തെലങ്കാന മുൻ മുഖ്യമന്ത്രി കെ.സി.ആർ കഴിഞ്ഞ 9 വർഷമായി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ല എന്നും കുറ്റപ്പെടുത്തിയിരുന്നു.

അതിനിടയിൽ ശർമിളക്കും വൈ.എസ്.ആർ.ടി.പിക്കും തെലങ്കാനയിൽ സ്ഥാനം ഉണ്ടാകില്ലെന്നും അവർക്ക് സ്വന്തം സംസ്ഥാനമായ ആന്ധ്ര പ്രദേശിൽ നേട്ടം ഉണ്ടാകാനാകുമെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തെരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞിരുന്നു.

കോൺഗ്രസ് നേതാവും ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളുമായ വൈ.എസ് ശർമിള, സഹോദരൻ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 2021ലാണ് വൈ.എസ്.ആർ തെലുങ്കാന പാർട്ടി രൂപീകരിക്കുന്നത്.

Content Highlights: Andhra CM Jagan’s sister Y S Sharmila joins Congress ahead of Lok Sabha polls