Advertisement
national news
ഇതരമത വിശ്വാസം പിന്തുടരുന്ന 1000 ജീവനക്കാരെ തിരുപ്പതി ക്ഷേത്ര ബോർഡ് പിരിച്ചുവിടണം: ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 07, 06:59 am
Friday, 7th February 2025, 12:29 pm

തിരുപ്പതി: ഹിന്ദു ആചാര നിയമങ്ങൾ ലംഘിച്ചെന്ന് സംശയിക്കപ്പെടുന്ന 1000 ജീവനക്കാരെ തിരുപ്പതി ക്ഷേത്ര ബോർഡ് പിരിച്ച് വിടണമെന്ന ആവശ്യവുമായി ആന്ധ്രാ പ്രദേശ് ബി.ജെ.പി. ആന്ധ്രാ പ്രദേശ് ബി.ജെ.പി വക്താവും ടി.ടി.ഡി അംഗവുമായ ഭാനു പ്രകാശ് റെഡ്ഡിയാണ് ആവശ്യവുമായി എത്തിയിരിക്കുന്നത്.

ബോർഡിന്റെ പ്രതിനിധികൾ ഉടൻ തന്നെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ കാണുമെന്നും അഹിന്ദുക്കളുടെ സേവനം ആവശ്യമില്ലെന്ന് അറിയിക്കുമെന്നും റെഡ്ഡി പറഞ്ഞു.

‘ടി.ടി.ഡിയിൽ 6,500ലധികം സ്ഥിര ജീവനക്കാരും 17,000ത്തിലധികം കരാർ ജീവനക്കാരുമുണ്ട്. ഇതോടെ ആകെ ജീവനക്കാരുടെ എണ്ണം ഏകദേശം 24,000 ആയി. ആയിരത്തിലധികം ജീവനക്കാർ അഹിന്ദു മതം പിന്തുടരുന്നതായി എനിക്ക് വിവരം ലഭിച്ചു. അതിനാലാണ് ഞങ്ങൾ ഈ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുന്നത്. ഫെബ്രുവരി 14ന്, ഹിന്ദു ഇതര ജീവനക്കാർ ടി.ടി.ഡിയുടെ ഭാഗമാകരുതെന്ന് അഭ്യർത്ഥിക്കാൻ ഞങ്ങൾ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഗാരുവിനെ കാണും,’ റെഡ്ഡി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഹിന്ദു ആചാര നിയമങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് 18 അഹിന്ദു ജീവനക്കാർക്കെതിരെ തിരുപ്പതി ക്ഷേത്ര ബോർഡ് നടപടിയെടുത്തത്.

നടപടിയെടുത്ത 18 പേരിൽ രണ്ടുപേർ ‘യഥാർത്ഥ’ ഹിന്ദുക്കളാണെന്നും അതിനാൽ അവരുടെ യോഗ്യതാപത്രങ്ങൾ വീണ്ടും പരിശോധിക്കാൻ ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും റെഡ്ഡി കൂട്ടിച്ചേർത്തു.

ഹിന്ദുക്കളല്ലാത്ത ജീവനക്കാർ ടി.ടി.ഡിയിൽ നിന്ന് ശമ്പളം വാങ്ങുന്നുണ്ടെങ്കിലും ശ്രീ വെങ്കിടേശ്വര സ്വാമിയുടെ പ്രസാദം സ്വീകരിക്കുന്നില്ലെന്ന് റെഡ്ഡി അവകാശപ്പെട്ടു. ക്ഷേത്രാചാരങ്ങൾ അനുഷ്ഠിക്കുന്ന ഹിന്ദുക്കൾക്ക് മാത്രമേ ക്ഷേത്ര ബോഡി നടത്തുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ ടി.ടി.ഡി നിയമം അനുവദിക്കുന്നുള്ളുവെന്നും എല്ലാ ജീവനക്കാരും ഹിന്ദുക്കളായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘ ഹിന്ദു ആചാര നിയമങ്ങൾ ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാരോപിച്ച് അച്ചടക്ക നടപടിയുടെ ഭാഗമായി, ക്ഷേത്രസമിതിയുടെ എല്ലാ മതപരവും ആത്മീയവുമായ പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നതിൽ നിന്ന് 18 ജീവനക്കാരെ വിലക്കിക്കൊണ്ടുള്ള ഒരു ഔദ്യോഗിക മെമ്മോ ടി.ടി.ഡി അടുത്തിടെ പുറപ്പെടുവിച്ചു,’ റെഡ്ഡി പറഞ്ഞു.

കഴിഞ്ഞ ദിവസം ഹിന്ദു ആചാര നിയമങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് തിരുപ്പതി ക്ഷേത്ര ബോർഡ് നടപടിയെടുത്ത 18 അഹിന്ദു ജീവനക്കാരെ ടി.ടി.ഡി ബോർഡിന്റെ പ്രമേയം അനുസരിച്ച്, ടി.ടി.ഡി ക്ഷേത്രങ്ങളിലെയും അനുബന്ധ വകുപ്പുകളിലെയും ജോലികളിൽ നിന്ന് നീക്കം ചെയ്യും. കൂടാതെ ഹിന്ദു മതപരമായ പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്നും അവരെ വിലക്കുകയും ചെയ്യും.

 

 

Content Highlight: Andhra BJP demands 1,000 suspected non-Hindu staff be removed from TTD board jobs