| Tuesday, 3rd March 2020, 12:18 pm

ഉവൈസി പൗരത്വ ഭേദഗതി നിയമത്തിന്റെ 'നിഷ്‌ക്കളങ്കത'യെ ഇല്ലാതാക്കുന്നു, രാജ്യത്ത് ഒരിടത്തും സംസാരിക്കാന്‍ അനുമതി നല്‍കരുതെന്ന് ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസിക്ക് രാജ്യത്ത് ഒരിടത്തും യോഗങ്ങള്‍ ചേരാന്‍ അനുമതി നല്‍കരുതെന്ന ആവശ്യവുമായി ആന്ധ്രാപ്രദേശ് ബി.ജെ.പി അധ്യക്ഷന്‍ കണ്ണ ലക്ഷ്മി നാരായണ. പൗരത്വ ഭേദഗതി നിയമത്തില്‍ ഉവൈസി ആളുകളെ പ്രകോപിപ്പിക്കുന്നു എന്നാരോപിച്ചാണ് ആവശ്യം.

ഒരുവിഭാഗത്തില്‍പ്പെട്ട ആളുകളില്‍ പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിച്ച് ഉവൈസി തെറ്റിദ്ധാരണ പരത്തുന്നെന്നും മറ്റ് സമുദായത്തില്‍പ്പെട്ടവര്‍ക്കെതിരെ തിരിയാന്‍ പ്രകോപിപ്പിക്കുന്നെന്നും കണ്ണ ലക്ഷമി നാരായണ ആരോപിച്ചു.

ഹൈദരബാദ് എം.പിയും മറ്റുള്ളവരും സി.എ.എയുടെയും എന്‍.ആര്‍.സിയുടെയും മതവികാരത്തിന് പ്രഹരമേല്‍പ്പിക്കുകയാണെന്നും സി.എ.എയുടെയും എന്‍.ആര്‍.സിയുടെയും ശുദ്ധതയെ കള്ളം പറഞ്ഞ് നശിപ്പിക്കുകയാണെന്നും അതുകൊണ്ട് ഉവൈസിക്ക് യോഗങ്ങളിലും റാലികളിലും സംസാരിക്കാന്‍ അനുമതി നല്‍കരുതെന്നും ലക്ഷ്മി നാരായണ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉവൈസി ഗുഢൂരില്‍ പൊതുയോഗത്തില്‍ സംസാരിച്ചതിന് പിന്നാലെയാണ് ലക്ഷ്മി നാരായണയുടെ ആവശ്യം ഉയര്‍ന്നുവന്നത്.

രാജ്യത്ത് എന്‍.ആര്‍.സി നടപ്പാക്കിയാല്‍ എട്ട്കോടി ജനങ്ങള്‍ പട്ടികയ്ക്ക് പുറത്താകുമെന്നും കേരളം എന്‍.പി.ആര്‍ നിര്‍ത്തിവെച്ചതു പോലെ ആന്ധ്രപ്രദേശിലും നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് ഉവൈസി കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. മുസ്ലിങ്ങള്‍ക്കും ദളിതര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മാത്രമല്ല രാജ്യത്തെ എല്ലാ ദരിദ്രര്‍ക്കുമെതിരാണ് സി.എ.എയും എന്‍.ആര്‍.സി എന്നും അദ്ദേഹം പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more