മുഖ്യമന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു; ആന്ധ്രാപ്രദേശ് എം. പിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു
national news
മുഖ്യമന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു; ആന്ധ്രാപ്രദേശ് എം. പിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th May 2021, 8:43 am

ഹൈദരാബാദ്: നര്‍സപുരം എം. പി കനുമുരി രഘുരാമ കൃഷ്ണം രാജുവിനെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്ത് ആന്ധ്രാപ്രദേശ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് (സി.ഐ.ഡി). അനധികൃത സ്വത്ത് സമ്പാദന കേസില്‍ ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയ്ക്ക് ജാമ്യം നല്‍കിയതിനെ ചോദ്യം ചെയ്ത് സി.ബി.ഐയെ സമീപിച്ചതിന് പിന്നാലെയാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവായ രഘുരാമയെ അറസ്റ്റ് ചെയ്തത്.

സംസ്ഥാന സര്‍ക്കാരിന്റെ അന്തസ്സിന് കളങ്കം വരുത്തിയെന്ന് ആരോപിച്ചാണ് രാജുവിനെ ഹൈദരാബാദിലുള്ള വസതിയില്‍ വെച്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

രഘുരാമക്കെതിരെ 124 എ (രാജ്യദ്രോഹം), 153 എ (വ്യത്യസ്ത ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക), 505 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ആന്ധ്രാപ്രദേശ് സര്‍ക്കാരിനെതിരായ വിരോധം പടര്‍ത്തിയെന്നും ചില സമുദായങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയെന്നുമുള്ള പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് രഘുരാമയെ അറസ്റ്റ് ചെയ്തതെന്നാണ് സംസ്ഥാന പൊലീസ് നല്‍കിയ വിശദീകരണം.

ഏപ്രില്‍ 27നാണ് ജഗന്‍മോഹന്‍ റെഡ്ഡിക്ക് നല്‍കിയ ജാമ്യം റദ്ദാക്കാന്‍ സി.ബി.ഐ പ്രത്യേക കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രി ജാമ്യ ഭേദഗതികള്‍ ലംഘിച്ചതാണ് കാരണമെന്ന് രഘുറാം ആരോപിക്കുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വൈ.എസ്.ആര്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോയ രഘുറാം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്താണ് പാര്‍ട്ടിയില്‍ തിരികെയെത്തുന്നത്. വൈ.എസ്.ആര്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്ത് പോയതിന് ശേഷം ബി.ജെ.പിയിലും തെലുഗുദേശം പാര്‍ട്ടിയിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Andhra Arrests MP For Sedition After He Says ‘Cancel Chief Minister’s Bail’