കൊച്ചി: ശ്രീറാം സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം അന്ധാദൂന്‍ മലയാളത്തിലേക്ക് റിമേക്കിനൊരുങ്ങുന്നു. പ്രശസ്ത ഛായാഗ്രാഹകന്‍ രവി കെ.ചന്ദ്രനാണ് ചിത്രത്തിന്റെ മലയാളം റിമേക്ക് ഒരുക്കുന്നത്.
ആയുഷ്മാന്‍ ഖുരാന, തബു, രാധിക ആപ്തേ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു അന്ധാദൂന്‍. ബോക്സോഫീസില്‍ 460 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്.
മലയാളത്തിലൊരുങ്ങുന്ന അന്ധാദൂനില് പ്രധാനവേഷം അവതരിപ്പിക്കുന്നത് പൃഥ്വിരാജ്, മംമ്ത മോഹന്‍ദാസ്, അഹാന കൃഷ്ണ എന്നിവരാണ്. മലയാളികളുടെ എക്കാലത്തെയും പ്രിയനടന് ശങ്കറും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.
ഒരിടവേളയ്ക്ക് ശേഷം ശങ്കര്‍ വീണ്ടും അഭിനയരംഗത്തേക്കെത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പേര് ഇനിയും തീരുമാനിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇപ്പോള്‍ തിരുവനന്തപുരത്ത് താനുബാലക് സംവിധാനം ചെയ്യുന്ന കോള്‍ഡ് കേസില്‍ അഭിനയിച്ച് വരികയാണ് പൃഥ്വി. ഡിസംബര്‍ രണ്ടോടെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകും. അതിന് ശേഷം ഡിസംബര്‍ ഏഴുമുതല്‍ ഈരാറ്റുപേട്ടയില്‍ തുടങ്ങുന്ന കുരുതി എന്ന ചിത്രത്തില്‍ അദ്ദേഹം അഭിനയിച്ചുതുടങ്ങും. മുരളി ഗോപിയും റോഷന് മാത്യൂവും ആണ് കുരുതിയിലെ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
അതിനുശേഷം ജനുവരി ഇരുപത്തിനാലോടെ രവി കെ.ചന്ദ്രന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
ഷാജി കൈലാസ് സംവിധാനം ചെയ്ത കിലുക്കാംപെട്ടിയിലൂടെ ഛായാഗ്രാഹക രംഗത്തേക്ക് എത്തിയയാളാണ് രവി കെ. ചന്ദ്രന്. തലസ്ഥാനം, സ്ഥലത്തെ പ്രധാന പയ്യന്‍സ്, ഏകലവ്യന്,ദി കിംഗ്, വിരാസത്ത്, മിന്‍സാരക്കനവ്, കണ്ണെഴുതി പൊട്ടും തൊട്ട്, ദില്‍ ചാഹ്താ ഹേ, കന്നത്തില്‍ മുത്തമിട്ടാല്‍, കോയി മില്‍ ഗയാ, ബ്ലാക്, ഗജിനി, തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.
അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിന്റെ സഹോദരന് കൂടിയാണ് ഇദ്ദേഹം. 2014ല്‍ പുറത്തിറങ്ങിയ യാന്‍ എന്ന തമിഴ് സിനിമയാണ് ഇദ്ദേഹം മുമ്പ് സംവിധാനം ചെയ്ത ചിത്രം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക