| Friday, 10th August 2018, 3:19 pm

കവിത പിന്‍വലിച്ചു; അമേരിക്കയിലും 'മീശ' മോഡല്‍

എന്‍.എ ബക്കര്‍

കവിയും പ്രസാധകരും കൈവിട്ട കവിതയെ ചൊല്ലി അമേരിക്കയിലും ഒരു മീശ മോഡല്‍ വിവാദത്തിന് തീപിടിക്കുന്നു. ദ നേഷന്‍ മാഗസിന്‍ പ്രസിധീകരിച്ച ആന്‍ഡേഴ്സ് കാള്‍സണ്‍ വീ യുടെ ഹൗ ടു എന്ന കവിത പിന്‍വലിച്ചതിനു പിന്നാലെയാണ് വിവാദം.

ജൂലായ് ലക്കത്തില്‍ പ്രസിധീകരിച്ച കവിത കറുത്തവരുടെ പ്രാദേശിക സംസാര ഭാഷാ ശൈലി അനുകരിച്ചാണ്. വെള്ളക്കരാനായ യുവ കവിക്ക് എതിരെ ഇതിനു തുടര്‍ച്ചയായി സൈബര്‍ ക്രിട്ടിക്കുകള്‍ അണിനിരന്നു. കഴിഞ്ഞ ദിവസം കവിതാ വിഭാഗം പത്രാധിപ സമിതി ക്ഷമാപണം നടത്തി. തൊട്ടു പിന്നാലെ കവിയും ക്ഷമചോദിച്ചു കൊണ്ട് രംഗത്ത് വന്നു.

ഇപ്പോള്‍ കവിയുടെയും പത്രാധിപ സമിതിയുടെയും നിലപാടുകള്‍ പരക്കെ ചോദ്യ ചെയ്യപെടുന്നു. സാഹിത്യ വിമര്‍ശകരും മുതിര്‍ന്ന എഡിറ്റോറിയല്‍ വിദഗ്ദ്ധരും മാസികയുടെയും കവിയുടെയും മാപ്പു പറച്ചിലിന് എതിരെയും രംഗത്തുണ്ട്.
വംശീയവും വര്‍ണ്ണ പരവുമായ വിവേചനം കണ്ടെത്തിയാണ് ഇതിനെതിരെ സൈബര്‍ ആക്രമണം.

ദ നാഷണ്‍ 1865 ല്‍ അടിമത്വത്തിന് എതിരായ അബോളിഷനിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി തുടങ്ങിയ പത്രമാണ്. വിപ്ളവകരമായ ആശയങ്ങള്‍ക്കും ചൂടന്‍ ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കി ശതാബ്ദത്തില്‍ അധികമായി രംഗത്തുണ്ട്.

ഭവനരഹിതരായവര്‍ക്ക് ശബ്ദം നല്‍കുന്നു എന്ന നിലയ്ക്കാണ് ഈ കവിത തിരഞ്ഞെടുത്തത് എന്നാണ് പോയട്രി എഡിറ്റേഴ്സ് ആയ സ്റ്റെഫാനി ബര്‍ട്, കാര്‍മന്‍ ഗിമെനിസ് സ്മിത്ത് എന്നിവര്‍ ക്ഷമാഭ്യര്‍ത്ഥനയില്‍ വ്യക്തമാക്കിയത്. ഇത് പല വിഭാഗം ജനങ്ങളെയും വേദനിപ്പിച്ചു. അതിനാല്‍ എഡിറ്റേഴ്സ് എന്ന നിലയ്ക്ക് സ്വയം നവീകരിക്കാനും പാര്‍ശ്വവല്‍കൃതരുടെ കാഴ്ചയിലൂടെ വിലയിരുത്താനും ഇത് അനുഭവമാക്കുന്നതായും അവര്‍ പറഞ്ഞു വെച്ചു.

എന്നാല്‍ കവിത പിന്‍വലിക്കല്‍ ഔപചാരികമാണ്. ക്ഷമാപണത്തോടൊപ്പം കവിത പൂര്‍ണ്ണമായും നല്‍കിയിട്ടുണ്ട്.

കവിത….ഹൗ ടു …….
If you got hiv, say aids. If you a girl,
say you”re pregnant–nobody gonna lower
themselves to listen for the kick. People
passing fast. Splay your legs, cock a knee
funny. It”s the littlest shames they”re likely
to comprehend. Don”t say homeless, they know
you is. What they don”t know is what opens
a wallet, what stops em from counting
what they drop. If you”re young say younger.
Old say older. If you”re crippled don”t
flaunt it. Let em think they”re good enough
Christians to notice. Don”t say you pray,
say you sin. It”s about who they believe
they is. You hardly even there.

യുവ കവികളില്‍ ശ്രദ്ധേയനാണ് ആന്‍ഡേഴ്സ് കാള്‍സണ്‍ വീ. കവിയരങ് മാതൃകയില്‍ വേദികളിലും പ്രിയപെട്ട എഴുത്തുകാരനാണ്. കൂടില്ലാത്തവരുടെ വിചാരങ്ങളാണ് ഞാനെഴുതിയത്. പക്ഷെ അതു പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നാണ് പ്രതികരണങ്ങളില്‍ നിന്നും അറിയുന്നത്. ഇപ്പോള്‍ കറുത്ത മുഖങ്ങള്‍ നേര്‍ക്കു വരുമ്പോള്‍ ഞാന്‍ ചകിതനാകുന്നു. കവിത കാരണം ഉണ്ടായ വേദനകളില്‍ എനിക്ക് മനസ്താപം തോന്നുന്നു. എന്നതിനൊപ്പം ഈ കവിതയില്‍ നിന്നുള്ള പ്രതിഫലം ഭവനരഹിതര്‍ക്കായി സഹായം ചെയ്യുന്ന സമിതികള്‍ക്ക് നല്‍കുമെന്നും കവി ക്ഷമാപണത്തില്‍ കുറിച്ചു.

എന്നാല്‍ ഈ മാപ്പു പറച്ചിലുകള്‍ക്ക് എതിരായ പ്രതികരണങ്ങള്‍ കവിതക്ക് എതിരായ ആക്രമണങ്ങളെക്കാള്‍ കടുത്തതായി തീര്‍ന്നു. എഴുത്തുകാരനായ സ്റ്റീഫന്‍ കിങ് ട്വിറ്ററില്‍ കുറിച്ചത് ഇനി സ്ത്രീയുടെ വിചാരങ്ങള്‍ പുരുഷന്‍ കുറിച്ചാലും പുരുഷന്റേത് സ്ത്രീ കുറിച്ചാലും പിന്‍വലിക്കുമോ എന്നാണ്. എസ്സേയിസ്റ്റ് റോക്സന്‍ ഗേ ഇതിന് തത്സമയം മറുപടി നല്‍കി ഇതു വെള്ളക്കാന്‍ കറുത്തവന്റെ പ്രാദേശിക ഭാഷാഭേദം ഉപയോഗിച്ചു എന്ന പ്രശ്നമല്ല മറിച്ച് കറുപ്പിനെ ആഴത്തില്‍ മനസിലാക്കാന്‍ ഇനിയും കഴിയുന്നില്ല എന്നതാണ്.

ദി നാഷനില്‍ 35 വര്‍ഷം പോയട്രി എഡിറ്ററായിരുന്ന ഗ്രേസ് ഷുള്‍മാന്‍ പാബ്ലോ നെരുദ മുതല്‍ ഡെറക് വല്‍കോട്ട് വരെ കവികളെ മാഗസിനായി എഡിറ്റു ചെയ്തതിന്റെ അനുഭവങ്ങള്‍ ഓര്‍ത്തെടുത്തു കൊണ്ട് ന്യൂയോര്‍ക്ക് ടൈസില്‍ എഴുതി… തീ പിടിക്കുന്ന എഴുത്തായിരുന്നു. അന്ന് ഒന്നും ഒരു ക്ഷമാപണത്തിനും ആരും വഴങ്ങിയില്ല. വായനക്കാരെ പ്രകോപിപ്പിക്കുക തന്നെയാണ് മാധ്യമ ധര്‍മ്മം എന്നായിരുന്നു സമീപനം. സ്വതന്ത്രവും ധീരവുമായ മാധ്യമ മേഖല എന്നതു ധാര്‍മ്മിക ബാധ്യതയായി തന്നെ സൂക്ഷിച്ചു. അഭിപ്രായ വ്യത്യാസം തോനുന്ന വായനക്കാര്‍ വിട്ടു പോകാറായിരുന്നു. അതിനെ കുറിച്ച് ആരും വ്യാകുലപെടാറുമല്ല. പുതിയതിനെ കുറിച്ചായിരുന്നു ചിന്ത. 14 വരിയുള്ള കവിതയെക്കാള്‍ വലിയ ക്ഷമാപണമാണ് പത്രാധിപര്‍ നടത്തിയിരിക്കുന്നത് എന്നും പരിഹസിച്ചു.

ബ്ലാക്ക് ഇംഗ്ലീഷിനെ കുറിച്ചുള്ള പഠനങ്ങള്‍ക്കും ആവിഷ്‌കാരങ്ങള്‍ക്കുമായുള്ള വാദങ്ങളും ഇതോടൊപ്പം ഉയരുന്നു. ദ അറ്റ്ലാന്റിക്കില്‍ ജോണ്‍ മക്വോഹാര്‍ട്ടര്‍ കലാ ആവിഷ്‌കാരത്തിനുളള ബദര്‍ മാധ്യമമായി ബ്ലാക്ക് ഇംഗ്ലീഷിനെ കാണാന്‍ ആഹ്വാനം ചെയ്തു. 1943 കാര്‍മന്‍ ബ്ലാക് ഇംഗ്ലീഷില്‍ അവതരിപ്പിച്ചത് ഓര്‍മിപ്പിച്ചു. ഇപ്പോള്‍ ഭാഷാ പരവും സാമൂഹികവുമായ പഠനങ്ങളിലേക്ക് വിവാദം മുന്നേറുകയാണ്.

എന്‍.എ ബക്കര്‍

We use cookies to give you the best possible experience. Learn more