ചാമ്പ്യൻസ് ലീഗിൽ ബയേണിൽ നിന്നേറ്റ പ്രഹരം മറക്കാൻ ബാഴ്‌സലോണക്ക് ആവേശകരമായ ജയം. ഞായറാഴ്ച ലാ ലീഗയിൽ വലൻസിയക്കെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സ ജയിച്ചത്.
മത്സരം അവസാനിക്കാൻ ഏതാനും മിനിട്ടുകൾ ബാക്കിനിൽക്കെയാണ് ബാഴ്‌സയുടെ സൂപ്പർതരം ലെവൻഡോസ്‌കി വലകുലുക്കിയത്.
90 മിനിട്ട് പിന്നിടുന്നത് വരെ പല അവസരങ്ങളും വന്ന് ചേർന്നെങ്കിലും ബാഴ്‌സലോണക്ക് ഒരു നീക്കവും സൃഷ്ടിക്കാനായിരുന്നില്ല.
തുടർന്ന് മത്സരത്തിന്റെ 93ാം മിനിട്ടിൽ റഫീഞ്ഞയുടെ പാസിൽ ലെവൻഡോസ്‌കി ഗോൾ നേടുകയായിരുന്നു.
കളിയുടെ രണ്ടാം പകുതിയിൽ സാമുവൽ ലിനോയിലൂടെ വലൻസിയ ലീഡ് എടുത്തെങ്കിലും വാർ പരിശോധനയിൽ ഹാൻഡ് ബോളെന്ന് തെളിഞ്ഞതിനാൽ ആ ഗോൾ നിഷേധിക്കപ്പെടുകയായിരുന്നു.
മത്സരം ഡ്രോയിൽ അവസാനിക്കാൻ പോവുകയാണെന്നുറപ്പിച്ചെടുത്ത് നിന്നാണ് ബാഴ്‌സലോണ സ്‌കോർ ചെയ്യുന്നത്.
ഇതോടെ ബാഴ്‌സലോണ 31 പോയിന്റുമായി ലീഗിൽ റയലിനൊപ്പം ഒന്നാമതെത്തി. വലൻസിയ 15 പോയിന്റുമായി 10ാം സ്ഥാനത്താണ്.
അതേസമയം, ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബയേൺ മ്യൂണിക്ക് ബാഴ്സലോണയെ കീഴടക്കിയത്. ആദ്യ പകുതിയിൽ തന്നെ ബയേൺ രണ്ട് ഗോൾ നേടിയിരുന്നു.
കളിയുടെ 10ാം മിനിട്ടിൽ സാദിയോ മാനെ ആണ് ബയേണിനായി ആദ്യ ഗോൾ നേടിയത്. ചൂപ്പോ മോട്ടിങ്ങും ബെഞ്ചമിൻ പവാർഡും ജർമൻ വമ്പന്മാർക്കായി ഓരോ ഗോൾ വീതം നേടി.
തുടർന്ന് തോൽവിയോടെ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തായ ബാഴ്‌സ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താവുകയായിരുന്നു.
2019-20 സീസണിലെ ചാമ്പ്യൻസ് ലീഗിലും തോൽവി വഴങ്ങിയായിരുന്നു ബാഴ്സലോണ മടങ്ങിയത്. അന്നും ബയേൺ തന്നെയായിരുന്നു എതിരാളികൾ. രണ്ടിനെതിരെ എട്ട് ഗോളുകൾക്കാണ് ജർമൻ വമ്പൻമാർ ബാഴ്സയെ തൂത്തുവാരിയത്.
ഇതിഹാസ താരം സാവി ചുമതലയേറ്റെടുത്തതോടെ ടീമിനെ അഴിച്ചുപണിതെങ്കിലും ലാ ലിഗയിലെ നേട്ടം ചാമ്പ്യൻസ് ലീഗിൽ ആവർത്തിക്കാനായില്ല.
Content Highlights: And finally Barcelona wins against Valencia in La Liga