കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – സിംബാബ്‌വേ മത്സരത്തില്‍ പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യ വിജയിച്ചത്. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്റെ പ്രതീക്ഷ കാത്ത പ്രടനമായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേയെ 41 ഓവറിനിടെ എറിഞ്ഞിട്ടായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍ കരുത്ത് കാട്ടിയത്. മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി ദീപക് ചഹറും പ്രസിദ്ധ് കൃഷ്ണയും അക്‌സര്‍ പട്ടേലും തിളങ്ങിയപ്പോള്‍ ബാക്കിയുള്ള വിക്കറ്റ് സിറാജും പിഴുതു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, ഓപ്പണര്‍മാരുടെ ബലത്തില്‍ മത്സരം വിജയിക്കുകയായിരുന്നു. ശിഖര്‍ ധവാനും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് ഷെവ്‌റോണ്‍സിനെ പഞ്ഞിക്കിടുകയായിരുന്നു.
82 റണ്‍സ് നേടിയ ഗില്ലും 81 റണ്‍സുമായി ധവാനും പുറത്താവാതെ നിന്നു.
എന്നാല്‍ മത്സരശേഷം നടന്ന പുരസ്‌കാരദാന ചടങ്ങില്‍ നടന്ന രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. പുരസ്‌കാരം അനൗണ്‍സ് ചെയ്തപ്പോള്‍ ഗില്‍ അക്ഷരാര്‍ത്ഥത്തില്‍ ‘അപ്രത്യക്ഷനാവുകയായിരുന്നു’.
സ്റ്റൈലിഷ് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരമായിരുന്നു ഗില്ലിന് ലഭിച്ചത്. പുരസ്‌കാരത്തെ കുറിച്ചും ഗില്ലിന് ലഭിക്കാനുണ്ടായ കാരണവും പറഞ്ഞശേഷം ആങ്കര്‍ അലന്‍ വൈക്കിന്‍സ് ശുഭ്മനെ ക്ഷണിക്കുകയായിരുന്നു.
എന്നാല്‍ ഗില്‍ ആ പരിസരത്ത് പോലും ഉണ്ടായിരുന്നില്ല. ഇതോടെ ഗില്ലിനെ ട്രോളാനായി വൈക്കിന്‍സിന്റെ ശ്രമം. ഗില്‍ എവിടെയെന്ന് ആവര്‍ത്തിച്ച് ചോദിച്ച വൈക്കിന്‍സ് ഗില്‍ അപ്രത്യക്ഷനായെന്ന് പറയുകയായിരുന്നു.
ഇതെല്ലാം കേട്ട് ഡഗ്ഔട്ടില്‍ നിന്നും ഗില്‍ ഓടിവരുമ്പോള്‍ ‘ഇതാ സുഹൃത്തുക്കളേ… നമ്മള്‍ തേടി നടന്നവന്‍ എത്തിപ്പോയി’ എന്ന മട്ടിലായിരുന്നു വൈക്കിന്‍സിന്റെ വരവേല്‍പ്.
അതേസമയം, ഇന്ത്യയുടെ വിജയവും സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയമാണ്.
ഏറെ നാളുകള്‍ക്ക് ശേഷം ക്രിക്കറ്റ് മൈതാനത്ത് തിരിച്ചെത്തിയ ദീപക് ചഹറാണ് സിംബാബ്‌വേയുടെ നടുവൊടിച്ചത്. ഏഴ് ഓവറില്‍ 27 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റായിരുന്നു ചഹര്‍ എറിഞ്ഞിട്ടത്.
വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയ സിംബാബ്‌വേയുടെ ടോപ് ഓര്‍ഡറിലെ ആദ്യ മൂന്ന് ബാറ്റര്‍മാരെയാണ് അദ്ദേഹം പുറത്താക്കിയത്. സ്പിന്നര്‍ അക്സര്‍ പട്ടേലും പ്രസിദ്ധ് കൃഷ്ണയും മൂന്ന് വിക്കറ്റ് നേടിയിരുന്നു.
സിംബാബ്‌വേക്ക് വേണ്ടി 35 റണ്‍സടിച്ച ക്യാപ്റ്റന്‍ റെഗിസ് ചകാബ്വയും 33 റണ്‍സ് നേടിയ ബ്രാഡ് ഇവാന്‍സും 34 റണ്‍സ് നേടിയ റിച്ചാര്‍ഡ് എന്‍ഗരാവയും മാത്രമെ തിളങ്ങിയുള്ളൂ.
ആദ്യ മത്സരം വിജയിച്ചതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യക്ക് 1-0 എന്ന മുന്‍തൂക്കം ലഭിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 20നാണ് പരമ്പരയിലെ അടുത്ത മത്സരം.
content highlight: Anchor trolls Shubman Gill after India vs Zimbabwe match