സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള അഭിമുഖങ്ങള്‍ക്ക് പിന്നിലെ കഥകള്‍ പറയുകയാണ് അവതാരകന്‍ രജനീഷ്. സിനിമാ പ്രൊമോഷനിടയില്‍ ചോദ്യങ്ങള്‍ പ്രിപ്പയര്‍ ചെയ്ത സെലിബ്രിറ്റിയെ ആയിരിക്കില്ല കിട്ടാറുള്ളതെന്നും ഇത് അപ്രതീക്ഷിതമായി മാറാറുണ്ടെന്നും രജനീഷ് പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ഇങ്കില്‍ നടന്ന അഭിമുഖത്തിനിടയില്‍ ഭീഷ്മ പര്‍വ്വത്തിന്റെ പ്രൊമോഷന് സംഭവിച്ച കാര്യങ്ങളും രജനീഷ് വിശദീകരിച്ചു.
‘സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യൂ വരുമ്പോള്‍ സാറ്റ്‌ലൈറ്റിനും യൂട്യൂബേഴ്‌സിനും രണ്ട് പാക്കേജാണ്. ഒരു ഉദാഹരണം പറയാം. ഭീഷ്മ പര്‍വ്വം പ്രൊമോഷനിടക്ക് നമുക്ക് മമ്മൂക്കയുടെ ഇന്റര്‍വ്യൂ ഇല്ല. സാറ്റ്‌ലൈറ്റിന് മാത്രമാണ് അന്ന് മമ്മൂക്കയുടെ ഇന്റര്‍വ്യൂ ഉള്ളത്. സാറ്റ്‌ലൈറ്റുകാര്‍ മമ്മൂക്കയുടെ ഇന്റര്‍വ്യൂ എടുക്കുമ്പോള്‍ ഞങ്ങള്‍ ഇടക്ക് പോയി നോക്കും. നമുക്ക് കിട്ടില്ലല്ലോ.
ആ സമയത്ത് നമുക്ക് ശ്രിന്ദയേയും മറ്റൊരാളേയും തരാമെന്ന് പറയുന്നു. അപ്പോള്‍ അവരെ ഇന്റര്‍വ്യൂ ചെയ്യാമെന്ന് പറഞ്ഞ് തയാറെടുക്കുന്നു. അതുകഴിയുമ്പോള്‍ പറയുന്നു, ഫര്‍ഹാനേയും സുഷിനേയും തരാമെന്ന്. അവര്‍ പെട്ടെന്ന് വന്നിരിക്കുന്നു. അപ്പോഴാണ് ഇവരെ ആണ് ഇന്റര്‍വ്യൂ ചെയ്യാന്‍ പോകുന്നതെന്ന് അറിയുന്നത്. ഇവരെ പറ്റി എന്തെങ്കിലും ധാരണ വേണ്ടേയെന്ന് വിചാരിച്ച് എനിക്കൊപ്പമുള്ള അവതാരകന്‍ ഇവരെ പറ്റി ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുകയാണ്.
ആ സമയത്ത് പുറത്ത് ഇന്റര്‍വ്യൂവുമായി ബന്ധപ്പെട്ട് കോലാഹലം നടക്കുന്നുണ്ട്. മൂന്ന് സീറ്റ് കൂടി ഉണ്ടോ എന്ന് ചോദിക്കുന്നു. ഇത് ആര്‍ക്ക് ഇരിക്കാന്‍ വേണ്ടിയാണെന്ന് വിചാരിച്ച് ഞാന്‍ പുറത്തേക്ക് പോയി നോക്കുമ്പോള്‍ മമ്മൂക്ക ക്രോസ് ചെയ്ത് വരുന്നു. ഞാന്‍ പെട്ടെന്ന് മമ്മൂക്ക ഇരിക്കാമോ എന്ന് ചോദിച്ചു. ആ നമുക്ക് ഇവിടെ ഇരുന്നാലെന്താണ് എന്ന് ചോദിച്ച്, മമ്മൂക്ക അകത്തേക്ക് കയറി. ഫോണില്‍ നോക്കിയിരുന്ന അവതാരകന്‍ നേരെ തല ഉയര്‍ത്തി നോക്കുമ്പോള്‍ മമ്മൂക്ക. ഇവന്‍ വാ പൊളിച്ച് പോയി. മമ്മൂക്ക ഉള്ള വിവരം പോലും അവനറിയില്ല. ഇവന്‍ ചാടി എഴുന്നേറ്റു. മമ്മൂക്ക കയറി ആങ്കറിന്റെ സീറ്റിലിരുന്നു.
മമ്മൂക്കയെ അപ്പുറത്തേക്ക് ഇരുത്തണം. ഇത് ആങ്കറിന്റെ സീറ്റാണെന്ന് മമ്മൂക്കയോട് പറയണമല്ലോ. മമ്മൂക്ക നോക്കുമ്പോള്‍ സുഷിന്‍ അവിടെ ഇരിക്കുന്നുണ്ട്. അവന്‍ അവിടെ ഇരിക്കുവല്ലേ എന്ന് മമ്മൂക്ക ചോദിച്ചു. കടുത്ത ശബ്ദത്തില്‍ ഇത് കേള്‍ക്കുമ്പോള്‍ നമ്മള്‍ പേടിക്കുകയാണ്. അപ്പോഴത്തെ ഒരു ക്രൈസിസിനെ പറ്റിയാണ് ഞാന്‍ പറയുന്നത്. മമ്മൂക്ക പറയുന്നത് കേട്ട് സുഷിന്‍ എഴുന്നേറ്റു. മമ്മൂക്ക അപ്പുറത്തിരുന്നു. ഞാന്‍ കേറി ആങ്കറിങ് ചെയ്യുന്നു. മമ്മൂട്ടി വരുമെന്നുള്ള ഒരു പ്രിപ്പറേഷനുമില്ല. പക്ഷേ അമല്‍ നീരദിന്റെ ബിഗ് ബി മുതലുള്ള സിനിമകള്‍ കണ്ടിട്ടുള്ളതുകൊണ്ട് ഒരു വിധം അഡ്ജസ്റ്റ് ചെയ്ത് ഇന്റര്‍വ്യൂ എടുത്തു.
ഇത് കഴിഞ്ഞ് മമ്മൂക്ക പൊളി എന്ന് പറഞ്ഞ് നിര്‍ത്തുകയാണ്. പത്ത് മിനിട്ടാണ് കിട്ടിയത്. അത് ആ സമയത്ത് തന്നെ ഉദ്ദേശിച്ചത് പോലെ തീര്‍ക്കാന്‍ പറ്റിയതുകൊണ്ടാണ് മമ്മൂക്ക പൊളി എന്ന് പറഞ്ഞത്. ഇങ്ങനെയാണ് ഓണ്‍ലൈന്‍ ചാനലുകളില്‍ ഇന്റര്‍വ്യൂ നടക്കുന്നത്. ഇന്റര്‍വ്യൂകള്‍ കാണുമ്പോള്‍ ഇതെന്താ മമ്മൂക്കയോടുള്ള ചോദ്യങ്ങള്‍ ഇങ്ങനെ ഇരിക്കുന്നത് എന്ന് ആളുകള്‍ ചോദിക്കും. ഇതാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കിട്ടുന്ന ഇന്റര്‍വ്യൂവിന്റെ അവസ്ഥ,’ രജനീഷ് പറഞ്ഞു.
Content Highlight: anchor rajaneesh talks about bheeshma parvam interview