ഞാനൊരു 'പൂജാനായകനായിരുന്നു'; അങ്ങനെ കുറെ അനുഭവങ്ങളുണ്ടായപ്പോള്‍ നായകനാകുക എന്ന പ്രതീക്ഷയേ കൈവിട്ടു: മിഥുന്‍ രമേഷ്
Entertainment
ഞാനൊരു 'പൂജാനായകനായിരുന്നു'; അങ്ങനെ കുറെ അനുഭവങ്ങളുണ്ടായപ്പോള്‍ നായകനാകുക എന്ന പ്രതീക്ഷയേ കൈവിട്ടു: മിഥുന്‍ രമേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 28th June 2021, 2:39 pm

സിനിമയിലെത്തിയ നാളുകളില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടതിനെ കുറിച്ചും അഭിനയിച്ച പല ചിത്രങ്ങളും ഇറങ്ങാതായതിനെ കുറിച്ചും തുറന്നുപറഞ്ഞ് അവതാരകനും നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മിഥുന്‍ രമേഷ്.

അഭിനയിക്കാനിരുന്ന പല ചിത്രങ്ങളും പൂജ നടത്തിയ ശേഷം പിന്നീട് മുന്നോട്ടുപോയില്ലെന്നും അങ്ങനെ കുറേക്കാലം താനൊരു ‘പൂജാനായക’
നായിരുന്നെന്നും മിഥുന്‍ പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മിഥുന്‍

‘നമ്മള്‍ എന്ന സിനിമയ്ക്ക് ശേഷം കുറേ നാള്‍ ഞാനൊരു ‘പൂജാനായകന്‍’ ആയിരുന്നു. അതായത് പടം അനൗണ്‍സ് ചെയ്യും, പൂജ നടക്കും, പക്ഷെ പടം നടക്കില്ല. ആ ചിത്രങ്ങളിലെ നായകനാണ് പൂജാനായകന്‍.

മഞ്ചാടിക്കുന്നില്‍ എന്ന ചിത്രമെല്ലാം അങ്ങനെയായിരുന്നു. അത്തരത്തിലുള്ള നിരവധി ചിത്രങ്ങളുണ്ടായിട്ടുണ്ട്. നായകനായി അഭിനയിച്ച ഒരു ചിത്രം ഇറങ്ങിയുമില്ല.

അങ്ങനെ ഒരുപാട് അനുഭവങ്ങളുണ്ടായപ്പോള്‍ സിനിമയില്‍ നായകനാകുക എന്ന പ്രതീക്ഷ വിട്ടു. ഹീറോ ആകണമെന്നില്ലല്ലോ, അഭിനയിച്ചാല്‍ മതിയല്ലോ എന്നായി ചിന്ത.

അങ്ങനെയിരിക്കേ ജോഷി സാറിന്റെ പടത്തില്‍ നല്ല വേഷം കിട്ടി. ഇപ്പോള്‍ നല്ല കഥാപാത്രങ്ങള്‍ക്കായാണ് എല്ലാവരും വിളിക്കുന്നത്. ചെറിയ വേഷത്തിനൊന്നും വേണ്ടി ഇപ്പോള്‍ ആരും വിളിക്കാറില്ല. അതൊക്കെ വളരെ സന്തോഷമുള്ള കാര്യമാണ്.

നമ്മള്‍ അഭിനയിക്കാന്‍ വന്നതാണ്. അത് എന്തായാലും ചെയ്തിരിക്കും. നായകനായാലേ അഭിനയിക്കൂ എന്ന് പറഞ്ഞാല്‍ വീട്ടിലിരിക്കേണ്ടി വരും.
സിനിമയില്‍ എത്ര ചെറിയ വേഷത്തില്‍ അഭിനയിക്കുന്നവരുടെയും ഏറ്റവും വലിയ ആഗ്രഹം നായകനായി ഒരു സിനിമ ഇറങ്ങുക എന്നതു തന്നെയായിരിക്കും.

നായകനായി തീര്‍ന്നുവെന്ന് ഒരു ഘട്ടത്തില്‍ സ്വയം വിചാരിച്ചിരുന്ന ആളായിരുന്നു ഞാന്‍. പിന്നെ എനിക്ക് വിഷമമൊന്നുമില്ല. ചെയ്തതും കിട്ടിയതുമെല്ലാം ബോണസായി മാത്രമേ കരുതുന്നുള്ളു,’ മിഥുന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Anchor Midhun Ramesh opens up about  his film career and set backs