കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ആകെ തരംഗമായത് ദുല്‍ഖര്‍ സല്‍മാനായിരുന്നു. കൊണ്ടോട്ടിയിലെ സ്വയംവര സില്‍ക്ക്‌സിന്റെ ഉദ്ഘാടനത്തിന് എത്തിയ താരത്തെ കാണാന്‍ വലിയ ജനക്കൂട്ടമാണ് തടിച്ച് കൂടിയത്. ബസിന്റെ മുകളില്‍ വരെ ആളുകള്‍ തിങ്ങിക്കൂടിയതിന്റെ ചിത്രങ്ങളും വീഡിയോകളും കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞു. പാട്ടും നൃത്തവുമായി ആരാധകരെ കയ്യിലെടുത്താണ് ദുല്‍ഖര്‍ ഉദ്ഘാടനത്തിന് ശേഷം മടങ്ങിയത്.
ഡി.ക്യുവിന്റെ പാട്ടിന്റേയും ഡാന്‍സിന്റേയും വിഡീയോകള്‍ക്കൊപ്പം മറ്റൊരു വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്. ജനങ്ങളോട് സംസാരിക്കുന്നതിനിടയില്‍ ഡി.ക്യുവിന്റെ ഫാദര്‍ അഭിനയിച്ച 1921 എന്ന ചിത്രത്തിലെ, എന്ന് അവതാരകന്‍ പറയുകയായിരുന്നു. ‘മമ്മൂക്ക എന്ന് പറയെടാ’ എന്ന് ജനക്കൂട്ടത്തില്‍ നിന്നും ആളുകള്‍ വിളിച്ച് പറഞ്ഞപ്പോള്‍ തന്നെ മമ്മൂക്ക എന്ന് അവതാരകന്‍ തിരുത്തുകയും ചെയ്തു. ഡി.ക്യുവിന്റെ ഫാദര്‍ എന്ന് പറഞ്ഞാല്‍ നമ്മുടെ മമ്മൂക്ക തന്നെ എന്ന് പറയുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത മഹാനടനാണ് മമ്മൂട്ടിയെന്നും അദ്ദേഹത്തിന് മകന്റെ മേല്‍വിലാസം വേണ്ടെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന പ്രതികരണങ്ങള്‍.
ഉദ്ഘാടനത്തിന് വന്ന ദുല്‍ഖര്‍ ജനങ്ങളോട് സംവദിക്കവേ മമ്മൂട്ടിയെ പറ്റിയും കൊണ്ടോട്ടിയെ പറ്റിയും സംസാരിച്ചിരുന്നു. ‘എനിക്ക് ചെറുപ്പം മുതലെ ഒരു ഫാഷന്‍ ഐക്കണേ ഉള്ളൂ, അതെന്റെ വാപ്പച്ചിയാണ്. വാപ്പച്ചി എപ്പോഴും സിനിമയില്‍ ഒരു സ്ലാങ് പിടിച്ചിരിക്കും. അത് ഇപ്പോള്‍ തിരുവനന്തപുരം ആണെങ്കിലും കണ്ണൂരാണെങ്കിലും എല്ലാം അദ്ദേഹം അനായാസം പിടിച്ചിരിക്കും. അതുപോലെ ഞാനും ഉറപ്പായിട്ടും പിടിക്കും.
എനിക്ക് ഉസ്താദ് ഹോട്ടല്‍ മുതല്‍ അങ്ങനെ ഒരു ചാന്‍സ് കിട്ടിയിട്ടുണ്ട്. ഇനിയും അതുപോലുള്ള അവസരങ്ങള്‍ വന്നാല്‍ തീര്‍ച്ചയായും ഞാന്‍ പിടിച്ചിരിക്കും. എന്റെ കരിയറിന്റെ തുടക്കം ഈ ഒരു ഭാഗത്ത് നിന്നായിരുന്നു. കോഴിക്കോടും പരിസരപ്രദേശങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോള്‍ ഒരുപാട് കാലം കൂടിയിട്ടാണ് ഇങ്ങോട്ടേക്ക് വരുന്നത്.
കൊണ്ടോട്ടി പണ്ടേ ഫേമസാണ്. പഴയ വിമാനപകടങ്ങളിലൊക്കെ ഏറ്റവും കൂടുതല്‍ റെസ്‌ക്യൂ ഓപ്പറേഷനില്‍ പങ്കെടുത്തത് നിങ്ങളൊക്കെയല്ലേ. ഇവിടെ നേരിട്ട് വന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. രാവിലെ മുതല്‍ എന്നെ കാത്തിരിക്കുകയാണെന്നറിയാം. നല്ല ചൂടാണ് നല്ല വെയില്‍ ആണെന്നെല്ലാം അറിയാം. എന്തായാലും വന്നതിനു ഒരുപാട് നന്ദി,” ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.