| Friday, 23rd September 2022, 1:32 pm

ഈ ചോദ്യങ്ങള്‍ കേട്ടപ്പോള്‍ ശ്രീനാഥ് ഭാസി പ്രകോപിതനായി, നിലവാരമുള്ള ചോദ്യത്തിനേ മറുപടി നല്‍കാനാകൂ എന്ന് പറഞ്ഞ് ഇറങ്ങിപ്പോയി; പരാതിക്കാരിയായ അവതാരക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചട്ടമ്പി സിനിമയുടെ ഭാഗമായി നടന്ന അഭിമുഖത്തില്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കഴിഞ്ഞ ദിവസം അവതാരക പരാതി നല്‍കിയിരുന്നു. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ വെച്ച് നടന്ന അഭിമുഖങ്ങള്‍ക്കിടെയായിരുന്നു സംഭവം.

അഭിമുഖത്തിന് മുന്‍പ് നല്ല രീതിയില്‍ സംസാരിച്ച ശ്രീനാഥ് ഭാസി അഭിമുഖം തുടങ്ങി കുറച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വളരെയധികം ക്ഷോഭിച്ചു പെരുമാറിയെന്നാണ് പരാതിക്കാരി പറയുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് നടന്ന സംഭവങ്ങളെ കുറിച്ച് പരാതിക്കാരി സംസാരിച്ചത്.

ചട്ടമ്പി, ചട്ടമ്പി എന്നുള്ള പ്രയോഗത്തില്‍ താന്‍ അസ്വസ്ഥനാണെന്നും ഒന്ന് നിര്‍ത്താമോയെന്നും ശ്രീനാഥ് ഭാസി ചോദിച്ചിരുന്നു. പക്ഷെ പ്രൊമോഷന്‍ ഇന്റര്‍വ്യു ആയതുകൊണ്ടാണ് ഇതാവര്‍ത്തിക്കുന്നതെന്ന് താന്‍ മറുപടി നല്‍കിയെന്ന് പരാതിക്കാരി പറയുന്നു.

പിന്നീട്, വീട്ടിലാരാണ് ചട്ടമ്പി, സുഹൃത്തുക്കളുടെ പേര് പറഞ്ഞാല്‍ ചട്ടമ്പി ആങ്കിളില്‍ കാറ്റഗറൈസ് ചെയ്യാമോ എന്നീ ചോദ്യങ്ങള്‍ ചോദിച്ചതോടെയാണ് ഭാസി വല്ലാതെ പ്രകോപിതനായി പെരുമാറിയതെന്നും ഇവര്‍ പറഞ്ഞു.

‘നിങ്ങളുടെയൊക്കെ ചോദ്യം കേട്ടാലറിയാം, നിങ്ങള്‍ എത്ര ഹോളോയും പ്ലാസ്റ്റിക്കുമാണെന്ന് എന്നാണ് ശ്രീനാഥ് ഭാസി പറഞ്ഞത്. എന്നോട് കുറച്ച് നിലവാരമുള്ള ചോദ്യങ്ങള്‍ ചോദിക്കണം. എന്നാല്‍ ഞാന്‍ മറുപടി പറയാം എന്നും പറഞ്ഞു. പിന്നീട് എനിക്ക് ഈ ഇന്റര്‍വ്യു ചെയ്യേണ്ടെന്നും നിങ്ങള്‍ ക്യാമറ ദയവ് ചെയ്ത് ഓഫാക്കണം എന്ന് പറഞ്ഞു. മനുഷ്യനാണെന്ന പരിഗണന നല്‍കണം എന്നൊക്കെ പറഞ്ഞു.

അപ്പോള്‍ തന്നെ ഞാന്‍ ശ്രീനാഥ് ഭാസിക്ക് ഏത് തരത്തിലുള്ള ചോദ്യങ്ങള്‍ കേള്‍ക്കാനാണ് ഇഷ്ടമെന്ന് ചോദിച്ചു. അപ്പോള്‍ അത് നിങ്ങള്‍ രണ്ട് പേരും കൂടെ ആലോചിക്ക് ഞാന്‍ പോകുന്നു എന്ന് പറഞ്ഞ് മൈക്ക് ഊരി മാറ്റി. അതിന് ശേഷം വീണ്ടും ക്യാമറ ഒന്ന് ഓഫ് ചെയ്യൂ എന്ന് പറഞ്ഞു,’ പരാതിക്കാരി പറയുന്നു.

മൂന്ന് ക്യാമറകളും ഓഫാക്കിയ ശേഷമാണ് നടന്‍ തെറി വിളി തുടങ്ങിയതെന്നും ഒരിക്കലും ഒരു പൊതുവേദിയില്‍ പറയാന്‍ കഴിയാത്ത വാക്കുകളായിരുന്നു അതെന്നുമാണ് ഇവര്‍ പറയുന്നത്. ഇതൊരു ഫണ്‍ ഇന്റര്‍വ്യു ആണെന്ന് അഭിമുഖത്തിന്റെ പ്രൊഡ്യൂസര്‍ ശ്രീനാഥ് ഭാസിയോട് പറഞ്ഞെങ്കിലും അയാളോടും ഭാസി മോശമായി പെരുമാറിയെന്നും അവതാരക പറയുന്നു.

ഇതിന് ശേഷം, ശ്രീനാഥ് ഭാസിയുടെ ഇന്റര്‍വ്യു എടുക്കുന്നില്ലെന്നും നടന്‍ മാപ്പ് പറയണമെന്നും താന്‍ പി.ആര്‍.ഒമാരോട് ആവശ്യപ്പെട്ടെങ്കിലും മറ്റ് അഭിമുഖങ്ങള്‍ കഴിഞ്ഞ് വൈകീട്ടോടെ ആലോചിക്കാമെന്നായിരുന്നു മറുപടി.

‘അയാള്‍ ചെയ്ത തെറ്റിന് ഇരകളായിട്ട്, പിന്നെ അയാളുടെ സൗകര്യം നോക്കിനില്‍ക്കാനാകില്ലെന്ന്
ഞങ്ങള്‍ പറഞ്ഞു. ഇന്റര്‍വ്യുവിലെ ചോദ്യങ്ങള്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് പറഞ്ഞ് മാന്യമായി ഇറങ്ങിപ്പോകാം. അതിന് പകരം ഒരു സ്ത്രീയെന്നോ മനുഷ്യനെന്നോ ഉള്ള പരിഗണന പോലും നല്‍കാതെ ഇത്രയും തെറിവിളിച്ചത് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞു. ഇതിനിടയില്‍ ശ്രീനാഥ് ഭാസി മറ്റൊരു അഭിമുഖത്തിന് കയറിയിരുന്നു. പി.ആര്‍.ഒമാര്‍ അയാളോട് ചെന്ന് കാര്യങ്ങള്‍ സംസാരിച്ചു.

പിന്നീട് അയാള്‍ ചെയ്തത് എന്തോ മഹത്തായ കാര്യമാണെന്ന നിലയില്‍ വരൂ കോഫി ഷോപ്പിലിരുന്ന് സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചു. ഞാന്‍ എന്തോ തെറ്റ് ചെയ്തിട്ട് സോറി പറയാന്‍ നില്‍ക്കുംപോലെയായിരുന്നു ശ്രീനാഥ് ഭാസിയുടെ ഭാവം. ആ പ്രകടനം കണ്ടപ്പോള്‍ നിങ്ങളുടെ ആതിഥേയത്വം സ്വീകരിക്കാന്‍ വന്നതല്ല ഞാനെന്നും ശ്രീനാഥ് ഭാസിക്ക് ചെയ്തത് ശരിയാണെന്ന് തോന്നുന്നുണ്ടോയെന്നും ചോദിച്ചു.

നിങ്ങള്‍ ഇരിക്ക്, ക്ഷമ പറയുന്നത് നമുക്ക് ആലോചിക്കാമെന്നായിരുന്നു മറുപടി. ഇന്റര്‍വ്യു ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്ര്യമുണ്ട്. അല്ലാതെ തെറി വിളിക്കാനുള്ളതില്ലായെന്ന് ഞാന്‍ പറഞ്ഞു. അത്രയും ഷോക്കിലായിരുന്നതുകൊണ്ട് ഞാന്‍ കുറച്ച് ഒച്ചയിലായിരുന്നു സംസാരിച്ചത്.

ഇതുകേട്ട് എന്നോട് സംയമനത്തില്‍ സംസാരിക്കൂ എന്നായി പി.ആര്‍.ഒ മാര്‍. നിങ്ങളുടെ അമ്മക്കോ ഭാര്യക്കോ പെങ്ങള്‍ക്കോ ആയിരുന്നു ആ തെറി കേള്‍ക്കേണ്ടി വന്നതെങ്കില്‍ ഇങ്ങനെയല്ലായിരിക്കും പ്രതികരണമെന്ന് ഞാന്‍ പറഞ്ഞു.

പി.ആര്‍.ഒയും ഞാനും തമ്മില്‍ തര്‍ക്കം നടക്കുന്നതിനിടയില്‍ ശ്രീനാഥ് ഭാസി അവിടെ നിന്നും പോയി. എന്നോട് പരസ്യമായി ക്ഷമ പറഞ്ഞില്ലെങ്കില്‍ ഞാന്‍ കേസുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞു.

പിന്നീട് രാത്രി എട്ടരക്ക് എന്റെ ഓഫീസിലേക്ക് ചട്ടമ്പി സിനിമയുടെ നിര്‍മാതാവും സംവിധായകനുമടക്കം അണിയറ പ്രവര്‍ത്തകര്‍ വന്നു. ശ്രീനാഥ് ഭാസിക്ക് വേണ്ടി അവര്‍ ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞു. നിങ്ങള്‍ ആരും എന്നോട് ക്ഷമ ചോദിക്കേണ്ടതില്ലെന്നും തെറ്റ് ചെയ്ത ശ്രീനാഥ് ഭാസി മാപ്പ് പറയാന്‍ തയ്യാറാകണമെന്നും പറഞ്ഞു.

ശ്രീനാഥ് ഭാസിയോട് തങ്ങള്‍ സംസാരിക്കാമെന്നും ഒരു ദിവസത്തെ സമയം തരണമെന്നും പറഞ്ഞ് അവര്‍ പോയി. ഞാന്‍ ബുധനാഴ്ചയും വ്യാഴാഴ്ച ഉച്ച വരെയും കാത്തിരുന്നു. അങ്ങോട്ട് വിളിച്ചിട്ടും പ്രതികരണമൊന്നുമുണ്ടായില്ല.

പി.ആര്‍.ഒയെ കോണ്‍ടാക്ട് ചെയ്തപ്പോള്‍, ശ്രീനാഥ് ഭാസി ക്ഷമ പറയാന്‍ വന്നപ്പോള്‍ നിങ്ങളുടെ ആറ്റിറ്റിയൂഡ് മോശമായിരുന്നെന്നും ഇനി എന്തുവേണമെങ്കില്‍ ചെയ്‌തോളൂ, ഞങ്ങള്‍ നോക്കിക്കോളാമെന്നുമായിരുന്നു അവരുടെ മറുപടി.

ഒരു സ്ത്രീയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും എന്റെ അഭിമാനം നോക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. ആര്‍ക്കും ആരോടും എന്തും പറയാമെന്ന സ്വാതന്ത്ര്യം ഇവിടെയില്ല. അതുകൊണ്ട് അയാള്‍ എന്നോട് മോശമായി പെരുമാറിയതിന് ശിക്ഷ അനുഭവിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്,’ പരാതിക്കാരി പറഞ്ഞു.

വനിതാ കമ്മീഷനിലും മരട് പൊലീസ് സ്റ്റേഷനിലുമാണ് അവതാരക പരാതി നല്‍കിയിട്ടുള്ളത്. ശ്രീനാഥ് ഭാസി അമ്മ സംഘടനയില്‍ അംഗമല്ലാത്തതിനാല്‍ നടപടികളെടുക്കുന്നതിന് പരിധികളുണ്ടാകാമെന്നും അതേസമയം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും പരാതിക്കാരി അറിയിച്ചു.

അതേസമയം, ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ചട്ടമ്പി സിനിമയുടെ റിലീസ് വെള്ളിയാഴ്ച തന്നെ നടക്കും. സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താല്‍ പരിഗണിച്ച് ആദ്യ ഷോയുടെ സമയത്തില്‍ മാറ്റം വരുത്തി. വൈകിട്ട് 6 മണിക്ക് ശേഷമാകും ആദ്യ ഷോ നടക്കുകയെന്ന് പിന്നണി പ്രവര്‍ത്തകര്‍ അറിയിച്ചു.

Content Highlight: Anchor about Sreenath bhasi and the case against him

We use cookies to give you the best possible experience. Learn more