ശബരിമലയില്‍ ജോലിക്ക് പോകുന്നതിന് വേണ്ടി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനായാണ് അനീഷ് അഞ്ചല്‍ ജനമൈത്രി പോലീസ് സ്റ്റേഷനില്‍ എത്തിയത്.
അഞ്ചല്‍(കൊല്ലം): പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ മാന്യമായി വസ്ത്രം ധരിച്ചില്ലെന്നാരോപിച്ച് എസ്.ഐ മര്‍ദ്ദിച്ചതായി പരാതി.
തടിക്കാട് സ്വദേശിയായ അനീഷ് (19) എന്ന യുവാവിനെയാണ് ഇറങ്ങിക്കിടക്കുന്ന പാന്റ്‌സ് ധരിച്ച് പൊലീസ് സ്റ്റേഷനിലെത്തിയെന്ന് പറഞ്ഞ് കൊല്ലം അഞ്ചല്‍ എസ്.ഐ പ്രൈജു മര്‍ദ്ദിച്ചത്.
ശബരിമലയില്‍ ജോലിക്ക് പോകുന്നതിന് വേണ്ടി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനായാണ് അനീഷ് അഞ്ചല്‍ ജനമൈത്രി പോലീസ് സ്റ്റേഷനില്‍ എത്തിയത്. എസ്.ഐയുടെ മുറിയിലേക്ക് ചെന്ന അനീഷിനെ എസ്.ഐ പ്രൈജു സ്വന്തം മുറിയില്‍ വെച്ച് പരിഷ്‌ക്കാരിയായ നിനക്ക് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് തരില്ലെടാ എന്ന് പറഞ്ഞ് യുവാവിന്റെ രണ്ടു ചെവിയും പൊത്തി കരണത്തടിക്കുകയും ബൂട്ടിട്ട് നാഭിക്ക് തൊഴിക്കുകയും ചെയ്തുവെന്നാണ് ആരോപണം. മര്‍ദ്ദനമേറ്റ അനീഷ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ശബരിമലയില്‍ ഒരു കടയില്‍ ജോലി ചെയ്യാനുള്ള അവസരം ലഭിച്ചപ്പോളാണ് അവിടെ ജോലി ചെയ്യുന്നവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന് അറിഞ്ഞത്. അങ്ങനെയാണ് അനീഷ് സുഹൃത്തുക്കളെയും കൂട്ടി രാവിലെ പൊലീസ് സ്റ്റേഷനില്‍ എത്തി അപേക്ഷ നല്‍കിയത്.
എന്നാല്‍ സര്‍ട്ടിഫിക്കറ്റ് എഴുതി നല്‍കുന്ന പൊലീസുകാരന്‍ പുറത്ത് പോയിരിക്കുകയാണ്, വന്നിട്ട് സര്‍ട്ടിഫിക്കറ്റ് നല്‍കാം പുറത്തിരിക്ക് എന്ന് എസ്.ഐ പറഞ്ഞു. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ആ പൊലീസുകാരന്‍ വന്നു. ഈ വിവരം എസ്.ഐയുടെ മുറിയിലേക്ക് കയറിച്ചെന്ന് പറഞ്ഞു. തുടര്‍ന്ന് നിനക്കെന്താടാ ഇത്ര ധൃതി? നീയാണോടാ ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്? തോന്നുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് തരും, ഇറങ്ങിപ്പോടാ എന്നൊക്കെ എസ്.ഐ ആക്രോശിച്ചുവെന്നും അനീഷ് പറയുന്നു.
ശരി സാര്‍ എന്ന് പറഞ്ഞുകൊണ്ട് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ എസ്.ഐ പിറകില്‍ നിന്ന് വിളിച്ച ശേഷം ഷര്‍ട്ട് പൊക്കെടാ എന്ന് പറഞ്ഞു. ഇങ്ങനെയുള്ള പാന്റും ഷര്‍ട്ടും ഇട്ടുകൊണ്ടാണോടാ പോലീസ് സ്റ്റേഷനില്‍ വരുന്നതെന്ന് ചോദിച്ച് കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. തന്റെ കൂടെ വന്ന ജോമോനും ഷാനുവും ഇത് ജനലിലൂടെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഇറങ്ങെടാ വെളിയില്‍ എന്ന് പറഞ്ഞുകൊണ്ട് തന്നെ അവിടുന്നിറക്കി ഓഫീസില്‍ കൊണ്ട് നിര്‍ത്തി, കേസും ചാര്‍ജ്ജ് ചെയ്തു. മോശം വസ്ത്രം ധരിച്ച് സ്റ്റേഷനില്‍ എത്തിയതിനാണ് കേസെന്നാണ് പറഞ്ഞത്. പിന്നീട് സുഹൃത്തുക്കള്‍ തന്നെ ജാമ്യത്തില്‍ ഇറക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ തന്റെ കേള്‍വിക്ക് തകരാറും നടുവിന് വേദനയുമുണ്ടെന്നും അനീഷ് പറയുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇന്നലെ അഞ്ചല്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രണ്ടു ദിവസത്തിനുള്ളില്‍ അനേഷിച്ച് നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയ ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.
എസ്.ഐ പ്രൈജു ചാര്‍ജ്ജെടുത്തത് മുതല്‍ സ്റ്റേഷനിലെത്തുന്നവരെ മര്‍ദ്ദിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം തടിക്കാട് മനസികരോഗിയായ യുവാവിനെ മര്‍ദ്ദിച്ചതിനും പരാതി നിലനില്‍ക്കുന്നുണ്ടെന്നും ഡി.വൈ.എഫ്.ഐ അഞ്ചല്‍ ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
സ്റ്റേഷനിലെത്തുന്നവരെ ഉപദ്രവിക്കരുതെന്ന് ഡി.ജി.പിയുടെ സര്‍ക്കുലര്‍ നിലനില്‍ക്കെ നിരപരാധികളെ തല്ലിച്ചതയ്ക്കുന്ന അഞ്ചല്‍ എസ്.ഐയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. യുവാവിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും സഭ്യമല്ലാത്ത വസ്ത്രം ധരിച്ചെത്തിയതിന് വഴക്ക് പറയുകയും, താക്കീത് നല്‍കി കൂട്ടുകാര്‍ക്കൊപ്പം വിട്ടയക്കുകയുമാണ് ഉണ്ടായതെന്നാണ് സംഭവത്തില്‍ അഞ്ചല്‍ എസ്.ഐയുടെ വിശദീകരണം.
കൊല്ലം ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ ലോക്കപ്പ് മര്‍ദ്ദനവും, മൂന്നാംമുറയും സംബന്ധിച്ച പരാതികള്‍ വ്യാപകമാകുന്നതിനിടയിലാണ് പുതിയ സംഭവം. കഴിഞ്ഞ മാസം കൊല്ലം അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനില്‍ രണ്ടു ദളിത് യുവാക്കളെ പൊലീസ് അന്യായമായി തടങ്കലില്‍ വെച്ച് പീഡിപ്പിച്ചതായും പരാതി ഉയര്‍ന്നിരുന്നു. അതിനു പിന്നാലെ കുണ്ടറ പോലീസ് കസ്റ്റഡിയില്‍ കുഞ്ഞുമോന്‍ എന്ന ദളിത് യുവാവ് കൊല്ലപ്പെട്ടിരുന്നു.