വെറുമൊരു പൊറാട്ടുനാടകമല്ല; മലയാളത്തിന്റെ സീന്‍ മാറ്റാന്‍ വന്ന അഞ്ചക്കള്ളകോക്കാന്‍
Entertainment
വെറുമൊരു പൊറാട്ടുനാടകമല്ല; മലയാളത്തിന്റെ സീന്‍ മാറ്റാന്‍ വന്ന അഞ്ചക്കള്ളകോക്കാന്‍
വി. ജസ്‌ന
Sunday, 17th March 2024, 12:09 pm

മലയാള സിനിമ മാറ്റത്തിന്റെ വഴിയിലേക്ക് വന്നിട്ട് കാലമേറെയായി. മറ്റു സിനിമാ മേഖലയെ പോലും അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഇന്ന് നമ്മുടെ തിയേറ്ററുകള്‍. ഈയിടെ ഇറങ്ങിയ മലയാള സിനിമകളെല്ലാം കഥ കൊണ്ടും മേക്കിങ് കൊണ്ടും മുന്നിട്ട് നില്‍ക്കുന്നതാണ്.

ഈ വര്‍ഷം ഇതുവരെ ഭ്രമയുഗം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ്, അന്വേഷിപ്പിന്‍ കണ്ടെത്തും തുടങ്ങിയ നിരവധി മികച്ച ചിത്രങ്ങളാണ് മലയാളിക്ക് ലഭിച്ചത്. ഇവയെല്ലാം മലയാള സിനിമയുടെ സീന്‍ മാറ്റിയ സിനിമകളുമാണ്.

ആ ലിസ്റ്റിലേക്ക് ചേര്‍ത്തു വെയ്ക്കാന്‍ സാധിക്കുന്ന മറ്റൊരു ചിത്രമാണ് അഞ്ചക്കള്ളകോക്കാന്‍ പൊറാട്ട്. പേര് കൊണ്ട് തന്നെ ഏറെ വ്യത്യസ്തമായ ഈ സിനിമ കഥ കൊണ്ടും അവതരണം കൊണ്ടുമെല്ലാം വ്യത്യസ്തമാണ്.

നടന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ തന്റെ സാന്നിധ്യമറിയിച്ച ചെമ്പന്‍ വിനോദ് ജോസ് നിര്‍മിച്ച ഏറ്റവും പുതിയ ചിത്രമാണ് അഞ്ചക്കള്ളകോക്കാന്‍. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായി സിനിമാ മേഖലയിലേക്ക് കടന്നു വന്ന ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്തത്. ചെമ്പന്‍ വിനോദിന്റെ സഹോദരന്‍ കൂടെയാണ് ഉല്ലാസ്.

ചെമ്പന്‍ വിനോദ്, ലുക്മാന്‍ അവറാന്‍, മണികണ്ഠന്‍ ആചാരി, മെറിന്‍ ഫിലിപ്പ്, മേഘ തോമസ്, ശ്രീജിത്ത് രവി, സെന്തില്‍ കൃഷ്ണ, പ്രവീണ്‍ ടി.ജെ, മെറിന്‍ ജോസ് പൊറ്റക്കല്‍ തുടങ്ങിയ ഒരു മികച്ച താരനിര തന്നെയുള്ള ചിത്രം മാര്‍ച്ച് 15നായിരുന്നു തീയേറ്ററുകളില്‍ എത്തിയത്.

1980കളുടെ അവസാനത്തില്‍ കേരള – കര്‍ണാടക അതിര്‍ത്തിയിലെ കാളഹസ്തി എന്ന ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് അഞ്ചക്കള്ളകോക്കാന്‍ പറയുന്നത്. മലയാളി പ്രേക്ഷകര്‍ക്ക് അത്രകണ്ട് സുപരിചിതമല്ലാത്ത മലയാളം വെസ്റ്റേണ്‍ ട്രീറ്റ്മെന്റിലൂടെ പൊറാട്ട് എന്ന ഫോക്ക് കലാരൂപത്തെ മുന്‍നിര്‍ത്തിയാണ് ചിത്രത്തിന്റെ കഥ അവതരിപ്പിച്ചത്.

ഈ വര്‍ഷം ഇറങ്ങിയ ചിത്രങ്ങളില്‍ തിയേറ്ററില്‍ പോയി തന്നെ കാണേണ്ട ഒരു പടം കൂടെയാണ് അഞ്ചക്കള്ളകോക്കാന്‍. സിനിമയില്‍ ഒരുപാട് കഥാപാത്രങ്ങള്‍ വന്ന് പോകുന്നുണ്ടെങ്കിലും പ്രധാനമായും ചെമ്പന്‍ വിനോദ്, ലുക്മാന്‍ അവറാന്‍, മണികണ്ഠന്‍ ആചാരി, പ്രവീണ്‍ ടി.ജെ, മെറിന്‍ ജോസ് പൊറ്റക്കല്‍ തുടങ്ങിയവരിലൂടെയാണ് കഥ പോകുന്നത്.

ഒരു കൊലപാതകത്തില്‍ തുടങ്ങുന്ന സിനിമ പിന്നീട് പൊലീസ് അന്വേഷണവും കുറ്റവാളികളെ കണ്ടെത്തലുമാകും പറയുകയെന്ന് പ്രേക്ഷകരെ തോന്നിപ്പിക്കുന്നു. എന്നാല്‍ സിനിമ മുന്നോട്ട് പോകുമ്പോള്‍ അടിയും ഇടിയും വെടിയും നിറഞ്ഞ രംഗങ്ങള്‍ കൊണ്ട് ആ തോന്നല്‍ തെറ്റായിരുന്നു എന്ന് മനസിലാക്കാന്‍ സാധിക്കും.

ഒട്ടും പ്രതീക്ഷിക്കാത്ത ഒരുപാട് ട്വിസ്റ്റുകളിട്ട് പ്രേക്ഷകരെ കൊണ്ട് ഒരു നിമിഷം പോലും സ്‌ക്രീനില്‍ നിന്ന് കണ്ണെടുക്കാന്‍ സമ്മതിക്കാത്ത തരത്തിലുള്ള അവതരണമാണ് സിനിമക്കുള്ളത്. മേക്കിങ് കൊണ്ട് ഒരു അമല്‍ നീരദ് സ്‌റ്റൈലെന്നോ, ഡബിള്‍ ബാരല്‍ സ്‌റ്റൈലെന്നോ പറയാമെങ്കിലും അഞ്ചക്കള്ളകോക്കാന്‍ അത്തരം സിനിമകള്‍ ഇഷ്ടപെടുന്നവര്‍ക്ക് ഒരു പുതുമ തന്നെയാണ് നല്‍കുന്നത്.

സിനിമയിലെ ഓരോ കഥാപാത്രങ്ങളും അവരുടെ അഭിനയം കൊണ്ട് മികച്ച് നില്‍ക്കുമ്പോഴും എടുത്ത് പറയേണ്ടത് സിനിമാറ്റോഗ്രാഫിയും എഡിറ്റിങ്ങും സിനിമയിലെ മ്യൂസിക്കും തന്നെയാണ്. സംവിധായകന്‍ ഉല്ലാസ് ചെമ്പനും വികില്‍ വേണുവും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിന് അരുണ്‍ മോഹനാണ് (ആര്‍മോ) ഛായാഗ്രഹണം നിര്‍വഹിച്ചത്.

രോഹിത് വി.എസ്. വാര്യത്തിന്റെ എഡിറ്റിങ്ങും മണികണ്ഠന്‍ അയ്യപ്പയുടെ സംഗീതവും സിനിമയെ പലപ്പോഴും ആസ്വാദനത്തിന്റെ മറ്റൊരു ലെവലിലെത്തിക്കുന്നു. 1980കളുടെ അവസാന കാലഘട്ടം കാണിക്കുന്ന രീതിയും പ്രശംസ അര്‍ഹിക്കുന്നത് തന്നെയാണ്.

ചെമ്പോസ്‌കി മോഷന്‍ പിക്ചേഴ്സാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചത്. അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ജല്ലിക്കെട്ട്, ചുരുളി തുടങ്ങി സുലൈഖ മന്‍സില്‍ വരെ 7 സിനിമകള്‍ ഇതുവരെ ചെമ്പോസ്‌കി മോഷന്‍ പിക്ചേഴ്സ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചിട്ടുണ്ട്.


Content Highlight: Anchakkallakokkan Is Not A Just Poraattunaadakam; A Movie Came To Change Scene Of Malayalam Movie

വി. ജസ്‌ന
ഡ്യൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ