അല്‍ നസറിലെത്തിയതില്‍ റോണോ അതീവ സന്തോഷവാനാണ്: റയല്‍ മാഡ്രിഡ് കോച്ച്
Football
അല്‍ നസറിലെത്തിയതില്‍ റോണോ അതീവ സന്തോഷവാനാണ്: റയല്‍ മാഡ്രിഡ് കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 14th January 2023, 5:40 pm

സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലിന് റിയാദിലെത്തിയ റയല്‍ മാഡ്രിഡ് ടീമിനെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ സന്ദര്‍ശിച്ചിരുന്നു. റൊണാള്‍ഡോ പരിശീലന ക്യാമ്പിലെത്തി കോച്ച് കാര്‍ലോ ആന്‍സലോട്ടിയോടും ഇതിഹാസ താരം റോബര്‍ട്ടോ കാര്‍ലോസിനോടും സൗഹൃദ സംഭാഷണം നടത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

റയലിലെ താരങ്ങള്‍ക്കൊപ്പം റോണോ ചിത്രങ്ങളെടുക്കുകയും ചെയ്തിരുന്നു. വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നീ താരങ്ങള്‍ റോണോക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെക്കുകയുണ്ടായി.

സൗദി അറേബ്യയിലെത്തിയ റോണോ അതീവ സന്തോഷവാനാണെന്നാണ് റയല്‍ പരശീലകന്‍ ആന്‍സലോട്ടി പറഞ്ഞത്. അദ്ദേഹത്തെ വളരെ ഉന്മേഷവാനയി കണ്ടുവെന്നും രാജ്യവും സ്ഥലങ്ങളുമെല്ലാം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടുവെന്നും ആന്‍സലോട്ടി പറഞ്ഞു.

ബാഴ്സലോണയാണ് സ്പാനിഷ് സൂപ്പര്‍ കപ്പില്‍ റയല്‍ മാഡ്രിഡിന്റെ എതിരാളികള്‍. ബാഴ്‌സലോണ സെമിയില്‍ റയല്‍ ബെറ്റിസിനെയാണ് തോല്‍പിച്ചത്.

നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമും രണ്ട് ഗോള്‍ വീതം നേടി തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും അന്‍സു ഫാറ്റിയുമായിരുന്നു ബാഴ്സയുടെ സ്‌കോറര്‍മാര്‍.

സൗദി അറേബ്യന്‍ ക്ലബ്ബിലെത്തിയതിന് ശേഷം റൊണാള്‍ഡോ ഇതുവരെ മത്സരത്തിനിറങ്ങിയിട്ടില്ല. ജനുവരി 19ന് പി.എസ്ജി.ക്കെതിരെ നടക്കുന്ന മത്സരമാകും അല്‍ നസറിലെ റൊണാള്‍ഡോയുടെ അരങ്ങേറ്റ മത്സരം.

ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷന്‍ (എഫ്.എ) ഏര്‍പ്പെടുത്തിയ രണ്ട് മത്സര വിലക്കുള്ളതിനാലാണ് റൊണാള്‍ഡോയുടെ അരങ്ങേറ്റം വൈകിയത്.

സൗദി പ്രോ ലീഗില്‍ 14ന് അല്‍ ഷബാബിനെതിരെ നടക്കുന്ന മത്സരത്തിലും റൊണാള്‍ഡോ കളിക്കില്ലെന്ന് അല്‍ നസര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എത്തിഫാഖിനെതിരെ നടക്കുന്ന മത്സരത്തിലാകും റൊണാള്‍ഡോ അല്‍ നസര്‍ ജേഴ്സിയില്‍ ഇറങ്ങുക എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.

എന്നാല്‍ പി.എസ്.ജിക്കെതിരായ മത്സരത്തില്‍ തന്നെ അല്‍ നസര്‍ റൊണാള്‍ഡോയെ കളിപ്പിച്ചേക്കുമെന്നാണ് അല്‍ നസര്‍ പരിശീലകന്‍ റൂഡി ഗാര്‍ഷ്യ അറിയിച്ചത്.

Content Highlights: Ancelotti says Cristiano Ronaldo has no regrets over Al Nassr move