| Monday, 27th June 2022, 6:44 pm

ഇന്ത്യയില്‍ മുസ്‌ലിമായിരിക്കുക എന്നതിനേക്കാള്‍ വലിയ പ്രതിസന്ധിയാണ് ഒരു മുസ്‌ലിം ക്വിയറായിരിക്കുക

അനസ് എന്‍.എസ്.

സമൂഹം കേവലമായി രൂപപ്പെടുന്ന ഒരു ഘടനയല്ല. അതിന്റെ രൂപീകരണത്തില്‍ സ്വാധീനം ചെലുത്തുന്ന ഒട്ടനേകം ഘടകങ്ങളുണ്ട്. മതം, സംസ്‌കാരം, നിയമം, സദാചാരം, വൈദ്യജ്ഞാനം, ശാസ്ത്രാവബോധം എന്നീ ഘടകങ്ങള്‍ കൊണ്ടുതീര്‍ക്കുന്ന ഊടും പാവുമാണ് സമൂഹത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ നില.

ഇവിടെ ആര് അധികാരം കയ്യാളുന്നോ അവരുടെ ഇച്ഛയ്ക്കനുസരിച്ച് സാമൂഹികമായ സാധാരണത്വങ്ങള്‍ (Normality) രൂപംകൊള്ളുന്നു. നാം നിലനില്‍ക്കുന്ന സമൂഹം ഒരു സവര്‍ണമേധാവിത്ത- പിതൃഅധികാരകേന്ദ്രിത (patriarchal) സിസ്- ഹെറ്ററോ ലൈംഗികകേന്ദ്രിത (cis-heterosexual) അല്ലോലൈംഗികകേന്ദ്രിത (Allosexual) ഏബിള്‍ഡ്അനുകൂല (Ablistic) ഇടമായി തീരുന്നത് ഇത്തരത്തിലാണ്. ഈ അധികാരഘടനകളെ കൃത്യമായി തിരിച്ചറിയുക എന്നതും അതിനെ പൊളിച്ചുകാട്ടി പ്രതിരോധിക്കുക എന്നതുമാണ് നവോത്ഥാന പ്രകിയയുടെ കാതല്‍.

ജ്ഞാനത്തെ അഴിച്ചുപണിയുക (unlearning) എന്ന പ്രക്രിയയാണ് ശരിക്കും എല്ലാത്തരം നവോത്ഥാനയജ്ഞങ്ങളിലും കാണാനാവുന്നത്. നിലനില്‍ക്കുന്ന ധാരണകളെ പൊളിച്ചുമാറ്റിയല്ലാതെ നവോത്ഥാനപ്രക്രിയ സാധ്യമല്ല. നമുക്ക് ധാരണകള്‍ ഉണ്ടാക്കിത്തരുന്ന വിവിധഘടകങ്ങളെക്കുറിച്ച് തുടക്കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അത്തരം വ്യവഹാരങ്ങളുടെ (discourse) ആഖ്യാനാധികരത്തില്‍ (narrative power) നിന്നുകൊണ്ടാണ് സാധാരണം/ അസാധാരണം (normal/abnormal) എന്ന ദ്വന്ദ്വം (Binary) രൂപംകൊള്ളുന്നത്. ഇതുപോലെ അനേകം അപര/ സ്വത്വ ദ്വന്ദ്വനിര്‍മിതിയിലൂടെ (other/ self binary construction)യാണ് പാരമ്പര്യം നിലനിര്‍ത്തപ്പെടുന്നത്.

പാരമ്പര്യ ചിന്താരീതിയെ ഭരിക്കുന്നത് ഉയര്‍ന്നത്- താഴ്ന്നത് എന്ന വ്യക്തമായ ദ്വന്ദ്വവല്‍കരണമാണ്. ഏതാണോ ഉയര്‍ന്നതായി കണക്കാക്കപ്പെടുന്നത് അത്/ അവര് താഴ്ന്നതായി ആരെ/എന്തിനെ കണക്കാക്കുന്നുവോ അതിനെ പൂര്‍ണമായും വശംവദരാക്കാനോ ശുദ്ധീകരണത്തിന്റെ പേരില്‍ ഉന്മൂലനം ചെയ്യാനോ ശ്രമിച്ചുകൊണ്ടിരിക്കും. അടിച്ചമര്‍ത്തപ്പെടല്‍ എന്ന പേരില്‍ നാം നിരന്തരം അഭിസംബോധന ചെയ്യുന്ന കാര്യങ്ങള്‍ ഇത്തരത്തിലുള്ളവയാണ്. ഉയര്‍ന്നവര്‍ഗമായി സ്വയം കണക്കാക്കുക എന്നതാണ് അധികാരവര്‍ഗത്തിന്റെ തനതു സ്വഭാവം. നല്ലത്, ഗുണപരമായത് എന്നതിന്റെയൊക്കെ അളവുകോല്‍ ഇവരാല്‍ നിശ്ചയിക്കപ്പെടുന്നു. അത്തരം അളവുകോല്‍ ഒരുകാലത്തും മാറിമറിയുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ല. അവരുടെ ഔദാര്യത്തിലല്ലാതെയും അവരുടെ നിലനില്‍പിനെ ചോദ്യം ചെയ്തുകൊണ്ടും ഒക്കെ സംഭവിക്കുന്ന സാമൂഹികമാറ്റങ്ങളെ അവര്‍ ഇപ്പോഴും എതിര്‍ത്തുകൊണ്ടിരിക്കുന്നു.

ഒരു പുരുഷന്‍ അല്ലാതിരിക്കുക, ഒരു സവര്‍ണ വ്യക്തിയല്ലാതിരിക്കുക, ഒരു സിസ് ജെന്‍ഡര്‍ ഇതര- നോണ്‍ ബൈനറി വ്യക്തിയായിരിക്കുക, ഹെറ്ററോലൈംഗികരല്ലാതിരിക്കുക എന്നിവയെല്ലാം അധികാരത്തിന്റെ പുറത്തുമാത്രം നിലനിര്‍ത്തപ്പെടുന്ന വിവിധ അവസ്ഥകളാണ്. സവിശേഷ അധികാരം അഥവാ പ്രിവിലേജ് (privilege) ഉള്ള സാമൂഹികവിഭാഗം ഏത് എന്ന് ഓരോ സന്ദര്‍ഭത്തിലും മനസ്സിലാക്കാന് ശ്രമിക്കുമ്പോള്‍ പുരുഷന്‍ ആയിരിക്കുക, മേല്‍ജാതി ആയിരിക്കുക, ഏബിള്‍ഡായിരിക്കുക, സിസ്- ഹെറ്റെറോ വ്യക്തിയായിരിക്കുക എന്നിങ്ങനെയുള്ള വിവിധഘടകങ്ങളുടെ ഇടയടരുരീതിയിലുള്ള  (intersectional) കൂടിച്ചേരല്‍ കാണാന്‍ കഴിയും.

ഇവയില്‍ പല ഘടകങ്ങളുടെ പ്രശ്‌നകരമായ നിലയെക്കുറിച്ചും വളരെകാലം മുമ്പുതന്നെ സംവാദങ്ങള്‍ ആരംഭിച്ചിരുന്നു. സ്ത്രീവിമോചനമുന്നേറ്റങ്ങള്‍, ദളിത് സമരങ്ങള്‍ എന്നിവയുടെ രാഷ്ട്രീയപ്രസക്തി സാംസ്‌കാരികമായും പ്രത്യയശാസ്ത്രപരമായും അക്കാദമികമായും വളരെയേറെ അംഗീകരിക്കപ്പെടുമ്പോഴും എല്‍.ജി.ബി.ടി.ഐ.ക്യു.എ+ മനുഷ്യരുടെ മുന്നേറ്റങ്ങള്‍ സംഭവിക്കുന്നതും അവ അംഗീകരിക്കപ്പെടുന്നതും വളരെ കുറവായും വൈകിയും മാത്രമാണ്. അതിനുള്ള കാരണങ്ങള്‍ പലതാണ്.

സാധാരണവല്‍ക്കരിക്കപ്പെട്ട സ്വവര്‍ഗഭീതിയും ആന്തരികവല്‍ക്കരിക്കപ്പെട്ട സ്വവര്‍ഗഭീതിയും (Normalised Homophobia and Internalised Homophobia)

സ്വവര്‍ഗഭീതി എന്നത് വളരെ സാധാരണവല്‍കരിക്കപ്പെട്ട ഒരു പൊതുസമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഒരു വ്യക്തിക്ക് ആണായും പെണ്ണായും മാത്രമേ നിലനില്‍പ്പുള്ളൂ എന്നും അവര്‍ പരസ്പരം മാത്രമേ പ്രണയപരമായോ ലൈംഗികപരമായോ ബന്ധപ്പെടുകയുള്ളൂ എന്നും നിശ്ചയിച്ചുറപ്പിക്കപ്പെട്ട സാമൂഹ്യചിന്തയെ ഹെട്ടറോസാധാരണത്വം (Heterinormativity) എന്ന് പറയുന്നു. ഈ ഹെട്ടെറോസാധാരണസമൂഹത്തില്‍ രണ്ട് പുരുഷന്മാരുടെ പരസ്പരപ്രണയം അല്ലെങ്കില്‍ രണ്ട് സ്ത്രീകളുടെ പരസ്പരപ്രണയം എന്നിവ വളരെ അസ്വാഭാവികതയോടെ വീക്ഷിക്കപ്പെടുന്നു. അവര്‍ അത്തരത്തില്‍ പ്രണയിക്കുകയോ ലൈംഗികമായി ഇടപെടുകയോ ചെയ്യാന്‍ പാടില്ല എന്നും അത്തരം ചിന്തകളുണ്ടെങ്കില്‍ അവ എത്രയും വേഗം ‘ചികിത്സിച്ച്’ ‘നേര്‍വഴിക്ക്’ ആക്കപ്പെടണമെന്നും ഇവര്‍ നിഷ്‌കര്‍ഷിക്കുന്നു.

മതത്തിന്റെ ചട്ടക്കൂട്ടില്‍ ഇതിന് പാപത്തിന്റെ ചാപ്പയും വൈദ്യശാസ്ത്രത്തിന്റെ ചട്ടക്കൂടില്‍ ഇതിന് മാനസികവൈകല്യത്തിന്റെ ചാപ്പയും ചാര്‍ത്തപ്പെടുന്നു.ഇതിന് പൊതുവില്‍ പറയുന്ന കാരണം ഇത് ‘പ്രകൃതിവിരുദ്ധം’ ആണെന്നാണ്. വിക്ടോറിയന്‍ സദാചാരത്തിലും സെമിറ്റിക് മതപാരമ്പര്യത്തിലും പ്രാചീനമതശാസനങ്ങളിലും പ്രത്യുല്‍പാദനപരമായ ലിംഗയോനീസംയോജനമല്ലാത്ത എല്ലാത്തരം ബന്ധവും പ്രകൃതിവിരുദ്ധമാണ്. ചില മതശാസനങ്ങളില്‍ ലൈംഗികത പ്രത്യുല്‍പാദനപരമാവണം എന്ന നിര്‍ബന്ധമില്ലെങ്കിലും ലിംഗയോനീ ബന്ധം നിര്‍ബന്ധമാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള ലിംഗയോനീപരമല്ലാത്ത എല്ലാത്തരം സുരതങ്ങളും ഇത്തരത്തില്‍ വൈകൃതം എന്ന തരത്തില്‍ തന്നെ കണക്കാക്കപ്പെട്ടു.

കാമചിന്ത വളരെ മോശപ്പെട്ട ഒന്നാണ് എന്ന ബോധ്യം എല്ലാ മതങ്ങളെയും ഭരിക്കുന്നുണ്ട്. ദൈവത്തില്‍നിന്നുള്ള അകല്‍ച്ചയായാണ് മിക്ക മതങ്ങളും കാമാതുരതയെ കാണുന്നത്. ഭാര്യാഭര്‍ത്താക്കന്മാരുടെ ലൈംഗികതയിലും കുറ്റബോധവും പാപബോധവും സൃഷ്ടിക്കാനും ചിലതരം ലൈംഗികരീതികള്‍ ഭാര്യയോടൊപ്പം ചെയ്യുന്നത് മോശമാണ് എന്ന രീതിയില്‍ ചിന്തിപ്പിക്കുന്നതിനും മതബോധത്തിന് കഴിയുന്നു. ലൈംഗികത എന്ന ഏറ്റവും പാപവല്‍കരിക്കപ്പെട്ട ഒരു കര്‍മത്തിന്റെ സ്വാതന്ത്ര്യപ്രഖ്യാപനത്തിനായിരുന്നു യഥാര്‍ത്ഥത്തില്‍ എല്‍.ജി.ബി.ടി.ഐ.ക്യു.എ+ സമരങ്ങള്‍ കളമൊരുക്കിയത്. അവ നേരിടുന്നത് ഒരേസമയം ആന്തരികവല്‍കരിക്കപ്പെട്ട സ്വവര്‍ഗഭീതിയേയും സാധാരണവല്‍കരിക്കപ്പെട്ട സ്വവര്‍ഗഭീതിയേയും ആണ്.

തന്റെ ലൈംഗികത മോശമായ ഒന്നാണ് എന്നും താന്‍ ഒരു കുറഞ്ഞ വ്യക്തിത്വമുള്ള വ്യക്തിയാണ് എന്നും തന്റെ സ്വത്വം /താല്‍പര്യം ആരും അറിയാന്‍ പാടില്ല എന്നും സ്വവര്‍ഗാനുരാഗിയായ ഒരു വ്യക്തിക്ക് അപകര്‍ഷതാബോധത്തോടെ തോന്നുന്നു എന്നതാണ് ആന്തരികവല്‍ക്കരിക്കപ്പെട്ട സ്വവര്‍ഗഭീതി. ഹെറ്ററോ സാധാരണമായ ഒരു സമൂഹത്തില്‍ ഇത്തരം ചിന്തകളെ അതിജീവിക്കുക എന്നതാണ് ഒരു ക്വിയര്‍ വ്യക്തി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പുറത്തുവരല്‍ (coming out) എന്ന പ്രക്രിയയുടെ ഏറ്റവും സങ്കീര്‍ണമായ ഘട്ടം ഈ ചിന്തയെ മറികടന്ന് സ്വയം അംഗീകരിക്കുക എന്നതാണ്.
അപകര്‍ഷത സൃഷ്ടിച്ച് ഈ അതിജീവനത്തെ ഇല്ലാതാക്കാന്‍ കെല്‍പുള്ള രീതിയില്‍ ക്വിയര്‍ വിരുദ്ധരായി തന്നെ മുഖ്യവ്യവഹാരങ്ങള്‍ എല്ലാംതന്നെ നിലനില്‍ക്കുന്നു. ഈ അതിജീവനത്തിന് കരുത്തു പകരുന്നതിന് വേണ്ടിയാണ് സ്വാഭിമാനം (pride) എന്ന വാക്ക് കടന്നുവരുന്നത്. നമ്മള്‍ ഇന്നതാണ് എന്ന് പറയുന്നതില്‍ ആരെ ഭയക്കണം എന്ന ചോദ്യമാണ് ഇതിന്റെ കാതല്‍. 

വിപ്ലവഓര്‍മകളുടെ പ്രൈഡ് മാസം

1969 ജൂണ്‍ മാസത്തില്‍ ന്യൂയോര്‍ക്ക് നഗരത്തിലെ സ്റ്റോണ്‍വാള്‍ എന്ന് പേരുള്ള ഒരു രാത്രികാല സത്രത്തില്‍ എല്‍.ജി.ബി.ടി മനുഷ്യര്‍ക്ക് നേരിടേണ്ടി വന്ന പൊലീസ് അടിച്ചമര്‍ത്തലിനോട് നടത്തിയ ചെറുത്തുനില്‍പ്പിന്റെ ഓര്‍മയാണ് പ്രൈഡ് മാസാചരണത്തിന്റെ തുടക്കം. 1970ല്‍ ന്യൂയോര്‍ക്കില്‍ ആദ്യത്തെ പ്രൈഡ് മാര്‍ച്ച് നടത്തുകയുണ്ടായി. അന്നുവരെ രഹസ്യ ഇടങ്ങളില്‍, ഇരുട്ടിന്റെ മറവില്‍ പലരെയും പേടിച്ചുമാത്രം ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട ഒരുകൂട്ടം മനുഷ്യര്‍ പൊതുസ്ഥലത്ത് നമ്മളായി നിലകൊള്ളാന്‍ അവകാശം ചോദിച്ചതിന്റെയും ആ അവകാശം സ്വന്തമാക്കാന്‍ വേണ്ടി ഇറങ്ങിപ്പുറപ്പെട്ടതിന്റെയും ചരിത്രമാണ് പ്രൈഡ് മാസത്തില്‍ ഓര്‍ക്കപ്പെടുന്നത്.

ഭൂരിപക്ഷമായിരിക്കുന്ന ഒരു സമൂഹം ന്യൂനപക്ഷമായിരിക്കുന്ന ഒരു ജനതയെ പലവിധത്തില്‍ അടിച്ചമര്‍ത്താന്‍ നോക്കുന്നതിനോടുള്ള പ്രതികരണമാണ് ഓരോ പ്രൈഡ് മാസാചരണവും. സ്വാഭാവികമായ ഒരു ജൈവികചോദനയെയും യാഥാര്‍ത്ഥ്യത്തെയും മതത്തിന്റെയും മറ്റുപല വ്യവവഹാരങ്ങളുടെയും പേരില്‍ അടിച്ചമര്‍ത്താന്‍ നോക്കിയവര്‍ ഒരുപാടാണ്. അവരോടെല്ലാം പോരാടി നേടിയെടുത്ത നിലനില്‍പിനെ റദ്ദുചെയ്യാന്‍ ചില സ്ഥാപിതതാല്‍പര്യക്കാര്‍ ശ്രമിക്കുന്നത് വാസ്തവത്തില്‍ മനുഷ്യാവകാശലംഘനമാണ്.

അങ്ങേയറ്റം വൈവിധ്യം നിറഞ്ഞവരാണ് മനുഷ്യര്‍ എന്ന ആശയം മുന്നോട്ടുവെക്കുന്ന പ്രൈഡ് മാസം അതിന്റെ ചിഹ്നമായി ഉപയോഗിക്കുന്നത് മഴവില്‍ പതാകയാണ്. ആദ്യകാലത്തെ മഴവില്‍പതാകയിലെ നിറങ്ങളില്‍ നിന്ന് പരിഷ്‌കാരം സംഭവിച്ച് ആറ് നിറങ്ങളിലാണ് ഇന്നത്തെ പ്രൈഡ് പതാക രൂപകല്‍പന ചെയ്തിരിക്കുന്നത്. ഗില്‍ബെര്‍ട്ട് ബേക്കര്‍ എന്ന ബൈസെക്ഷ്വല്‍ ആക്ടിവിസ്റ്റിന്റെ രൂപകല്‍പനയിലുണ്ടായ ഈ പതാക മുന്നോട്ടുവെക്കുന്ന ആശയത്തിന്റെ രാഷ്ട്രീയപ്രാധാന്യം വളരെ ഉച്ചതയാര്‍ന്നതാണ്. ഈ നിറത്തോട് തന്നെ അസഹിഷ്ണുത കാട്ടുന്ന തരത്തിലാണ് നിലനില്‍ക്കുന്ന പല അധികാരവ്യവഹാരങ്ങളുടെയും ഇടപെടല്‍.

സ്വവര്‍ഗഭീതിയുടെ ചരിത്രത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇന്ത്യയിലെ മനുസ്മൃതി അടക്കമുള്ള നിയമസംഹിതയില്‍ സ്വവര്‍ഗലൈംഗികതയ്ക്കുള്ള ശിക്ഷ പ്രതിപാദിക്കുന്നുണ്ട്. ബൈബിളിലെ സോദോം ഗോമേറ കഥയും അതേ കഥയുടെ ഖുര്‍ആന്‍ ആവിഷ്‌കാരവും യൂറോപ്പ്, മധ്യകിഴക്കന്‍ പ്രദേശങ്ങള് എന്നിവിടങ്ങളിലെ സ്വവര്‍ഗഭീതിയെ ഊട്ടിയുറപ്പിച്ചു. യൂറോപ്യന്‍ അധിനിവേശവും ബ്രിട്ടിഷ് സാമ്രാജ്യത്യവും കോളനിവല്‍കൃതരാജ്യങ്ങളില്‍ അവരവരുടെ സദാചാരനിയമങ്ങള്‍ അടിച്ചേല്‍പിക്കുന്നതിന് കാരണമായി. അങ്ങനെ വിക്ടോറിയന്‍ സദാചാരപശ്ചാത്തലത്തില്‍ സ്വവര്‍ഗഭീതി പീനല്‍ നിയമരൂപം പ്രാപിക്കുകയും വൈകൃതം എന്നതിനൊപ്പം കുറ്റവാളി എന്ന പേരും ചാര്‍ത്തപ്പെട്ടു. ഇന്ത്യയില്‍ 2018 സെപ്റ്റംബര്‍ ആറ് വരെയും ആ ക്രിമിനല്‍വല്‍കരണം തുടര്‍ന്നു എന്നതുതന്നെ ബ്രിട്ടിഷ് സാമ്രാജ്യത്വപ്രേതത്തിനപ്പുറം സ്വവര്‍ഗഭീതിക്ക് കാരണങ്ങളുണ്ട് എന്നതിന് തെളിവാണ്.

കഴിഞ്ഞ വര്‍ഷത്തെ പ്രൈഡ് മാസത്തോടെയാണ് കേരളത്തിലെ എല്‍.ജി.ബി.ടി.ഐ.ക്യു.എ+ ചര്‍ച്ചാപരിസരം കൂടുതല്‍ സജീവമായത്. ലോക്ഡൗണ്‍, വെബിനാര്‍ സൗകര്യം, ക്ലബ്ഹൗസ് ചര്‍ച്ച എന്നീ ഘടകങ്ങള്‍ അതിന് കാരണമായി മാറിയിട്ടുണ്ട്. ഈ വര്‍ഷത്തെ പ്രൈഡ് മാസത്തില്‍ കേരളത്തിലെ ഒട്ടനേകം ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ സ്വമേധയാ പ്രൈഡ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് അനുകൂലമായ ചലനാത്മകത സമൂഹത്തിന് എപ്പോഴുമുണ്ട് എന്ന പ്രതീക്ഷ നല്‍കുന്നുണ്ട്. ഈ ചലനാത്മകതയെ ആശങ്കയോടെ കാണുന്ന ഒരു കൂട്ടരും അതിനോടൊപ്പം കൂടുതല്‍ സജീവമാകുന്നുണ്ട്.

പ്രൈഡ് മാസത്തിലെ മഴവില്‍ പേടി

മഴവില്‍ നിറത്തിലുള്ള കളിപ്പാട്ടങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന സൗദി അറേബ്യ, ഖത്തര്‍ ലോകകപ്പില്‍ മഴവില്‍ പ്രദര്‍ശനങ്ങള്‍ അനുവദിക്കുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച ആതിഥേയരാജ്യം, ആദില- നൂറ എന്ന രണ്ടുപേര്‍ ഒരുമിച്ച് ജീവിക്കാന്‍ കോടതിവരെ പോയി അവര്‍ക്കനുകൂലമായി വിധി വന്നപ്പോള്‍ അവരെ തേജോവധം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട ഇസ്‌ലാമിസ്റ്റുകള്‍, എല്‍.ജി.ബി.ടി.ഐ.ക്യൂ.എ+ മനുഷ്യരെല്ലാവരെയും റദ്ദ് ചെയ്യുന്നത് അജണ്ടയായി സ്വീകരിച്ച ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള മതരാഷ്ട്രീയ സംഘടനകള്‍ എന്നിങ്ങനെ മഴവില്‍ മനുഷ്യരെ എതിര്‍ചേരിയായി കാണുന്ന ഒരുകൂട്ടം സമകാലികമായി നിലനില്‍ക്കുന്നുണ്ട്.

‘ഇവരെയെല്ലാം ബന്ധിച്ച സാധനം’ മതബോധമാണ്. ഒരുകൂട്ടം മനുഷ്യര്‍ക്ക് ഈ ഭൂമിയില്‍ സ്വതന്ത്രജീവിതം അനുവദിച്ചുകൊടുക്കാന്‍ കഴിയില്ല, എന്ന് ഒട്ടും മനസ്താപമില്ലാതെ ഇവര്‍ നിരന്തരം പ്രസ്താവിക്കുന്നു. വിദേശഇറക്കുമതി, അമേരിക്കന്‍ ഗൂഢാലോചന, പ്രകൃതിവിരുദ്ധം, ലോകാവസാനം എന്നിങ്ങനെ സ്ഥിരം താക്കോല്‍വാക്കുകളിലൂടെ ഇവര്‍ ക്വിയര്‍വിരുദ്ധത പരത്തിക്കൊണ്ടേയിരിക്കുന്നു.

ഇന്ത്യയില്‍ ഒരു മുസ്‌ലിമായിരിക്കുക എന്നതിനേക്കാള്‍ വലിയ പ്രതിസന്ധിയാണ് ഒരു മുസ്‌ലിം ഭൂരിപക്ഷ ഇടത്തില്‍/ അന്തരീക്ഷത്തില്‍ ഒരു ക്വിയര്‍ വ്യക്തിയായിരിക്കുക എന്നത്. ഹിന്ദുത്വഭീകരത എന്ന് അഭിസംബോധന ചെയ്തുകൊണ്ട് എന്തൊക്കെ കാര്യങ്ങള് ഒരു മുസ്‌ലിം വ്യക്തിക്ക് പറയാനുണ്ടോ അതിനേക്കാള് തീവ്രമായി ഒരു ക്വിയര്‍വ്യക്തിക്ക് ഇസ്‌ലാമിസത്തെകുറിച്ച് പറയാനാവും. എങ്ങനെ ജീവിക്കണം എന്ന് അനുശാസിക്കുന്ന വേളയിലും എന്തൊക്കെ ചെയ്യരുത് എന്ന് അനുശാസിക്കുന്ന വേളയിലും പാപം എന്ന് അടയാളപ്പെടുത്തിയിട്ടുള്ള അനേകം കാര്യങ്ങളിലൊന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ സ്വവര്‍ഗ ലൈംഗികബന്ധം.

ഒരു വ്യക്തിയുടെ ജൈവീകവും സ്വാഭാവികവുമായ സവിശേഷതയാണ് ലൈംഗികതയും ലൈംഗികചായ്‌വും എന്ന് മനസ്സിലാക്കാന്‍ ആരംഭിക്കുന്നത് 19ാം നൂറ്റാണ്ടിന്റെ ഏറ്റവുമൊടുവിലാണ്. അതുവരെയും ഒരു മനുഷ്യന് ഇച്ഛാപൂര്‍വം ചെയ്യാനോ ചെയ്യാതിരിക്കാനോ കഴിയുന്ന ഒരു പ്രവൃത്തി എന്ന രീതിയിലായിരുന്നു സ്വവര്‍ഗരതിയെ കണ്ടിരുന്നത്. ഈ അറിവ് ‘ഉറയ്ക്കുന്നതിന്’ മുമ്പേ മൂര്‍ത്തീകരിക്കപ്പെട്ട മതങ്ങളില്‍ ഈ പരമ്പരാഗതചിന്തയാണ് അടിസ്ഥാനപരമായി സ്വീകരിച്ചിരിക്കുന്നത്. തങ്ങളുടെ ഗോത്രകാല ധാരണ ശരിയാണ് എന്ന് തെളിയിക്കാന്‍ പല കാര്യങ്ങളെകുറിച്ചും

കപടശാസ്ത്രത്തെ കൂട്ടുപിടിക്കുന്ന പരിപാടി ഇക്കാര്യത്തിലും ഇവര്‍ തുടരുന്നു. ഒന്നുകില്‍ തോന്നിവാസം അല്ലെങ്കില്‍ വൈകല്യം എന്നതുമാത്രമാണ് ക്വിയര്‍ മനുഷ്യരെകുറിച്ചുള്ള മതവക്താക്കളുടെ ചിന്ത. ക്വിയര്‍ മനുഷ്യരുടെ രാഷ്ട്രീയവും മനുഷ്യാവകാശപരവുമായ ആവശ്യങ്ങളെ ‘മാഫിയ’ എന്നൊക്കെ വിശേഷിപ്പിക്കാന്‍ അത്ര ആഴത്തില് വെറുപ്പും അബദ്ധധാരണയും ഉണ്ടായിരിക്കണം. തിരുത്തിനും സംവാദത്തിനും ശ്രമിക്കുന്നവരോട് ഹീനമായ ഭാഷയില്‍ കൊലവിളി വരെ നടത്തുന്ന രീതിയാണ് ഇവര്‍ വെച്ചുപുലര്‍ത്തുന്നത്. പണ്ട് ഇല്ലാതിരുന്നതും ഇപ്പോള്‍ ചില പാശ്ചാത്യര്‍ കൊണ്ടുവന്നതും അതിനെ പുരോഗമനത്തിന്റെ പേരില്‍ അംഗീകരിച്ച്, സ്വീകരിച്ച് അങ്ങനെ കുറച്ചുപേര് ജീവിക്കുകയുമാണ് എന്ന ഭാഷ്യമാണ് ഇസ്‌ലാമിന്റേതായി നിലനില്‍ക്കുന്നത്. ഇതിന് സ്വാഭാവികമായ ഒരു മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷ വെക്കുന്നതും അസ്ഥാനത്തായി പോവും.

ഡോമിനോ സിദ്ധാന്തത്തിന്റെ ചുവടുപിടിച്ചാണ് ക്വിയര്‍ വിരുദ്ധര്‍ സംവാദങ്ങളെ വഴിതിരിച്ച് വിടുക. ഇങ്ങനെ ചെയ്യുന്നവര്‍ നാളെ മറ്റുപലതിനും ആവശ്യപ്പെടും എന്ന തരത്തില്‍ ചര്‍ച്ചാസന്ദര്‍ഭങ്ങളെ റദ്ദാക്കുന്ന പ്രവണതയാണ് ഇവിടെ പയറ്റുന്നത്.
ന്യൂനപക്ഷമായിരിക്കുക എന്നത് ഈ സമൂഹത്തില്‍ വലിയൊരു രാഷ്ട്രീയവെല്ലുവിളിയാണ്. അത് ഏറ്റവും കൃത്യമായി അറിയുന്ന വ്യക്തികളാണ് മുസ്‌ലിങ്ങള്‍ എന്നതുതന്നെയാണ് ഇവരുടെ ക്വിയര്‍വിരുദ്ധ മനോഭാവം വാസ്തവവിരുദ്ധമാണ് എന്ന് പറയാനാവുന്നതിന്റെ കാരണം.

ക്വിയര്‍ മനുഷ്യരെല്ലാം പീഢിപ്പിക്കുന്നവരും ശിശുരതിക്കാരുമാണ് എന്ന് സ്വന്തം മതത്തിന്റെ മുഖം രക്ഷിക്കാന്‍ ഇരുട്ടിലേക്ക് വെടിയുണ്ട പായിക്കുന്നവര്‍ ചെയ്യുന്ന ദ്രോഹം വളരെ വലുതാണ്. എല്ലാ മുസ്‌ലിങ്ങളും അക്രമകാരികളും ഭീകരവാദികളുമാണ് എന്ന പ്രസ്താവന എത്ര പ്രശ്‌നകരമാണോ അത്രയും പ്രശ്‌നകരം തന്നെയാണ് അടിസ്ഥാനമില്ലാതെ ക്വിയര്‍ മനുഷ്യരെ വ്യക്തിഹത്യ ചെയ്യലും. മതത്തിനുള്ളത് ഒരു പ്രാചീനചരിത്രകാലത്തെ ഘനീഭവിച്ച അനുഭവമണ്ഡലമാണ്. അത് തന്നെയാണ് എല്ലാകാലത്തിന്റെയും എന്ന് ചിന്തിക്കുന്നത് വഴി ഇല്ലാതെ പോകുന്നത് ആ മതത്തിന്റെ രാഷ്ട്രീയപ്രസക്തിയാണ്.

Content Highlight: Anaz N.S. about Queer pride, LGBTIQA plus community and about being a Queer Muslim

അനസ് എന്‍.എസ്.

ക്വിയര്‍ വ്യക്തി, പി.എച്ച്.ഡി സ്‌കോളര്‍

Latest Stories

We use cookies to give you the best possible experience. Learn more