മലബാർ സ്ലാങ്ങിൽ വീണ്ടുമൊരു മോഹൻലാൽ ചിത്രം; മരക്കാറാവുമോ ബാപ്പൂട്ടി?
Entertainment
മലബാർ സ്ലാങ്ങിൽ വീണ്ടുമൊരു മോഹൻലാൽ ചിത്രം; മരക്കാറാവുമോ ബാപ്പൂട്ടി?
നവ്‌നീത് എസ്.
Thursday, 15th August 2024, 3:20 pm

കംപ്ലീറ്റ് ആക്ടർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നടനാണ് മോഹൻലാൽ. എന്നാൽ പലപ്പോഴും സ്ലാങ് മാറുമ്പോഴുള്ള ഡയലോഗ് ഡെലിവറിയുടെ പേരിൽ വിമർശനം നേരിട്ട നടനാണ് അദ്ദേഹം. മലബാർ പശ്ചാത്തലമാക്കി ഒരു സിനിമ ഒരുക്കുമ്പോൾ നായകൻ മോഹൻലാൽ ആണെങ്കിൽ പ്രേക്ഷകർക്കിടയിൽ ചർച്ചകൾ ആരംഭിക്കാറുണ്ട്.

മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ മുമ്പിറങ്ങിയ കിളിച്ചുണ്ടൻ മാമ്പഴം, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളിലെല്ലാം മോഹൻലാൽ സമാന വിമർശനം നേരിട്ടിരുന്നു. മരക്കാറിനെ പോലൊരു യോദ്ധാവിന് ചേരുന്ന സംഭാഷണ രീതിയല്ല മോഹൻലാലിന്റേതെന്ന് ചിലർ ചിത്രം ഇറങ്ങിയപ്പോൾ പറഞ്ഞിരുന്നു. മരക്കാർ വലിയ പരാജയം കൂടെയായപ്പോൾ സിനിമയിലെ പല രംഗങ്ങൾ വെച്ച് ട്രോളുകളടക്കം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

എം.ടി. വാസുദേവൻ നായരുടെ ഒമ്പത് കഥകളെ അടിസ്ഥാനമാക്കി ഒരുക്കിയ വെബ് സീരീസായ മനോരഥങ്ങൾ ഇന്ന് സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. സീരീസിൽ ഓളവും തീരവും എന്ന പ്രിയദർശൻ ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 1970ൽ മധുവിനെയും ഉഷ നന്ദിനിയും പ്രധാന കഥാപാത്രങ്ങളാക്കി കെ. എൻ മേനോൻ ഒരുക്കിയ ഓളവും തീരവും എന്ന ചിത്രത്തിന്റെ പുനർനിർമാണമാണ് പുതിയ സിനിമ.

എന്നാൽ മനോരഥങ്ങൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ മുതൽ വീണ്ടും ചർച്ചയായത് മോഹൻലാലിന്റെ സ്ലാങ് തന്നെയാണ്. മലബാർ പശ്ചാത്തലത്തിൽ ഒരു ചിത്രം വരുമ്പോൾ മോഹൻലാലിനെ കാസ്റ്റ് ചെയ്യുന്നതിനെ കുറിച്ച് അന്നും ചർച്ചകൾ നടന്നു. മനോരഥങ്ങളിൽ ഒട്ടും പ്രതീക്ഷയില്ലാത്ത ചിത്രമായും ചിലർ ഓളവും തീരത്തിനെയും കണ്ടിരുന്നു.

എന്നാൽ സ്ട്രീമിങ്ങിന് പിന്നാലെ മികച്ച അഭിപ്രായമാണ് ഓളവും തീരവും നേടുന്നത്. മലയാള സിനിമ ചരിത്രത്തിൽ ഏറെ സ്ഥാനമുള്ള ഒരു ചലച്ചിത്രത്തെ പുനർനിർമിക്കുമ്പോൾ അത് എത്രത്തോളം മികവ് പുലർത്തുമെന്നത് പ്രധാന കാര്യമാണ്. പ്രത്യേകിച്ച് മലയാളത്തിൽ ഏറ്റവും പോപ്പുലറായ മോഹൻലാൽ – പ്രിയദർശൻ കൂട്ടുക്കെട്ടിൽ ഒരു സിനിമ വരുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.

മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി നല്ല രീതിയിൽ തന്നെ മോഹൻലാൽ മലബാർ ഭാഷയോട് നീതി പുലർത്തുന്നുണ്ട്. അതിന് പ്രധാന കാരണം എം.ടിയുടെ എഴുത്ത് തന്നെയാണ്. 1950കളിലെ കഥ പറയുന്ന ഓളവും തീരത്തിലും ബാപ്പൂട്ടി എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്.

വിനോദ് കോവൂർ, അപ്പുണ്ണി ശശി, ജയരാജൻ കോഴിക്കോട് തുടങ്ങിയ മലബാറിലെ അഭിനേതാക്കളോടൊപ്പം സ്ലാങ്ങിൽ പിടിച്ചു നിൽക്കുകയെന്നത് ഒരു വെല്ലുവിളി തന്നെയാണ്. ബാബൂട്ടി എന്ന കഥാപാത്രത്തെ ഭംഗിയായി മോഹൻലാൽ അവതരിപ്പിച്ചിട്ടുണ്ട്. ഒരുപക്ഷെ ഡയലോഗ് ഡെലിവറിയിൽ കേട്ട വിമർശനങ്ങൾ മനസിലാക്കി മോഹൻലാലും പ്രിയദർശനും പുതിയ ശ്രമങ്ങൾ നടത്തിയിട്ടുണ്ടാവാം.

രണ്ട് മണിക്കോറോളമുള്ള പണ്ടത്തെ ഓളവും തീരത്തിനെയും ഒരു മണിക്കൂറിലേക്ക് ഒതുക്കുമ്പോഴുള്ള പരിമിതികൾ ഉണ്ടെങ്കിലും മോഹൻലാൽ അടക്കമുള്ള താരങ്ങളുടെ പ്രകടനവും മേക്കിങ് മികവുമെല്ലാം ഓളവും തീരത്തിന്റെയും ക്വാളിറ്റി ഉയർത്തുന്നുണ്ട്.

Content Highlight: Anaylysis of Mohanlal’s Malabar Slang In Olavum Theeravum , Manoradhangal

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം