| Saturday, 13th April 2024, 4:25 pm

മാസുണ്ട്, കോമഡിയുണ്ട്, ആക്ഷനുണ്ട് ഇത് രോമാഞ്ചത്തിലെ നിരൂപല്ല, ആവേശം തരുന്ന അമ്പാനാണ്

നവ്‌നീത് എസ്.

രോമാഞ്ചം എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാള പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടനാണ് സജിൻ ഗോപു. ജിത്തു മാധവൻ സംവിധാനം ചെയ്ത ഹൊറർ കോമഡി ചിത്രമായിരുന്നു രോമാഞ്ചം. ബാംഗ്ലൂരുവിൽ താമസിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ പറഞ്ഞ ചിത്രം കഴിഞ്ഞ വർഷം കേരള ബോക്സ്‌ ഓഫീസിൽ വമ്പൻ ചലനം ഉണ്ടാക്കിയിരുന്നു.

സൗബിൻ, അർജുൻ അശോകൻ എന്നിവരോടൊപ്പം മറ്റുതാരങ്ങളും മത്സരിച്ച് അഭിനയിച്ച ചിത്രത്തിൽ നിരൂപ് എന്ന കഥാപാത്രമായാണ് സജിൻ ഗോപു എത്തിയത്. കൂട്ടുകാരുടെ മുന്നിൽ ദേഷ്യക്കാരനായ ധൈര്യ ശാലിയായി അഭിനയിക്കുന്ന നിരൂപിനെ ഒരു നേതാവിന്റെ സ്ഥാനത്താണ് മറ്റുള്ളവർ കാണുന്നത്. എന്നാൽ അച്ഛനെ പേടിയുള്ള കൂട്ടത്തിൽ ഏറ്റവും ഭീരുവായ കഥാപാത്രമാണ് നിരൂപ്.

‘പൊതപ്പിച്ചു കിടത്തും ഞാൻ’ എന്ന നിരൂപിന്റെ ഡയലോഗ് മാത്രം മതി ആ കഥാപാത്രത്തെ എപ്പോഴും ഓർക്കാൻ. അർജുൻ അശോകന്റെ കഥാപാത്രം അനാമികയുടെ വീട് കാണിച്ചു കൊടുക്കുമ്പോഴുള്ള നിരൂപിന്റെ റിയാക്ഷൻ തിയേറ്ററിൽ കൂട്ടച്ചിരി പടർത്തിയിരുന്നു.

ഇപ്പോഴിതാ ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു തന്റെ രണ്ടാമത്തെ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഈ ഉത്സവക്കാലത്ത് പ്രേക്ഷകർക്ക് ആടി തിമിർക്കാനുള്ളതെല്ലാം ജിത്തു ഒരുക്കിയിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ അഴിഞ്ഞാട്ടമാണ് ചിത്രം. ഫഹദിനൊപ്പം തന്നെ ഏറ്റവും സ്ക്രീൻ ടൈമുള്ള കഥാപാത്രമായാണ് സജിൻ ഗോപു ചിത്രത്തിൽ എത്തുന്നത്.

രോമാഞ്ചത്തിൽ ഒരുപാട് ചിരിപ്പിച്ച സജിൻ ആവേശത്തിലേക്ക് വരുമ്പോൾ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്. എക്സ്പ്രഷൻസിലൂടെയും ഡയലോഗ് ഡെലിവറിയിലൂടെയും മാസും കോമഡിയും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിയുന്ന നടനാണെന്ന് സജിൻ ഗോപു തെളിയിക്കുന്നുണ്ട്.

പ്രത്യേകിച്ച് മാസ് രംഗങ്ങളിലെ മെയ്വഴക്കം ഡയലോഗ് ഡെലിവറിയുടെ ടൈമിങ്ങും സിറ്റുവേഷൻ അനുസരിച്ചുള്ള എക്സ്പ്രഷൻസും എടുത്ത് തന്നെ പറയണം. സീരിയസ് സിറ്റുവേഷൻസ് പോലും തന്റെ അസാധ്യമായ പ്രകടനത്തിലൂടെ സജിൻ ഗോപു പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്.

അമ്പാൻ എന്ന സജിന്റെ കഥാപാത്രം തീർച്ചയായും ആവേശത്തിന്റെ നട്ടെല്ല് തന്നെയാണ്. രംഗണ്ണന്റെ ഏറ്റവും വിശ്വസ്ഥനായ ഗുണ്ടയാണ് അമ്പാൻ. രംഗണ്ണന്റെ എല്ലാ കഥകളും അറിയുന്ന ഒരു ബോഡി ഗാർഡിനെ പോലെ കൂടെ നിൽക്കുന്ന കഥാപാത്രമാണ് അമ്പാൻ.

2015ൽ ഇറങ്ങിയ മുംബൈ ടാക്സി എന്ന ചിത്രത്തിലൂടെ അരങ്ങേറിയ സജിൻ ശ്രദ്ധിക്കപ്പെടുന്നത് ചുരുളി, ജാൻ എ മൻ എന്നീ ചിത്രങ്ങളിലൂടെയാണ്. ചുരുളിയിൽ ആ നാട്ടിലേക്കുള്ള പാലം കടക്കുന്നതോടെ സ്വഭാവം മാറുന്ന ജീപ്പ് ഡ്രൈവറെ ആരും മറക്കാൻ ഇടയില്ല. ജാൻ എ മനിലെ സജിയേട്ടനെയും ഒരിക്കലും പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല.

ആവേശത്തിലൂടെ മലയാള സിനിമയിലെ തന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുകയാണ് സജിൻ ഗോപു. മികച്ച കഥാപാത്രങ്ങൾ കിട്ടിയാൽ തിളങ്ങാൻ കഴിയുമെന്ന് ഉറപ്പുള്ള മറ്റൊരു അഭിനേതാവിനെയും കൂടെയാണ് മലയാള സിനിമക്ക് ലഭിച്ചിരിക്കുന്നത്.

Content Highlight:  Anaylsis  Of Performance Of Sajin Gopu In Aavesham Movie

നവ്‌നീത് എസ്.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more