| Sunday, 24th November 2024, 12:53 pm

ബേസിലെന്ന ഓൾ റൗണ്ടർ 'ഹിറ്റ് മെഷീൻ'

നവ്‌നീത് എസ്.

കുഞ്ഞിരാമായണം എന്ന ആദ്യ സിനിമയിലൂടെ തന്നെ സിനിമ പ്രേമികൾക്കിടയിൽ വലിയ ശ്രദ്ധ നേടിയ സംവിധായകനാണ് ബേസിൽ ജോസഫ്. പുതുമയുള്ള വ്യത്യസ്‍ത അവതരണ ശൈലിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ ബേസിൽ ജോസഫിന് കഴിഞ്ഞു. രണ്ടാമത്തെ ചിത്രമായ ഗോദയും വലിയ വിജയമായതോടെ മലയാളത്തിലെ പ്രോമിസിങ് ഡയറക്ടർമാരുടെ ലിസ്റ്റിൽ പേരുനേടാൻ ബേസിലിന് കഴിഞ്ഞു.

എന്നാൽ സംവിധാനത്തോടൊപ്പം തന്നെ ഇതിനിടയിൽ ചെറിയ കഥാപാത്രങ്ങളായി അഭിനയത്തിലും ബേസിൽ പരീക്ഷണം നടത്തുന്നുണ്ടായിരുന്നു. അപ്പ് ആൻഡ് ഡൗൺ മുകളിൽ ഒരാളുണ്ട്, ഹോംലി മീൽസ്, റോസാപ്പൂ, പടയോട്ടം തുടങ്ങിയവയെല്ലാം അവയിൽ പെടുന്നവയായിരുന്നു. എന്നാൽ മെല്ലെ മെല്ലെ മലയാളത്തിലെ തിരക്കുള്ള ഹാസ്യ താരമായി മാറാനും ബേസിലിന് കഴിഞ്ഞു. ഇതിനിടയിൽ മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമായ മിന്നൽ മുരളി കൂടെ പ്രഖ്യാപിച്ചതോടെ ഒരു സംവിധായകൻ എന്ന നിലയിൽ കേരളത്തിന് പുറത്തും ബേസിലിന്റെ സിനിമകൾ ശ്രദ്ധ നേടി.

ഒ.ടി.ടി. റിലീസിന് ശേഷം മിന്നൽ മുരളി വലിയ സ്വീകാര്യത നേടിയതോടെ ഹിറ്റ് മേക്കർ സംവിധായകരിൽ ഒരാളായ ബേസിൽ പിന്നീട് പൂർണമായി അഭിനയത്തിൽ ഫോക്കസ് ചെയ്യുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. ഹാസ്യ കഥാപാത്രങ്ങളിൽ നിന്ന് നായകനിലേക്കുള്ള കൂടുമാറ്റം ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

ജാൻ.എ.മൻ എന്ന ചിത്രത്തിലൂടെ പ്രധാന കഥാപാത്രമായി ബേസിൽ പ്രേക്ഷർക്ക് മുന്നിലെത്തിയപ്പോൾ സിനിമ വലിയ വിജയമായി മാറി. കോമഡി വേഷങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന ബേസിലിന്റെ മികച്ച പ്രകടനം കഠിന കഠോരമീ അണ്ഡകടാഹം എന്ന സിനിമയിലൂടെ മലയാളികൾ കണ്ടു. അധികം വൈകാതെ തന്നെ കുടുംബപ്രേക്ഷരുടെ ഇഷ്ടനടന്മാരിൽ ഒരാളായി മാറിയ ബേസിൽ തുടരെ തുടരെ വിജയ ചിത്രങ്ങളുടെ ഭാഗമാവുന്ന കാഴ്ചയാണ് മലയാള സിനിമ കണ്ടത്.

ഒരു ഷോട്ട് ഫിലിമിലൂടെ വിനീത് ശ്രീനിവാസന്റെ സഹ സംവിധായകനായി കരിയർ തുടങ്ങിയ ആ കൊച്ചു പയ്യൻ പെട്ടെന്ന് തന്നെ മലയാളത്തിന്റെ അവിഭാജ്യ ഘടകമായി മാറി.

പാൽത്തൂ ജാൻവർ, ഫാലിമി, ജയ ജയ ജയ ജയഹേ തുടങ്ങി നായകനായി എത്തിയ എല്ലാ ചിത്രവും ഹിറ്റ് ചാർട്ടിൽ കയറ്റിയ ബേസിൽ ജനപ്രിയ നായകരിൽ ഒരാളായി ഇതിനോടകം മാറിയിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ സ്റ്റാറുകൾ കളം നിറഞ്ഞു നിൽക്കുന്ന ഒരു ഫിലിം ഇൻഡസ്ട്രിയിൽ തന്റേതായ സ്ഥാനം ഒരു യുവ നടൻ ഉണ്ടാക്കിയെടുക്കുകയെന്നത് ഒട്ടും നിസ്സാരമല്ല. ഒരേ സമയം മികച്ച സംവിധായകനായും നടനായും മാറാൻ ബേസിലിന് സാധിക്കുന്നുവെന്നതാണ് ബേസിലിനെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്നത്.

ഇപ്പോൾ തിയേറ്ററിൽ തകർത്തോടുന്ന സൂക്ഷ്മദർശിനി എന്ന സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യതക്കും ബേസിൽ ജോസഫ് എന്ന കുഞ്ഞ് ബ്രാൻഡ് വലിയ പങ്കുവഹിക്കുന്നുണ്ട്. തുടരെ തുടരെ മിനിമം ഗ്യാരന്റീ ചിത്രങ്ങളുടെ ഭാഗമാവുന്ന ബേസിൽ ജോസഫും നാല് വർഷത്തെ ഇടവേളക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചു വരുന്ന നസ്രിയയും ടെക്‌നിക്കൽ സൈഡിലുള്ള പ്രഗൽഭരായ ആളുകളുമെല്ലാം സൂക്ഷ്മദർശിനിക്ക് കാത്തിരിക്കാനുള്ള കാരണങ്ങളായിരുന്നു.

മുമ്പൊന്നും കാണാത്ത വിധത്തിലുള്ള ക്യാരക്ടറൈസേഷൻ കൊണ്ടുവരാൻ ബേസിൽ ജോസഫ്‌ ശ്രമിച്ചിട്ടുണ്ട്. മാനുവൽ എന്ന കഥാപാത്രത്തെ വൃത്തിയായി അദ്ദേഹം സ്‌ക്രീനിൽ അവതരിപ്പിക്കുന്നുണ്ട്. കുറച്ചുകാലം മുമ്പ് ഇറങ്ങിയിരുന്നെങ്കിൽ ഒരുപക്ഷെ ഫഹദ് ഫാസിൽ പോലൊരു നടനിലേക്ക് പോകേണ്ട കഥാപാത്രമാണ് ബേസിൽ അതി മനോഹരമായി അവതരിപ്പിച്ചിട്ടുള്ളത്.

വ്യത്യസ്ത കഥാപാത്രങ്ങൾ തന്നാൽ ഞെട്ടിക്കുമെന്ന് തെളിയിക്കുകയാണ് ബേസിൽ. ഗുരുവായൂരമ്പല നടയിൽ, വർഷങ്ങൾക്ക് ശേഷം, അജയന്റെ രണ്ടാം മോഷണം, വാഴ എന്നിവയെല്ലാം ഈ വർഷം ഇറങ്ങിയ ബേസിൽ ജോസഫ് ചിത്രങ്ങളാണ്. ഇവയെല്ലാം വിജയ ചിത്രങ്ങളാണെന്ന് മാത്രമല്ല ഈ വർഷം വലിയ സാമ്പത്തിക നേട്ടം സ്വന്തമാക്കിയ സിനിമകളുമാണ്. ഇതിലേക്കുള്ള ലേറ്റസ്റ്റ് എൻട്രിയാണ് സൂക്ഷ്മദർശിനിയും.

മരണമാസ്, പ്രാവിൻകൂട് ഷാപ്പ്, പൊന്മാൻ തുടങ്ങി പ്രതീക്ഷയുള്ള സിനിമകളാണ് ബേസിലിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. തുടർച്ചയായി സൂപ്പർഹിറ്റുകൾ തന്ന് ഹിറ്റ് മെഷിനായി മാറുമ്പോഴും അജയന്റെ രണ്ടാം മോഷണം പോലുള്ള സിനിമകളിലൂടെ ചെറിയ കഥാപാത്രങ്ങളെയും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്.

സിനിമ സ്വപ്നം കണ്ടുനടക്കുന്ന ഒരു സാധാരണക്കാരന് തീർച്ചയായും പ്രചോദനമാക്കാവുന്ന വ്യക്തിയാണ് ബേസിൽ ജോസഫിന്റേത്. സൂപ്പർഹിറ്റ് സിനിമകൾ പോലെ മനോഹരമാണ് മലയാളത്തിലെ തിരക്കുള്ള നടനും സംവിധായകനുമായി മാറിയ ബേസിലെന്ന വയനാടുകാരന്റെ കഥയും. മിന്നൽ മുരളിയുടെ രണ്ടാം ഭാഗമടക്കുള്ള വലിയ സിനിമകൾ ഇനിയും സംവിധായകൻ ബേസിലിൽ നിന്ന് വരുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ.

Content Highlight: Anaylisis Of Basil Joseph Film Career

നവ്‌നീത് എസ്.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more