ഉക്രൈന് മേലുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് രാജി; പിന്നാലെ രാജ്യം വിട്ട് മുതിര്‍ന്ന റഷ്യന്‍ പ്രതിനിധി
World News
ഉക്രൈന് മേലുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് രാജി; പിന്നാലെ രാജ്യം വിട്ട് മുതിര്‍ന്ന റഷ്യന്‍ പ്രതിനിധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd March 2022, 10:45 pm

മോസ്‌കോ: അന്താരാഷ്ട്ര പ്രതിനിധി സ്ഥാനം രാജിവെച്ച് മുതിര്‍ന്ന് റഷ്യന്‍ ഉദ്യോഗസ്ഥന്‍ അനാറ്റോളി ചുബൈസ്. റഷ്യ ഉക്രൈന് മേല്‍ അധിനിവേശം നടത്തിയതിന് ശേഷം രാജി വെക്കുന്ന ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ചുബൈസ്.

രാജിക്ക് പിന്നാലെ അദ്ദേഹം രാജ്യം വിട്ടു. നിലവില്‍ ചുബൈസ് ഭാര്യയോടൊപ്പം തുര്‍ക്കിയിലാണെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

1990 കളില്‍ മുന്‍ പ്രസിഡന്റ് ബോറിസ് യെല്‍റ്റ്സിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ചുബൈസ് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ കീഴില്‍ വിവിധ ബിസിനസ്സ്, രാഷ്ട്രീയ രംഗങ്ങളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര സംഘടനകളുടെ പ്രത്യേക ദൂതനായി അദ്ദേഹം അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഉക്രൈന്‍ അധിനിവേശത്തോടെ സര്‍ക്കാരുമായി ഇദ്ദേഹം അകലുകയായിരുന്നു.

റഷ്യയില്‍ ഒരു പരിഷ്‌കര്‍ത്താവായാണ് ചുബൈസ് അറിയപ്പെട്ടിരുന്നത്. മുന്‍ റഷ്യന്‍ പ്രസിഡന്റ് ബോറിസ് യെല്‍റ്റ്‌സിന്‍ കീഴില്‍ ചുബൈസ് സ്വകാര്യവല്‍ക്കരണത്തിനും വിപണി പരിഷ്‌കരണങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നു.

കഴിഞ്ഞ മാസം റഷ്യ ഉക്രൈന്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ 2015 ല്‍ വെടിയേറ്റ് മരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് ബോറിസ് നെംത്സോവിന്റെ ചിത്രം ചുബൈസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. യുദ്ധത്തിനെതിരെയുള്ള വിമര്‍ശനമായാണ് ഈ പോസ്റ്റ് വിലയിരുത്തപ്പെട്ടത്.

Content Highlight: Anatoly Chubais, a senior Russian official resigned as international envoy