| Saturday, 2nd March 2024, 11:13 am

എനിക്കും പാരന്റ്‌സിനും അന്ന് എല്ലാവരെയും പോലെ പെണ്‍കുട്ടികള്‍ക്ക് സിനിമ സേഫല്ലെന്ന മെന്റാലിറ്റിയായിരുന്നു: അനശ്വര രാജന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനശ്വര രാജന്‍. 2017ല്‍ പുറത്തിറങ്ങിയ മഞ്ജു വാര്യര്‍ ചിത്രമായ ഉദാഹരണം സുജാതയിലൂടെയാണ് താരം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായ ആതിര എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിച്ചത്.

അതിന് ശേഷം നിരവധി ചിത്രങ്ങളിലൂടെ താരം ഏറെ ശ്രദ്ധേയയായി. ഏറ്റവും അവസാനമായി താരത്തിന്റേതായി തിയേറ്ററിലെത്തിയ ചിത്രമായിരുന്നു അബ്രഹാം ഓസ്ലര്‍. ഇപ്പോള്‍ ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ ഉദാഹരണം സുജാതയുടെ ഒഡീഷനെ കുറിച്ച് സംസാരിക്കുകയാണ് അനശ്വര രാജന്‍.

‘എക്സാമിന്റെ സമയത്തായിരുന്നു ഉദാഹരണം സുജാതയുടെ ഒഡീഷന്‍ നടക്കുന്നത്. അന്ന് എട്ടാം ക്ലാസ് കഴിഞ്ഞിരുന്നു. എനിക്കാണെങ്കില്‍ പഠിത്തത്തേക്കാള്‍ താത്പര്യം മറ്റുള്ള കാര്യങ്ങള്‍ക്കായിരുന്നു. വീട്ടില്‍ നിന്ന് എല്ലാവരും ഒഡീഷന് അയച്ചു കൊടുക്കാന്‍ പറഞ്ഞു.

‘കവി ഉദ്ദേശിച്ചത്’ എന്ന സിനിമയുടെ ഡയറക്ടര്‍ ഞങ്ങളുടെ ഫാമിലി ഫ്രണ്ടായിരുന്നു. അപ്പോള്‍ ആളും ആളുടെ അമ്മയും എന്നോട് ഒഡീഷന് വേണ്ടി അയച്ചു കൊടുക്കാന്‍ പറഞ്ഞു. ഞാന്‍ ആണെങ്കില്‍ അന്ന് സ്‌കിറ്റും മറ്റും ചെയ്യുമായിരുന്നു. അവര് പറഞ്ഞതല്ലേ എന്ന് കരുതി ഞാന്‍ ഒഡീഷന് അയച്ചു കൊടുത്തു.

എന്നാല്‍ പിന്നീട് ഒഡീഷന് വേണ്ടി വിളിച്ചപ്പോള്‍ ഫാമിലി മൊത്തം പാനിക്കായി. ഒഡീഷനോ സിനിമയോ എന്ന മട്ടിലായി. ടിപ്പിക്കല്‍ നാട്ടിന്‍പുറത്തുള്ളത് പോലെ സിനിമയെ പറ്റി വലിയ എന്തൊക്കെയോ ധാരണകളാണ്. എല്ലാവരെയും പോലെ എനിക്കും എന്റെ പാരന്‍സിനും പെണ്‍കുട്ടികള്‍ക്ക് സിനിമ സേഫല്ല എന്നൊരു മെന്റാലിറ്റി ഉണ്ടായിരുന്നു.

അങ്ങനെ ഒഡീഷന് പോകേണ്ടെന്ന് തീരുമാനിച്ചു. അടുത്ത ദിവസം കൊച്ചിയിലാണ് ഒഡീഷന്‍ നടക്കുന്നത്. അച്ഛനും അമ്മയ്ക്കും അതിന് വേണ്ടി ലീവ് എടുക്കേണ്ടി വരും. ചേച്ചിയാണ് പോയി നോക്കാന്‍ പറഞ്ഞത്. അങ്ങനെ ചേച്ചിയുടെ വാക്കിന് പുറത്ത് ഞങ്ങള്‍ ഒഡീഷന് പോവുകയായിരുന്നു,’ അനശ്വര രാജന്‍ പറഞ്ഞു.


Content Highlight:  Anaswara Rajan Talks About Udaharanam Sujatha Movie Audition

We use cookies to give you the best possible experience. Learn more