ആകാശത്ത് നിന്നെടുക്കാതെ ഭൂമിയില്‍ നിന്നെടുത്തൂടെയെന്ന് മീഡിയയോട് ചോദിച്ചിട്ടുണ്ട്; ആംഗിളാണ് പ്രശ്‌നം: അനശ്വര
Entertainment
ആകാശത്ത് നിന്നെടുക്കാതെ ഭൂമിയില്‍ നിന്നെടുത്തൂടെയെന്ന് മീഡിയയോട് ചോദിച്ചിട്ടുണ്ട്; ആംഗിളാണ് പ്രശ്‌നം: അനശ്വര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th January 2025, 2:51 pm

പ്രൈവസിയില്‍ ഇടപെടുന്ന മീഡിയയെ കുറിച്ച് സംസാരിക്കുകയാണ് നടി അനശ്വര രാജന്‍. പലപ്പോഴും പുറത്തുപോകുമ്പോള്‍ ഓണ്‍ലൈന്‍ മാധ്യമത്തിന്റെ വീഡിയോ എടുക്കല്‍ അണ്‍കംഫര്‍ട്ടബിള്‍ ആയി തോന്നാറുണ്ടെന്നും ചില സാഹചര്യങ്ങളില്‍ താന്‍ റിയാക്ട് ചെയ്തിട്ടുണ്ടെന്നും അനശ്വര പറയുന്നു.

വീഡിയോ എടുക്കുന്ന ആംഗിള്‍ ആണ് പ്രശ്‌നമെന്നും നിങ്ങള്‍ക്ക് ആകാശത്ത് നിന്ന് എടുക്കാതെ ഭൂമിയില്‍ നിന്ന് എടുത്തുകൂടേയെന്ന് ചോദിച്ചിട്ടുണ്ടെന്നും അനശ്വര വ്യക്തമാക്കി. അഭിമുഖങ്ങളില്‍ ചോദിക്കുന്ന ചോദ്യങ്ങളും തമ്പ്നെയില്‍സും സ്വകാര്യ ജീവിതത്തെ കുറിച്ചുള്ളതായിരുന്നെന്നും തമ്പ്നെയില്‍ മാറ്റാന്‍ വിളിച്ച് പറഞ്ഞിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. എഡിറ്റോറിയല്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനശ്വര രാജന്‍.

‘പലപ്പോഴും എവിടെയെങ്കിലും പോകുമ്പോഴുള്ള മീഡിയയുടെ വീഡിയോ എടുക്കല്‍ എനിക്ക് അണ്‍കംഫര്‍ട്ടബിള്‍ ആയി തോന്നിയിട്ടുണ്ട്. പലപ്പോഴും ഞാന്‍ അതിന് റിയാക്ട് ചെയ്തിട്ടുമുണ്ട്. നിങ്ങള്‍ക്ക് ആകാശത്ത് നിന്ന് എടുക്കാതെ ഭൂമിയില്‍ നിന്ന് എടുത്തൂടെയെന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്.

ഏതൊരാളായാലും, ഇപ്പോള്‍ ഒരു പുരുഷന്‍ ഷര്‍ട്ടിട്ട് വണ്ടിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ മുകളില്‍ നിന്ന് വീഡിയോ എടുത്താലും ഇങ്ങനെയേ കാണുകയുള്ളു. കുറെ അവസരങ്ങളില്‍ എനിക്കത് തോന്നിയിട്ടുമുണ്ട്. എനിക്കിത് പറയാനേ കഴിയു. ഞാന്‍ ഇത് പറഞ്ഞിട്ടും അവര്‍ ക്യാമറ മാറ്റിയില്ലെങ്കില്‍ പിന്നെ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല.

അതുപോലെ ഒരുകാലത്ത് എനിക്ക് ഏറ്റവും കൂടുതല്‍ ഹേറ്റ് വരാനുള്ള കാരണം ഞാന്‍ ഇന്റര്‍വ്യൂസില്‍ ഭയങ്കര ഓവര്‍ സ്മാര്‍ട്ടാണ്. എടുത്ത് ചാടി സംസാരിക്കുന്നു, എന്നുള്ളതൊക്കെ ആയിരുന്നു. അതിന് ശേഷം ഞാന്‍ കൊടുക്കുന്ന അഭിമുഖങ്ങളില്‍ എല്ലാം വല്ലാതെ ഒതുങ്ങി പോയി. എന്നെ അറിയുന്നവരെല്ലാം അത് കണ്ടിട്ട് നീ എന്താ അങ്ങനെ സംസാരിക്കുന്നത് എന്ന് ചോദിച്ചിട്ടുണ്ട്.

അതിന് ശേഷം അതെല്ലാം മൈന്‍ഡ് ആകാതെ ഞാന്‍ ആയിത്തന്നെ നില്‍ക്കാന്‍ ശ്രമിക്കാറുണ്ട്. അതുപോലെ ഓരോ ഇന്റര്‍വ്യൂസിലും അവര്‍ ചോദിക്കുന്ന ചോദ്യങ്ങളും തമ്പ്നെയില്‍സും എല്ലാം പേഴ്‌സണല്‍ ലൈഫിനെ പറ്റിയെല്ലാം ആയിരിക്കും.

ഡേറ്റ് ചെയ്യുന്നുണ്ടോ, തേച്ചിട്ടുണ്ടോ, ഇങ്ങനെയൊക്കയായിരിക്കും ഇവര്‍ മിക്കപ്പോഴും ചോദിക്കുന്ന ചോദ്യം. ഏറ്റവും കോമഡി അവരുടെ തമ്പ്നെയില്‍സും ആയിരിക്കും. പലപ്പോഴും അവരെ വിളിച്ച് അത് മാറ്റാന്‍ വേണ്ടി ഞാന്‍ പറഞ്ഞിട്ടുണ്ട്,’ അനശ്വര രാജന്‍ പറയുന്നു.

Content Highlight: Anaswara Rajan Talks About Online Media