ചുരുങ്ങിയ കാലം കൊണ്ട് ഇന്ന് മലയാള സിനിമാ ലോകത്ത് തിളങ്ങി നില്‍ക്കുന്ന നായികമാരില്‍ ഒരാളാണ് അനശ്വര രാജന്‍. ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ ചലചിത്രരംഗത്തേക്കുള്ള അരങ്ങേറ്റം. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യയാണ് താരത്തിന്റെ പുതിയ ചിത്രം.
നേര് എന്ന ചിത്രത്തിന് മുമ്പും ശേഷവും എന്തൊക്കെ മാറ്റങ്ങള്‍ തന്റെ അഭിനയജീവിതത്തില്‍ ഉണ്ടായിട്ടുണ്ട് എന്നതിനെ കുറിച്ചും നേരിന്റെ കാസ്റ്റിങ്ങിനെ പറ്റിയും സംസാരിക്കുകയാണ് അനശ്വര രാജന്‍. നേര് ഇറങ്ങിയതിന് ശേഷം തനിക്ക് ആത്മവിശ്വാസം കൂടിയെന്നും, സിനിമ കണ്ടതിന് ശേഷം തനിക്ക് വളരെ അഭിമാനം തോന്നിയിരുന്നെന്നും റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് അനശ്വര.
‘എനിക്ക് എന്റെ സിനിമ എന്നുള്ളത് ‘ആഫ്റ്റര്‍ നേര്’, ‘ബിഫോര്‍ നേര്’ എന്നിങ്ങനെ പറയാന്‍ പറ്റും. കാരണം നേര് ഇറങ്ങിയതിന് ശേഷം ഞാന്‍ കുറച്ചുകൂടെ കോണ്‍ഫിഡന്റായി. യെസ്, ഐ കുഡ് ഡു ദിസ് എന്നത് പ്രൂവ് ചെയ്യാന്‍ പറ്റി എന്നൊരു കോണ്‍ഫിഡന്‍സ് നേരിന് ശേഷം എനിക്ക് വന്നു,’ അനശ്വര രാജന്‍ പറഞ്ഞു.
നേര് റിലീസായ ദിവസം നാട്ടില്‍ ഇല്ലാതിരുന്ന താന്‍ റിവ്യൂ കണ്ടാണ് പടം നല്ലതാണെന്ന് മനസിലാക്കിയതെന്നും, ആളുകള്‍ക്ക് പടം ഇഷ്ടമായെന്ന് തനിക്ക് മനസിലായെന്നും താരം കൂട്ടിചേര്‍ത്തു. ജീത്തു ജോസഫിന്റെ ഭാര്യ വിളിച്ച് സംസാരിക്കുകയും അതിന് ശേഷം ഒരുപാട് ആളുകള്‍ വിളിച്ച് നല്ല അഭിപ്രായം പറയുകയും ചെയ്തെന്നും അനശ്വര പറഞ്ഞു.
‘നേര് റിലീസായതിന് ശേഷം ഞങ്ങള്‍ ആരും ഫോണ്‍ എടുക്കുന്നില്ല. അമ്മ മാത്രമാണ് സൈഡില്‍ ഇരുന്ന് റിവ്യൂ വായിക്കുന്നത്, ചേച്ചിയും ഞാനൊന്നും റിവ്യൂസ് നോക്കുന്നേയില്ല. ചേച്ചി പറയുന്നുണ്ട്, വേണ്ട നമുക്ക് റിവ്യൂസ് നോക്കണ്ട, നമുക്ക് കൊച്ചിയിലെത്തി പടം കാണാമെന്ന്.
ഞാന്‍ ജസ്റ്റ് ഫോണ്‍ എടുത്ത് റിവ്യൂ നോക്കി. പടം രസായിട്ടുണ്ട്. എന്റെ ക്യാരക്ടറും ഞാന്‍ അഭിനയിച്ചതും കൊള്ളാം എന്ന് കണ്ടപ്പോള്‍ തന്നെ ഐ ഫെല്‍ട്ട് ഓക്കെ. എനിക്ക് വളരെ ടെന്‍ഷന്‍ ഉണ്ടായിരുന്നു, ആളുകള്‍ എത്രത്തോളം ഈ ക്യാരക്ടര്‍ ഏറ്റടുക്കുമെന്നുള്ളത്. അതിന് ശേഷം പടം കണ്ടുകഴിഞ്ഞ് ആളുകള്‍ കൈയടിക്കുന്നത് കണ്ടപ്പോള്‍ വളരെ പ്രൗഡായിരുന്നു എനിക്ക് ആ മൊമന്റ്,’ അനശ്വര രാജന്‍ പറഞ്ഞു.
Content Highlight: Anaswara Rajan Talks About Neru Movie