| Wednesday, 27th November 2024, 1:54 pm

ലാല്‍ സാറിന്റെ ആ സീന്‍ മോണിറ്ററില്‍ കണ്ടതും വൗ എന്ന് തോന്നി: അനശ്വര രാജന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ എത്തി വലിയ വിജയമായ മോഹന്‍ലാല്‍ ചിത്രമായിരുന്നു നേര്. ശാന്തി മായാദേവിയും സംവിധായകനും ചേര്‍ന്ന് തിരക്കഥയെഴുതിയ ഈ സിനിമ 2023ലായിരുന്നു പുറത്തിറങ്ങിയത്. കോര്‍ട്ട് റൂം ഡ്രാമയായി എത്തിയ നേരില്‍ മോഹന്‍ലാല്‍ വിജയമോഹന്‍ എന്ന അഡ്വക്കേറ്റായാണ് അഭിനയിച്ചത്.

നേരില്‍ മോഹന്‍ലാലിനൊപ്പം പ്രിയാമണി, അനശ്വര രാജന്‍, ശാന്തി മായാദേവി, സിദ്ദിഖ്, ശങ്കര്‍ ഇന്ദുചൂഡന്‍, ജഗദീഷ്, കെ.ബി. ഗണേഷ് കുമാര്‍ എന്നിവരായിരുന്നു മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയത്. സാറ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ അനശ്വര അവതരിപ്പിച്ചത്.

ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ കേസ് ജയിച്ചതിന്റെ സന്തോഷത്തില്‍ മോഹന്‍ലാലിന്റെ വിജയമോഹന്‍ എന്ന കഥാപാത്രത്തിന്റെ കണ്ണ് നിറയുമ്പോള്‍ അനശ്വര കൈകൂപ്പി നില്‍ക്കുന്ന ഒരു സീനുണ്ടായിരുന്നു. ആ സീനിനെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും പറയുകയാണ് നടി. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനശ്വര രാജന്‍.

‘നേര് സിനിമയിലെ ക്ലൈമാക്‌സിലെ ആ സീന്‍ ഷൂട്ട് ചെയ്യാനായി ആകെ നാല് ക്യാമറകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. സിനിമയില്‍ ലാല്‍ സാറിന്റെ കൂടെയാണ് ഞാന്‍ അഭിനയിക്കേണ്ടത്. അതില്‍ അഭിനയിക്കുമ്പോള്‍ ലാല്‍ സാര്‍ എന്ന നടനേക്കാള്‍ വിജയമോഹന്‍ എന്ന അഡ്വക്കേറ്റിനെയായിരുന്നു ഞാന്‍ അവിടെ കണ്ടത്.

ആ മനുഷ്യന്റെ കണ്ണില്‍ നിന്ന് വെള്ളം വരുന്ന സമയത്ത് ഞാന്‍ അദ്ദേഹത്തിന് മുന്നില്‍ കൈ കൂപ്പി നില്‍ക്കുന്നതാണ് സീന്‍. ആ ആക്ടറിനെ അല്ലെങ്കില്‍ വിജയമോഹന്‍ വക്കീലിനെ കാണുമ്പോഴുള്ള ആത്മസംതൃപ്തിയാണ് എനിക്ക് ആ സീന്‍ ചെയ്യുമ്പോള്‍ തോന്നിയത്.

ക്ലൈമാക്‌സിലെ ആ സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് സെറ്റിലുള്ള എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. സിനിമ മുഴുവന്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോഴും എല്ലാവരും ഒരുപാട് സന്തോഷത്തില്‍ തന്നെയായിരുന്നു. എന്നാല്‍ ആ സീന്‍ മോണിറ്ററിന് പിന്നില്‍ നിന്ന് കാണുമ്പോള്‍ എനിക്ക് വൗ എന്നാണ് തോന്നിയത്. സ്‌ക്രീനില്‍ കണ്ടപ്പോഴും അങ്ങനെ തന്നെയായിരുന്നു,’ അനശ്വര രാജന്‍ പറഞ്ഞു.

Content Highlight: Anaswara Rajan Talks About Mohanlal’s Character In Neru Movie

We use cookies to give you the best possible experience. Learn more