എന്നെ സംബന്ധിച്ച് ആ നടന്‍ ഒരു അത്ഭുതമാണ്: അനശ്വര രാജന്‍
Entertainment
എന്നെ സംബന്ധിച്ച് ആ നടന്‍ ഒരു അത്ഭുതമാണ്: അനശ്വര രാജന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 7th January 2025, 2:05 pm
മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുകയാണ് നടി അനശ്വര രാജന്‍

ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ 2023ല്‍ പുറത്തിറങ്ങിയ ഒരു വിജയ ചിത്രമായിരുന്നു നേര്. മോഹന്‍ലാലിന് പുറമെ അനശ്വര രാജന്‍, പ്രിയാമണി, ശാന്തി മായാദേവി, സിദ്ദിഖ്, ശങ്കര്‍ ഇന്ദുചൂഡന്‍, ജഗദീഷ്, കെ.ബി. ഗണേഷ് കുമാര്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു നേരിനായി ഒന്നിച്ചത്. ചിത്രത്തിന് തിയേറ്ററില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുകയാണ് അനശ്വര രാജന്‍. താന്‍ കണ്ടുവളര്‍ന്ന നടനാണ് മോഹന്‍ലാലെന്നും മോഹന്‍ലാലിന്റെ കൂടെ ഒരേ സ്‌പേസില്‍ അഭിനയിക്കുമ്പോള്‍ ഇത് യാഥാര്‍ഥ്യമാണോ എന്ന് ഇടക്കെല്ലാം തോന്നുമായിരുന്നെന്ന് അനശ്വര പറയുന്നു. മോഹന്‍ലാല്‍ ഒരു കഥാപാത്രത്തിലേക്ക് സ്വിച്ച് ചെയ്യുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അത് നേരിട്ട് കാണുന്നത് നേര് എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണെന്നും നടി പറഞ്ഞു.

മോഹന്‍ലാല്‍ അഭിനയിക്കുന്നത് കണ്ട് പഠിക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും എന്നാല്‍ അദ്ദേഹത്തിന്റെ അഭിനയം കണ്ട് അത്ഭുതപ്പെട്ട് നിന്നിട്ടുണ്ടെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു. തന്നെ സംബന്ധിച്ച് മോഹന്‍ലാല്‍ എന്ന നടന്‍ ഒരു അത്ഭുതമാണ് എന്നും അനശ്വര പറഞ്ഞു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനശ്വര രാജന്‍.

‘ഞാനെല്ലാം കണ്ട് വളര്‍ന്ന വ്യക്തിയാണ് ലാല്‍ സാര്‍. അദ്ദേഹത്തിന്റെ കൂടെ ഒരു സ്‌ക്രീനില്‍, ഒരേ സ്‌പേസില്‍ അഭിനയിക്കുമ്പോള്‍ ഇടക്കൊക്കെ ഇതൊക്കെ യാഥാര്‍ത്ഥമാണോ എന്നുപോലും ഞാന്‍ ചിന്തിച്ചിട്ടുണ്ട്. റിയാലിറ്റി ചെക്ക് പോലെ ഒക്കെ എനിക്ക് തോന്നിയിട്ടുണ്ട്.

‘ലാല്‍ സാറെല്ലാം ഒരു കഥാപാത്രത്തിലേക്ക് സ്വിച്ച് ചെയ്യുന്നതിനെ പറ്റി ഞാന്‍ കേട്ടിട്ടുണ്ട്. അത്രയും നേരം ഒരാളോട് സംസാരിച്ചുകൊണ്ട് നില്‍ക്കും. ടേക്ക് പറയുമ്പോള്‍ സ്വിച്ച് ഇട്ടപോലെ കഥാപാത്രത്തിലേക്ക് കയറും. അത് ഞാന്‍ കണ്ടത് ‘നേര്’ എന്ന സിനിമ ചെയ്യുമ്പോഴാണ്.

കണ്ട് പഠിക്കാനൊന്നും എനിക്ക് കഴിഞ്ഞില്ല. പക്ഷെ അദ്ദേഹത്തെ കണ്ട് ഞാന്‍ അത്ഭുതപ്പെട്ട് നിന്നിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം മോഹന്‍ലാല്‍ എന്ന നടന്‍ ഒരു അത്ഭുതമാണ്. അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് നേരിട്ട് കാണുന്നതിലായിരുന്നു ഞാന്‍ കൂടുതല്‍ എക്‌സൈറ്റഡായിരുന്നത്,’ അനശ്വര രാജന്‍ പറയുന്നു.

Content Highlight: Anaswara Rajan Talks About Mohanlal And Neru movie