Entertainment
കുറച്ച് ഓവറായി ഞാന്‍ ചെയ്ത കഥാപാത്രം; ഞാനുമായി സാമ്യതകളുണ്ട്: അനശ്വര രാജന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 13, 10:27 am
Thursday, 13th February 2025, 3:57 pm

കുറഞ്ഞ കാലം കൊണ്ടുതന്നെ മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായി ഉയര്‍ന്നുവന്ന അഭിനേതാവാണ് അനശ്വര രാജന്‍. 2017ല്‍ മഞ്ജു വാര്യരിനൊപ്പം ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനശ്വര അഭിനയ ലോകത്തേക്ക് കടന്ന് വരുന്നത്. പിന്നീട് അനശ്വര അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ മികച്ച വിജയമായി മാറി.

അനശ്വര രാജന്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പൈങ്കിളി. വാലന്റൈന്‍സ് ഡേയില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ സജിന്‍ ഗോപുവാണ് നായകന്‍. ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്.

പൈങ്കിളി എന്ന ചിത്രത്തെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും സംസാരിക്കുകയാണ് അനശ്വര രാജന്‍. താന്‍ ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ് പൈങ്കിളിയിലേതെന്നും തന്റെ മാനറിസവുമായി കുറേകൂടി സാമ്യതയുള്ള കഥാപാത്രമാണ് അതെന്നും അനശ്വര പറഞ്ഞു.

പൈങ്കിളിയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ ആദ്യമെല്ലാം താന്‍ അഭിനയിക്കുമ്പോള്‍ സംവിധായകനും തിരക്കഥാകൃത്തും കുറേകൂടി മീറ്റര്‍ കൂട്ടി അഭിനയിക്കാന്‍ പറയുമെന്നും എന്നാല്‍ ഓവറായി പോകുമോ എന്ന് തനിക്ക് പേടിയുണ്ടായിരുന്നെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബാക്കി അഭിനേതാക്കളും കൂടി വന്ന് പെര്‍ഫോം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ താനും മീറ്റര്‍ കൂട്ടി അഭിനയിക്കാന്‍ തുടങ്ങിയെന്നും അനശ്വര പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അനശ്വര രാജന്‍.

‘ഞാന്‍ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമാണ് പൈങ്കിളിയിലേത്. എന്റെ കുറേ മാനറിസവുമായി എനിക്ക് കുറേക്കൂടെ സാമ്യത ഉണ്ടെന്ന് തോന്നിയിട്ടുണ്ട്.

ഞാന്‍ വളരെ ആക്റ്റീവ് ആയിട്ടുള്ള, ഓടിച്ചാടി നടക്കുന്ന ഒരാളാണ്. അങ്ങനെയുള്ള ഞാന്‍ ഫ്രീയായി അഭിനയിക്കുന്നത് ഇപ്പോള്‍ പൈങ്കിളിയിലാണ്.

ആദ്യത്തെ ഒരാഴ്ച അഭിനയിക്കുമ്പോള്‍ ശ്രീജിത്തേട്ടനും ജിത്തുവേട്ടനുമെല്ലാം കുറച്ചുകൂടെ മീറ്റര്‍ കൂട്ട് എന്ന് പറയുമ്പോള്‍ അത്രയും വേണോ എന്നൊക്കെയാണ് ഞാന്‍ ആലോചിച്ചത്. ഓവറായി പോകുമോ എന്നെല്ലാം കരുതി കുറച്ച് പിടിച്ചായിരുന്നു ഞാന്‍ അഭിനയിച്ചിട്ടുള്ളത്. പിന്നെ ബാക്കിയുള്ളവരെല്ലാം വന്നപ്പോള്‍ ഞാനും ആ മീറ്ററിലേക്ക് കേറി,’ അനശ്വര രാജന്‍ പറയുന്നു.

Content highlight: Anaswara Rajan talks about her character in Painkili movie