ആ സീൻ ഇപ്പോഴും മോണിറ്ററിൽ കാണുമ്പോൾ എനിക്ക് വൗ എന്ന് തോന്നും: അനശ്വര രാജൻ
Entertainment
ആ സീൻ ഇപ്പോഴും മോണിറ്ററിൽ കാണുമ്പോൾ എനിക്ക് വൗ എന്ന് തോന്നും: അനശ്വര രാജൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th December 2023, 11:15 am

ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് നേര്. ചിത്രം മികച്ച അഭിപ്രായം നേടി ബോക്സ്‌ ഓഫീസിൽ മുന്നേറി കൊണ്ടിരിക്കുകയാണ്.

തന്റെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു കോർട്ട് റൂം ഡ്രാമയായാണ് ജീത്തു നേര് അണിയിച്ചൊരുക്കിയിട്ടുള്ളത്. നടി അനശ്വര രാജനാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

സാറ എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് അനശ്വര കാഴ്ചവെച്ചിരിക്കുന്നത്. സിനിമയുടെ ക്ലൈമാക്സിൽ മോഹൻലാലും അനശ്വര രാജനും ഒന്നിച്ച് വരുന്ന സീൻ ചിത്രം കണ്ട പ്രേക്ഷകർ ആരും മറക്കാനിടയില്ല. ആ സീനിനെ കുറിച്ച് പറയുകയാണ് അനശ്വര രാജൻ.

സീനിൽ അഭിനയിക്കുമ്പോൾ മോഹൻലാൽ എന്ന നടനെയല്ല മറിച്ച് വിജയ് മോഹൻ എന്ന കഥാപാത്രത്തെയാണ് താൻ കണ്ടതെന്നും ആ സീനിന് ശേഷം എല്ലാവർക്കും ഒരുപാട് സന്തോഷമായെന്നും താരം പറയുന്നു. ഇപ്പോഴും മോണിറ്ററിൽ ആ സീൻ കാണുമ്പോൾ വൗ എന്ന് തോന്നുമെന്നും മൂവി വേൾഡ് മീഡിയക്ക്‌ നൽകിയ അഭിമുഖത്തിൽ അനശ്വര കൂട്ടിച്ചേർത്തു.

‘ആ സീൻ ഷൂട്ട്‌ ചെയ്യുമ്പോൾ നാല് ക്യാമറകൾ ടോട്ടൽ ഉണ്ടായിരുന്നു. ലാൽ സാറിന്റെ കൂടെ അഭിനയിക്കുമ്പോൾ ലാൽ സാർ എന്ന ആക്ടറേക്കാൾ വിജയ് മോഹൻ എന്ന അഡ്വക്കേറ്റിനെയായിരുന്നു എനിക്ക് കാണാൻ സാധിച്ചത്. ഒരുപാട് ദുർബലനായ അതേസമയത്ത് തന്നെ നല്ല കഴിവുള്ള ആ മനുഷ്യന്റെ കണ്ണിൽ നിന്ന് വെള്ളം വരുന്ന സമയത്ത് ഞാൻ മുന്നിൽ കൈ കൂപ്പി നിൽക്കുകയാണ്.

ആ ഒരു ആക്ടറിനെ അല്ലെങ്കിൽ വിജയ് മോഹനെ കാണുമ്പോഴുള്ള ആത്മസംതൃപ്ത്തിയാണ് എനിക്ക് ആ സീനിൽ തോന്നിയത്. ആ സീൻ ഷൂട്ട്‌ ചെയ്യുന്ന സമയത്ത് സെറ്റിൽ ഉള്ള എല്ലാവരും ഭയങ്കര ഹാപ്പി ആയിരുന്നു. സിനിമ മുഴുവൻ കഴിഞ്ഞപ്പോഴും എല്ലാവരും ഒരുപാട് സന്തോഷത്തിൽ ആയിരുന്നു.

ഇപ്പോഴും ആ സീൻ മോണിറ്ററിന് പിന്നിൽ നിന്ന് കാണുമ്പോൾ എനിക്ക് വൗ എന്നാണ് തോന്നുന്നത്,’ അനശ്വര പറയുന്നു.

Content Highlight: Anaswara Rajan Talk About Neru Movie Climax And Mohanlal