Advertisement
Entertainment news
അനശ്വര രാജന്റെ മൈക്ക്, നിര്‍മാണം ജോണ്‍ എബ്രഹാം: ട്രെയ്ലര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Aug 01, 02:00 pm
Monday, 1st August 2022, 7:30 pm

അനശ്വര രാജന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം മൈക്കിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി.
വ്യത്യസ്ത കഥാപാത്രമായാണ് താരം ചിത്രത്തില്‍ എത്തുന്നതെന്നാണ് ട്രെയ്ലറില്‍ നിന്നും വ്യക്തമാകുന്നത്. ആയോധന കലകള്‍ അഭ്യസിക്കുന്ന അനശ്വരയെ ട്രെയ്ലറില്‍ കാണാന്‍ കഴിയും.

സാറയില്‍ നിന്നും മൈക്ക് എന്ന പേരിലേക്കുള്ള കഥാപാത്രത്തിന്റെ മാറ്റവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ പ്രേമയം എന്നാണ് ട്രെയ്ലറില്‍ നിന്നും ലഭിക്കുന്ന സൂചന. ആഗസ്റ്റ് 19നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

നവാഗതനായ രഞ്ജിത്ത് സജീവാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ബോളുവുഡ് താരം ജോണ്‍ എബ്രഹാമാണ്. ജെ.എ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ആദ്യ മലയാള സിനിമയാണ് മൈക്ക്.

ആഷിഖ് അക്ബര്‍ അലിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സെഞ്ച്വറിയുടെ വിതരണത്തില്‍ ആണ് ചിത്രം എത്തുക.

അക്ഷയ് രാധാകൃഷ്ണന്‍, രോഹിണി മൊള്ളെറ്റി, അഭിരാം രാധാകൃഷ്ണന്‍, സിനി എബ്രഹാം, രാഹുല്‍, റോഷന്‍ ചന്ദ്ര, നെഹാന്‍, ജിനു ജോസഫ് ഡയാന ഹമീദ്, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ്, കാര്‍ത്തിക്ക് മണികണ്ഠന്‍, തുടങ്ങി ഒരു വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ എത്തുന്നുണ്ട്.


ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവെയാണ് നിര്‍വഹിച്ചിരിക്കുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, റഫീഖ് അഹമ്മദ്, സുഹൈല്‍ കോയ, അരുണ്‍ ആലാട്ട്, വിനായക് ശശികുമാര്‍ എന്നിവരാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത് വിവേക് ഹര്‍ഷനാണ്.

അവിയല്‍ ആയിരുന്നു അനശ്വര രാജന്‍ അഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അതിന് മുമ്പ് അനശ്വര രാജന്‍ അര്‍ജുന്‍ അശോകന്‍ എന്നിവര്‍ ചേര്‍ന്ന് അഭിനയിച്ച സൂപ്പര്‍ ശരണ്യ തിയേറ്ററില്‍ വലിയ വിജയമായിരുന്നു.

Content Highlight : Anaswara Rajan Starring mike movie trailer released