2017ല്‍ റിലീസായ ഉദാഹരണം സുജാത എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കെത്തിയ താരമാണ് അനശ്വര രാജന്‍. ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാവാന്‍ താരത്തിന് സാധിച്ചു. കഴിഞ്ഞ വര്‍ഷം അവസാനം റിലീസായ നേരിലും ഈ വര്‍ഷമാദ്യം റിലീസായ അബ്രഹാം ഓസ്ലറിലും അനശ്വരയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു.
ധന്യ വര്‍മയുമായി നടത്തിയ അഭിമുഖത്തില്‍ തനിക്ക് കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് പങ്കുവെച്ചു. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ അമ്മ തനിക്ക് ഗുഡ് ടച്ചും ബാഡ് ടച്ചും എന്താണെന്ന് പഠിപ്പിച്ച് തന്നിട്ടുണ്ടായിരുന്നെന്നും പിരീഡ്‌സ് എന്താണെന്ന് പറഞ്ഞു തന്നിട്ടുണ്ടായിരുന്നെന്നും ആ പ്രായത്തില്‍ ബസില്‍ വച്ച് തനിക്ക് ഒരു മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും അനശ്വര പങ്കുവെച്ചു.
‘ചെറിയ പ്രായത്തില്‍ തന്നെ അമ്മ എനിക്ക് ഗുഡ് ടച്ചും ബാഡ് ടച്ചും എന്താണെന്ന് പറഞ്ഞ് തന്നിട്ടുണ്ടായിരുന്നു. ഞാന്‍ ആ സമയത്ത് നാലാം ക്ലാസില്‍ പഠിക്കുകയായിരുന്നു. ആ പ്രായത്തില്‍ തന്നെ പിരീഡ്‌സ് എന്താണെന്നുമൊക്കെ അമ്മ പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. ആ സമയത്താണ് എനിക്ക് ബസില്‍ വെച്ച് ഒരു മോശം അനുഭവം ഉണ്ടാകുന്നത്. ക്ലാസ് കഴിഞ്ഞ് ബസില്‍ പോവുകയായിരുന്നു. ആ ബസില്‍ അധികം ആളുകളുണ്ടായിരുന്നില്ല. അപ്പോള്‍ ഞാന്‍ ഇരുന്നതിന്റെ പിന്നില്‍ ഇരുന്ന ഒരാള്‍ എന്നെ വിളിച്ചു.
ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ എന്നെ നോക്കി മാസ്റ്റര്‍ബേറ്റ് ചെയ്യുകയായിരുന്നു. എനിക്ക് അയാള്‍ ചെയ്യുന്നത് എന്താണെന്ന് പോലും ആ സമയത്ത് അറിയില്ലായിരുന്നു. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. എന്റെ അപ്പുറത്തിരുന്ന ഒരു ചേച്ചിയെ വിളിച്ച് ഈ കാര്യം പറഞ്ഞപ്പോള്‍ അയാള്‍ അപ്പോള്‍ തന്നെ ബസില്‍ നിന്നിറങ്ങി. പിന്നീട് കുറച്ചു കഴിഞ്ഞപ്പോളാണ് അയാള്‍ ചെയ്തത് എത്ര ഡിസ്ഗസ്റ്റിങ് ആയിട്ടുള്ള കാര്യമാണെന്ന് മനസിലായത്. ഒരു കൊച്ചു കുട്ടിയോട് ഇങ്ങനെ കാണിക്കുമ്പോള്‍ എന്ത് സുഖമാണ് അയാള്‍ക്ക് കിട്ടുന്നതെന്ന് എനിക്ക് മനസിലായില്ല. അയാളുടെ അടുത്ത് ഒരു കൊച്ചു കുട്ടിയെ കിട്ടിയാല്‍ എന്താകും ചെയ്യുക എന്നൊക്കെ ആലോചിച്ച് ഞാന്‍ ട്രോമടൈസ്ഡ് ആയിട്ടുണ്ട്’ അനശ്വര പറഞ്ഞു.
Content Highlight: Anaswara Rajan shares a bad experience in her Childhood