ദീപികാ പദുകോണിന്റെ വീഡിയോക്ക് താഴെ വന്ന കമന്റുകള്‍ വായിച്ചപ്പോള്‍ ആളുകളെന്താ ഇങ്ങനെയെന്ന് തോന്നി: അനശ്വര രാജന്‍
Entertainment
ദീപികാ പദുകോണിന്റെ വീഡിയോക്ക് താഴെ വന്ന കമന്റുകള്‍ വായിച്ചപ്പോള്‍ ആളുകളെന്താ ഇങ്ങനെയെന്ന് തോന്നി: അനശ്വര രാജന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 6th March 2024, 4:55 pm

2017ല്‍ റിലീസായ ഉദാഹരണം സുജാത എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കെത്തിയ താരമാണ് അനശ്വര രാജന്‍. ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാവാന്‍ താരത്തിന് സാധിച്ചു. കഴിഞ്ഞ വര്‍ഷം അവസാനം റിലീസായ നേരിലും ഈ വര്‍ഷമാദ്യം റിലീസായ അബ്രഹാം ഓസ്ലറിലും അനശ്വരയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു.

ധന്യാ വര്‍മയുമായി നടത്തിയ അഭിമുഖത്തില്‍ താന്‍ ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് പേഴ്‌സണല്‍ സ്‌പേസിനും ബൗണ്ടറിക്കുമാണെന്നും, ബാക്കിയുള്ളവര്‍ അതിലേക്ക് ഇടിച്ചുകയറി അഭിപ്രായം പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അഭിപ്രായപ്പെട്ടു. ദീപികാ പദുകോണിന്റെ വീഡിയോക്ക് താഴെ ആളുകള്‍ മോശം കമന്റുകള്‍ ഇടുന്നത് കണ്ട് ആളുകള്‍ എന്താണ് ഇങ്ങനെയെന്ന് ചിന്തിക്കാറുണ്ടെന്ന് താരം അഭിപ്രായപ്പെട്ടു. ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് പേഴ്‌സണല്‍ സ്‌പേസിനാണെന്ന് പറയുന്ന അനശ്വര, ആരെങ്കിലും അതിലേക്ക് കയറി അഭിപ്രായം നടത്തുന്നതിനെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.

‘ഞാന്‍ ഈയടുത്ത് ദീപികാ പദുകോണ്‍ ഒരു ഇവന്റില്‍ പങ്കെടുക്കുന്ന വീഡിയോ കണ്ടിരുന്നു. അവര്‍ ഒരു സാരിയായിരുന്നു ധരിച്ചത്. അവരുടെ വയറിനെ മൂടിവെച്ചുകൊണ്ടായിരുന്നു ആ സാരി ഉടുത്തത്. ആ വീഡിയോയുടെ കമന്റ് ബോക്‌സില്‍ പലരും ചോദിച്ചത്, എന്തിനാ വയര്‍ മറച്ചുവെക്കുന്നത്? അവരെന്താ പ്രെഗ്നന്റാണോ?, അച്ഛന്‍ ആരാണ്? അങ്ങനെയൊക്കെയുള്ള വളരെ മോശം കമന്റുകളായിരുന്നു കണ്ടത്. നമ്മുടെ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരു സ്ത്രീ ഓസ്‌കര്‍ അവാര്‍ഡ് ചടങ്ങിലും, ഫിഫാ വേള്‍ഡ് കപ്പ് ചടങ്ങിലുമൊക്കെ പങ്കെടുത്ത് നമ്മുടെയൊക്കെ അഭിമാനമായി മാറിയ വ്യക്തിയാണ് അവര്‍.

പക്ഷേ ആളുകള്‍ക്കിപ്പോഴും അവരുടെ പേഴ്‌സണല്‍ ലൈഫിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അവരൊരു പെണ്ണായതുകൊണ്ടാണോ ഇങ്ങനെയെന്ന് എനിക്കറിയില്ല. എന്നെ സബന്ധിച്ച് ദീപികയെക്കുറിച്ച് ആലോചിക്കുമ്പോള്‍ അഭിമാനമാണ് തോന്നുന്നത്. ഇന്ത്യയെ റെപ്രസെന്റ് ചെയ്ത് ഒരു സ്ത്രീ ഇത്രയും അച്ചീവ് ചെയ്തത് വലിയ കാര്യമാണ്. പക്ഷേ ആ കമന്റ് ബോക്‌സ് തുറന്നപ്പോള്‍ ഞാന്‍ വല്ലാതായി. ആളുകള്‍ക്ക് അറിയേണ്ടത് അവരെന്തിനാണ് വയര്‍ മറച്ചുവെച്ചതെന്നാണ്. എന്തിനാണ് ഒരാളുടെ പേഴ്‌സണല്‍ സ്‌പേസിലേക്ക് ഇടിച്ചുകയറി ഇങ്ങനെയൊക്കെ പറയുന്നതെന്ന് എനിക്കറിയില്ല,’ അനശ്വര പറഞ്ഞു.

Content Highlight: Anaswara Rajan says that she felt bad after read the comments of Deepika Padukone’s video