അതിനെ പറ്റി സംസാരിക്കേണ്ട അവശ്യം പോലുമില്ല; ഫോട്ടോഷൂട്ടിനെ പറ്റി ചോദിച്ച അവതാരകനോട് അനശ്വര
Film News
അതിനെ പറ്റി സംസാരിക്കേണ്ട അവശ്യം പോലുമില്ല; ഫോട്ടോഷൂട്ടിനെ പറ്റി ചോദിച്ച അവതാരകനോട് അനശ്വര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 15th February 2023, 9:09 am

അഭിനയത്തിന് പുറമേ നടി അനശ്വര രാജന്‍ നടത്തുന്ന ഫോട്ടോ ഷൂട്ടുകളും ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ കടല്‍തീരത്ത് വെച്ച് അനശ്വര നടത്തിയ ഫോട്ടോഷൂട്ട് വൈറലായിരുന്നു. ഇന്ത്യാ ഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഫോട്ടോഷൂട്ടിനെ പറ്റി ചോദിച്ച അവതാരകന് അനശ്വര നല്‍കിയ മറുപടിയും ശ്രദ്ധ നേടുകയാണ്. ഫോട്ടോഷൂട്ടിന് വന്ന പലതരം കമന്റുകളോട് എങ്ങനെയാണ് റിയാക്ട് ചെയ്യുകയെന്ന അവതാരകന്റെ ചോദ്യത്തിന് അതിനെ പറ്റി സംസാരിക്കേണ്ട ആവശ്യം പോലുമില്ല എന്നാണ് അനശ്വര മറുപടി പറഞ്ഞത്. പ്രണയ വിലാസം എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ അനശ്വരക്കൊപ്പം മമിത ബെജുവുമുണ്ടായിരുന്നു.

‘പറയുന്നവര്‍ പറഞ്ഞോട്ടെ എന്ന നിലയിലേ ഞാന്‍ അതിനെ എടുക്കുകയുള്ളൂ. അതിനോട് റിയാക്ട് ഒന്നും ചെയിതിട്ടില്ല. ഞാന്‍ ഫോട്ടോ ഷൂട്ട് ചെയ്തു. ഇത് സംസാരിക്കേണ്ട ആവശ്യം പോലുമില്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഒരു ഫോട്ടോ ഷൂട്ട് ചെയ്യുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നുള്ളതല്ലാതെ നേരിട്ട് വരുന്ന കുറെ കാര്യങ്ങളുണ്ട്.

മുമ്പ് ഇങ്ങനെ ഒരു സംഭവം വന്നപ്പോഴാണെങ്കിലും ഇപ്പോഴാണെങ്കിലും ഞാന്‍ കടന്നുപോയ അവസ്ഥ എപ്പോഴും നല്ലതല്ല. പിന്നേയും അതിനോട് റിയാക്ട് ചെയ്ത് എന്റെ എനര്‍ജി വെയ്‌സ്റ്റ് ചെയ്യേണ്ട എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത്രേയുള്ളൂ. രണ്ട് വര്‍ഷം മുമ്പേ ഇങ്ങനെ ഒരു സംഭവം വന്നപ്പോള്‍ ഞാന്‍ റിയാക്ട് ചെയ്തിട്ടുണ്ട്. കുറേ ആളുകള്‍ അത് നല്ല രീതിയിലും എടുത്തിട്ടുണ്ട്, മോശം രീതിയിലും എടുത്തിട്ടുണ്ട്. എല്ലാത്തിലും റിയാക്ട് ചെയ്യണമെന്നില്ല എന്ന് തോന്നിയിട്ടുണ്ട്,’ അനശ്വര പറഞ്ഞു.

തങ്കം സിനിമയുടെ പ്രൊമോഷനിടയില്‍ ലോ കോളേജില്‍ വെച്ച് അപര്‍ണ ബാലുമുരളിക്കുണ്ടായ അനുഭവത്തെ പറ്റി ചോദിച്ചപ്പോള്‍ തങ്ങള്‍ക്കും അത്തരത്തില്‍ സംഭവിച്ചിട്ടുണ്ടെന്നാണ് അനശ്വര പറഞ്ഞത്. ‘സൂപ്പര്‍ ശരണ്യയുടെ പ്രൊമോഷനായി തിയേറ്ററുകളില്‍ പോകുമ്പോള്‍ ആളുകള്‍ ചുറ്റും കൂടും. ഒരു ഫോട്ടോ എന്ന് പറഞ്ഞ് ദേഹത്തേക്കാണ് വീഴുന്നത്. അന്ന് ഒപ്പം വന്ന ആര്‍ട്ടിസ്റ്റുകളാണ് സംരക്ഷിച്ചത്,’ അനശ്വര പറഞ്ഞു.

പേഴ്‌സണല്‍ സ്‌പേസിലേക്ക് അനുവാദമില്ലാതെ ആര്‍ക്കും കടക്കാനാവില്ലെന്നാണ് മമിത ചോദ്യത്തോട് പ്രതികരിച്ചത്. ‘അപ്പോള്‍ റിയാക്ട് ചെയ്യാനാവില്ല, എങ്ങനെയെങ്കിലും ആ സാഹചര്യത്തില്‍ നിന്നും പുറത്ത് കടക്കാനാണ് നോക്കുന്നത്. ഞാനൊരു ആക്ടറല്ലെങ്കിലും വേറെ ആരെങ്കിലും ദേഹത്ത് തൊടുന്നത് ഇഷ്ടപ്പെടുമോ? ആരാണെങ്കിലും ഒരു പേഴ്‌സണല്‍ സ്‌പേസുണ്ട്. നമ്മള്‍ അനുവദിച്ചാല്‍ മാത്രമേ അതിനകത്തേക്ക് കടക്കാന്‍ പറ്റുകയുള്ളൂ. എന്റെ സ്വാതന്ത്ര്യം ഒരു കൈപ്പാടകലെയാണ്,’ മമിത പറഞ്ഞു.

Content Highlight: anaswara rajan’s reply to the question regarding photoshoot