മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന് പ്രധാന താരങ്ങളായ അനശ്വര രാജനും ഇന്ദ്രജിത്തും സഹകരിക്കുന്നില്ലെന്ന സംവിധായകന്‍ ദീപു കരുണാകരന്റെ പരാമര്‍ശത്തിന് മറുപടിയുമായി അനശ്വര രാജന്‍. തീര്‍ത്തും വേദനാജനകമായ സാഹചര്യത്തിലാണ് പ്രതികരിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് അനശ്വര തന്റെ കുറിപ്പ് ആരംഭിക്കുന്നത്.
ചിത്രം 2024 ഓഗസ്റ്റില്‍ റിലീസ് ചെയ്യാന്‍ പ്ലാനിട്ടതായിരുന്നെന്നും ചിത്രത്തിന്റെ ട്രെയ്‌ലറും ക്യാരക്ടര്‍ പോസ്റ്ററുമെല്ലാം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ടെന്നും അനശ്വര പറഞ്ഞു. ‘കാശെണ്ണിവാങ്ങിച്ചിട്ടാണ്’ എന്നുള്ള സംവിധായകന്റെ പരാമര്‍ശത്തിനും അനശ്വര മറുപടി നല്‍കിയിട്ടുണ്ട്.
ചിത്രത്തിന്റെ ഷൂട്ടിന്റെ സമയത്ത് പേയ്‌മെന്റിനെച്ചൊല്ലി പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും അന്ന് മുഴുവന്‍ പൈസയും കിട്ടാതെ കാരവനില്‍ നിന്ന് ഇറങ്ങേണ്ടെന്ന് തന്നോട് പറഞ്ഞത് സംവിധായകന്‍ തന്നെയായിരുന്നെന്നും അനശ്വര പറയുന്നു. അപ്പോഴും ഷൂട്ട് നിര്‍ത്തിവെക്കേണ്ട എന്ന ചിന്തയില്‍ പ്രശ്‌നമുണ്ടാക്കാതെ സഹകരിച്ച തന്റെ ആത്മാര്‍ത്ഥയെ ചോദ്യം ചെയ്യുന്ന തരത്തിലാണ് സംവിധായകന്റെ വാക്കുകളെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു.
കാശെണ്ണിക്കൊടുത്തിട്ടാണ് എന്ന സംവിധായകന്‍രെ പരാമര്‍ശം തന്നെ വല്ലാതെ വിഷമിപ്പിച്ചെന്നും അനശ്വര പറയുന്നു. തന്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിനെ ഫാന്‍സ് കൈകാര്യം ചെയ്യുന്ന ഹാന്‍ഡില്‍ എന്ന് സംവിധായകന്‍ തെറ്റിദ്ധരിച്ചെന്നും ആ പേജിലൂടെ താന്‍ എല്ലാം ഷെയര്‍ ചെയ്തിട്ടുണ്ടെന്നും അനശ്വര പറഞ്ഞു.
സിനിമയുടെ പ്രധാന അഭിനേതാവും സംവിധായകനും കാല് പിടിച്ച് പറഞ്ഞിട്ടും താന്‍ പ്രൊമോഷന് വന്നില്ലെന്ന വാദത്തോടും അനശ്വര പ്രതികരിച്ചു. ചിത്രത്തിന്റെ റിലീസിന് മുമ്പ് താന്‍ ഒരു യൂട്യൂബ് ചാനലിന് അഭിമുഖം നല്‍കിയെന്നും സിനിമയുടേതായി പുറത്തുവന്ന ഒരേയൊരു ഇന്റര്‍വ്യൂ തന്റേത് മാത്രമാണെന്നും അനശ്വര പറഞ്ഞു.
റിലീസിന് രണ്ട് ദിവസം മുമ്പാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചെന്ന വിവരം താന്‍ അറിഞ്ഞതെന്നും പിന്നീട് അതിനെക്കുറിച്ച് യാതൊരു വിവരവും താന്‍ അറിഞ്ഞില്ലെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പൊടുന്നനെ ചാനലില്‍ പ്രത്യക്ഷപ്പെട്ട് തന്നെയും തന്റെ അമ്മയെയും മാനേജരെയും ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് ദീപു കരുണാകരന്‍ നടത്തിയതെന്നും അനശ്വര പറഞ്ഞു.
തന്റെ കരിയറിനെ മോശമായി ബാധിക്കണം എന്ന ദുരുദ്ദേശത്തോടുകൂടിയാണ് സംവിധായകന്‍ അത്തരം പരാമര്‍ശം നടത്തിയതെന്ന് താന്‍ വിശ്വസിക്കുന്നെന്നും അനശ്വര പറയുന്നു. സിനിമയുടെ ഒരു മ്യൂസിക് വീഡിയോ മാത്രം ഷെയര്‍ ചെയ്യാത്തതിന്റെ പേരില്‍ തന്റെ പേര് ഈ പ്രശ്‌നത്തിലേക്ക് വലിച്ചിഴത് താന്‍ ഒരു പെണ്ണായതുകൊണ്ടും ഇതില്‍ പ്രതികരിക്കില്ലെന്ന് വിചാരിച്ചിട്ടുമായിരിക്കുമെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു.
സ്ത്രീ എന്ന വിക്ടിം കാര്‍ഡ് ഇവിടെ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട എ.എം.എം.എ സംഘടനയില്‍ പരാതി കൊടുത്തെന്നും അനശ്വര പറഞ്ഞു. ഒപ്പം ഈ വിഷയത്തില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച യൂട്യൂബ് ചാനലുകള്‍ക്കെതിരെയും വ്‌ളോഗര്‍മാര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും അനശ്വര പറഞ്ഞു.
മുന്‍കൂട്ടി ഏറ്റെടുത്ത കമ്മിറ്റ്‌മെന്റ്‌സ് ഉണ്ടെങ്കിലും ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് എപ്പോള്‍ വിളിച്ചാലും സഹകരിക്കാന്‍ തയാറാണെന്നും അനശ്വര പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി മറ്റ് കമ്മിറ്റ്‌മെന്റുകള്‍ മാറ്റിവെച്ച് പ്രൊമോഷന്‍ പരിപാടികള്‍ ചെയ്ത ആളെന്ന നിലയിലും താന്‍ ഭാഗമാകുന്ന സിനിമക്ക് പ്രൊമോഷന്‍ നല്‍കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് തനിക്ക് ബോധ്യമുണ്ടെന്നും അനശ്വര പറഞ്ഞു.സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അനശ്വര ഇക്കാര്യം അറിയിച്ചത്.
Content Highlight: Anaswara Rajan reacted to Deepu Karunakaran’s allegation