മലയാളികളുടെ ഇഷ്ടതാരമാണ് അനശ്വര രാജൻ. ചുരുങ്ങിയ കാലം കൊണ്ട് വ്യത്യസ്ത കഥാപാത്രങ്ങളാണ് അനശ്വര ചെയ്തിട്ടുള്ളത്. ഇപ്പോഴത്തെ പ്രേക്ഷകരുടെ ചിന്താഗതിയിൽ മാറ്റം വന്നിട്ടുണ്ടെന്ന് അനശ്വര പറഞ്ഞു. ഇന്ന് ശരിയെല്ലെന്ന് പറഞ്ഞ പല സിനിമകൾ പണ്ട് പലരും കയ്യടിച്ചിട്ടുണ്ടെന്ന് അനശ്വര പറഞ്ഞു. സിനിമ വിനോദോപാതിയാണെന്നും എന്ന് കരുതി തെറ്റായ കാര്യങ്ങളെ ഗ്ലോറിഫൈ ചെയ്യേണ്ടെന്നും തന്റെ സിനിമയിൽ അതുണ്ടാകരുതെന്ന് നിർബന്ധമുണ്ടെന്നും അനശ്വര മലയാള മനോരമയോട് പറഞ്ഞു.
‘സമൂഹം ഇപ്പോൾ എന്ത് ചിന്തിക്കുന്നു എന്നതിന്റെ പ്രതിഫലനമല്ലേ സിനിമ. ഇന്ന് നാം ശരിയല്ലെന്ന് പറയുന്ന സിനിമകളൊക്കെ കണ്ട് പലരും കൈയടിച്ചിട്ടുണ്ട്. ഇന്ന് നമുക്ക് അതിനു സാധിക്കാത്തത് നമ്മുടെ ഉള്ളിൽ വന്ന മാറ്റം മൂലമാണ്. സിനിമ വിനോദോപാതിയാണ്. എന്ന് കരുതി തെറ്റായ കാര്യങ്ങളെ ഗ്ലോറിഫൈ ചെയ്യേണ്ടതില്ലല്ലോ. എന്റെ സിനിമയിൽ അതുണ്ടാകരുതെന്ന് നിർബന്ധമുണ്ട്,’ അനശ്വര പറഞ്ഞു.
നേരിലേയും അബ്രഹാം ഓസ്‌ലറിലെയും തന്റെ കഥാപാത്രത്തിനെക്കുറിച്ചും അനശ്വര അഭിമുഖത്തിൽ പറയുന്നുണ്ട്. ‘ഓസ്‌ലർ സിനിമയിൽ ഫ്ലാഷ് ബാക്കിലാണ് ഞാൻ ഉള്ളത്. അന്നത്തെ കാലത്തെ വസ്ത്രധാരണ രീതിയിൽ മുതൽ കഥാപാത്രത്തിന്റെ മാനറിസങ്ങൾ വരെ സംവിധായകൻ മിഥുൻ മാനുവൽ തോമസ് ഒരു അധ്യാപകനെ പോലെ നിന്നാണ് പഠിപ്പിച്ചിരുന്നത്.
കാഴ്ച പരിമിതിയുള്ള ഒരാളെ അവതരിപ്പിക്കുക, അതും വളരെയേറെ വൈകാരിക മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്നയാളെയാണ് അഭിനയിക്കേണ്ടത്. ‘നേരി’ൽ ഞാൻ നേരിട്ട വെല്ലുവിളി ഇതാണ്. കഥാപാത്രമാകാൻ ഏറെ തയ്യാറെടുപ്പുകൾ നടത്തി. സിനിമയിലെ കാഴ്ച പരിമിതരായ കഥാപാത്രങ്ങളെ കാണാൻ ശ്രമിക്കുന്നതിനു പകരം ജീവിതത്തിൽ കാഴ്ച പരിമിതിയുള്ളവരെ കണ്ടെത്താൻ ശ്രമിച്ചു. അവരുടെ അഭിമുഖങ്ങൾ കണ്ടു. മാനറിസങ്ങൾ പഠിച്ചു. കഥാപാത്രം കടന്നുപോയ അവസ്ഥ ചിന്തിക്കുമ്പോൾ ഞാനും അസ്വസ്ഥയായി,’ അനശ്വര രാജൻ പറയുന്നു.
ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യരുടെ മകളായി മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് അനശ്വര രാജൻ. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായും മറ്റു കഥാപാത്രങ്ങൾ ചെയ്തും അനശ്വര തന്റേതായ ഒരിടം സൃഷ്ടിച്ചു. മലയാളത്തിൽ എന്ന പോലെ തെലുങ്കിലും ബോളിവുഡിലുമെല്ലാം അനശ്വര ഈ ചുരുങ്ങിയ കാലയളവ് കൊണ്ട് അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷാവസാനം മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന ചിത്രത്തിൽ ഏറെ പ്രശംസ നേടിയത് അനശ്വരയുടെ അഭിനയത്തിനായിരുന്നു. ജയറാം പ്രധാന കഥാപാത്രത്തിൽ എത്തി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്‌ലറിലും അനശ്വര ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
Content Highlight: Anaswara Rajan on the changes that have come to the audience for watching movies