| Thursday, 25th January 2024, 8:11 am

ജീത്തു സാർ പറഞ്ഞ ആ മീറ്ററിലാണ് ഞാൻ പിന്നീട് അഭിനയിച്ചത്; അപ്പോളെനിക്ക് ധൈര്യം വന്നു: അനശ്വര രാജൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നേര് സിനിമയുടെ കഥാപാത്രത്തിലേക്കെത്താൻ വേണ്ടി താൻ ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നടി അനശ്വര രാജൻ. സാധാരണ സിനിമയിലുള്ള ബ്ലൈൻഡ് ആയിട്ടുള്ള ആളുകളെപ്പോലെ കാണിക്കരുതെന്ന് തനിക്കുണ്ടായിരുന്നെന്ന് അനശ്വര പറഞ്ഞു.

അഭിനയിക്കുമ്പോൾ ചിലപ്പോൾ ചില സ്ഥലത്ത് ഫോക്കസ് ആയി പോകുമെന്നും അങ്ങനെ അഭിനയിക്കാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നെന്നും അനശ്വര കൂട്ടിച്ചേർത്തു. ആദ്യ ദിവസത്തെ ഷൂട്ടിന് ശേഷം ജീത്തു ജോസഫ് ആ മീറ്ററിൽ പോയാമതിയെന്ന് പറഞ്ഞപ്പോൾ ധൈര്യം വന്നെന്നും അനശ്വര പറയുന്നു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘സാധാരണ എങ്ങനെയാണോ ഒരു ബ്ലൈൻഡ് ആയിട്ടുള്ള ആളെ സിനിമയിൽ കാണിച്ചിട്ടുള്ളത്, അങ്ങനെ കാണിക്കരുതെന്ന് എനിക്കുണ്ടായിരുന്നു. എനിക്കൊരു ഐഡിയ ഉണ്ടായിരുന്നില്ല. അങ്ങനെയുള്ള ആളുകളെ ഞാൻ നിരീക്ഷിക്കുകയായിരുന്നു. പലരും പലരീതിയിലാണ്. ബ്ലൈൻഡ് ആയിട്ടുള്ളവർ ഓരോ രീതിയിലാണ് ഉണ്ടാവുക. സിനിമകളിൽ കാണുന്നതല്ലാതെ യഥാർത്ഥ ജീവിതത്തിൽ എങ്ങനെയാണെന്ന് അറിയാൻ എനിക്ക് താത്പര്യമുണ്ടായിരുന്നു.

ബ്ലൈൻഡ് ആയിട്ടുള്ള ആളുകളുടെ ഇൻറർവ്യൂസ് കണ്ടു. എനിക്കൊരു സ്ഥലത്ത് ഫോക്കസ് ചെയ്യാൻ പറ്റില്ല, ഒന്നും കാണാൻ പറ്റില്ല. നമ്മൾ അറിയാതെ നോക്കുമ്പോൾ ഒരു പോയിന്റിൽ ഫോക്കസ് ആയിപ്പോകും. യഥാർത്ഥത്തിൽ നമ്മൾ കാണുന്നുണ്ടല്ലോ, അവിടെ നമ്മൾ ഫോക്കസ് ആയിപ്പോകും. പെട്ടെന്ന് എന്തെങ്കിലും കാര്യത്തിൽ ഫോക്കസ് ആവുകയോ, ഒരാളുടെ മുഖമോ എന്തെങ്കിലും കാണുമ്പോൾ അവിടെ സ്റ്റക്ക് ആയി നിന്ന് പോവും. പക്ഷേ നിൽക്കരുത്. അങ്ങനെ പോകുന്നത് എനിക്ക് കുറച്ച് പാട് ആയിട്ടുള്ള കാര്യമായിരുന്നു.

ഫസ്റ്റ് ഡേ ഷൂട്ട് കഴിഞ്ഞപ്പോൾ ജീത്തു സാർ പറഞ്ഞു ‘അത് ഓക്കെയാണ് ആ മീറ്റർ പിടിച്ചാൽ മതി’ എന്ന്. കാരണം ഏത് രീതിയിലാണ് ഇത് പിടിക്കേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. അല്ലെങ്കിൽ ജീത്തു സാറിൻ്റെ മൈൻഡിൽ എന്താണെന്ന് എനിക്കറിയില്ല. ക്യാരക്ടറിനെ പറ്റി ഒരു ഐഡിയ ഉണ്ടായിരുന്നില്ല. ഫസ്റ്റ് ഷോട്ട് കഴിഞ്ഞപ്പോൾ അത് ഓക്കെയാണെന്ന് ജീത്തു സാർ പറഞ്ഞപ്പോൾ എനിക്ക് കുറച്ചു കൂടുതൽ ധൈര്യം വന്നു. ആ ഒരു ഫസ്റ്റ് ഡേയുടെ ഇതിൽ തന്നെയാണ് ഞാൻ മുന്നോട്ട് പോയിക്കൊണ്ടിരുന്നത്,’ അനശ്വര രാജൻ പറഞ്ഞു.

Content Highlight: Anaswara Rajan on preparation for the role of Sara

We use cookies to give you the best possible experience. Learn more