Film News
സാറ എന്നെ പിന്തുടരുന്നുണ്ടായിരുന്നു; അവളുടെ മെന്റൽ സ്‌പേസിൽ ഇരിക്കാൻ ബുദ്ധിമുട്ടായിരുന്നു: അനശ്വര രാജൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 24, 12:25 pm
Sunday, 24th December 2023, 5:55 pm

മോഹൻലാലിനെ കേന്ദ്ര കഥാപാത്രത്തിൽ അവതരിപ്പിച്ച ഒരു കോർട്ട് റൂം ഡ്രാമയാണ് നേര്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ അനശ്വര രാജന്റെ സാറ എന്ന കഥാപാത്രം ഏറെ പ്രശംസകൾ നേടിയിട്ടുണ്ട്. അനശ്വര രാജൻ എന്ന നടിയുടെ കരിയർ ബെസ്റ്റ് കഥാപാത്രമായാണ് പ്രേക്ഷകർ സാറയെ വിലയിരുത്തുന്നത്.

സാറയുടെ മെന്റൽ സ്‌പേസിൽ നിൽക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നെന്നും അനശ്വര പറഞ്ഞു. സിനിമയുടെ കോർ ഭാഗം ഷൂട്ട് ചെയ്തതിന് ശേഷം താൻ ശാന്തി മായാദേവിയെ കെട്ടിപിടിച്ച് നിന്നിരുന്നെന്നും പടത്തിന്റെ ഷൂട്ട് കഴിഞ്ഞിട്ടും സാറ തന്റെ കൂടെ ഉണ്ടായിരുന്നെന്ന് അനശ്വര പറഞ്ഞു. ജിഞ്ചർ മീഡിയ എന്റർടൈൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ആ ഒരു ക്യാരക്ടറിന്റെ മെന്റൽ സ്പേസിൽ നിൽക്കുക, ഹെഡ് സ്പേസിൽ നിൽക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഈ സിനിമയുടെ മെയ്ൻ സബ്ജക്ട് ആയിട്ടുള്ള ഒരു പോയിൻറ് ഷൂട്ട് ചെയ്ത സമയത്ത് അധികം ആൾക്കാർ ഉണ്ടായിരുന്നില്ല. എന്താണ് നടന്നത് എന്ന് ഷൂട്ട് ചെയ്ത പോയിന്റായിരുന്നു അത്. ഷൂട്ട് കഴിഞ്ഞ സമയത്ത് എനിക്ക് ആലോചിക്കുമ്പോൾ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ആ സ്പേസിൽ നിൽക്കുമ്പോൾ എനിക്ക് നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു.

അത് കഴിഞ്ഞ് ഞങ്ങളുടെ സ്ക്രിപ്റ്റ് റൈറ്റർ ആയ ശാന്തി ചേച്ചിയെ ഞാൻ കെട്ടിപ്പിടിച്ച് നിന്നു. ആളും എന്നെ കുറെ കെട്ടിപ്പിടിച്ച് നിന്നു. അത് ഭയങ്കര ഹാർഡ് ആയിരുന്നു. സാറയുടെ മെന്റൽ സ്പേസിൽ ഇരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഷൂട്ട് കഴിഞ്ഞ സമയത്തും ആ ഒരു പെൺകുട്ടിയെ, ഒരു ബ്ലൈൻഡ് ആയിട്ടുള്ള സർവൈവർ ആയ ആ പെൺകുട്ടിയെ പറ്റി ആലോചിക്കുമ്പോൾ എനിക്ക് ഭയങ്കര അത്ഭുതം തോന്നിയിട്ടുണ്ട്.

സെറ്റിൽ ഞാൻ ഒരിക്കലും ക്യാരക്ടർ പിടിച്ചിരുന്നത് ഒന്നുമല്ല. ഞാൻ സാധാരണ സംസാരിക്കുന്ന പോലെ സംസാരിച്ചിട്ടില്ലായിരുന്നു. ജീത്തു സാർ എനിക്ക് കറക്റ്റ് മീറ്റർ പറഞ്ഞുതരും. സെറ്റിലെ എല്ലാവരിൽ എനിക്ക് അങ്ങനെ സപ്പോർട്ട് കിട്ടിയിട്ടുണ്ടായിരുന്നു. സിനിമ കഴിഞ്ഞപ്പോഴും സാറ എന്റെ കൂടെ ഉണ്ടായിരുന്നു,’ അനശ്വര രാജൻ പറഞ്ഞു.

Content Highlight: Anaswara Rajan on her role in the movie Neru