| Tuesday, 5th March 2024, 10:23 pm

മാനുഷിക പരിഗണനയെങ്കിലും ആളുകള്‍ക്ക് കൊടുത്തുകൂടെ എന്ന് ആ സമയത്ത് ഞാന്‍ ആലോചിക്കാറുണ്ടായിരുന്നു: അനശ്വര രാജന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2017ല്‍ പുറത്തിറങ്ങിയ മഞ്ജു വാര്യര്‍ ചിത്രമായ ഉദാഹരണം സുജാതയിലൂടെ സിനിമയിലേക്ക് എത്തിയ നടിയാണ് അനശ്വര രാജന്‍. ചിത്രത്തില്‍ മഞ്ജു വാര്യറുടെ മകളായ ആതിര എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിച്ചത്. അതിന് ശേഷം നിരവധി ചിത്രങ്ങളിലൂടെ താരം ഏറെ ശ്രദ്ധേയയായി. താരത്തിന്റേതായി ഏറ്റവുമൊടുവില്‍ തിയേറ്ററിലെത്തിയ ചിത്രമായിരുന്നു അബ്രഹാം ഓസ്ലര്‍. മോഹന്‍ലാല്‍ നായകനായ നേരിലും അനശ്വര മിന്നും പ്രകടനം കാഴ്ച വെച്ചിരുന്നു.

2020ല്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സ്‌കര്‍ട്ട് അണിഞ്ഞു നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്യുകയും അതിന്റെ പേരില്‍ താരം സൈബര്‍ ബുള്ളിയിങ് നേരിടുകയും ചെയ്തിരുന്നു. ആ സമയത്തെ മാനസികാവസ്ഥയില്‍ നിന്ന് പുറത്തുകടന്ന അനുഭവത്തെക്കുറിച്ച് ധന്യാ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചു. സ്‌കര്‍ട്ടിന്റെ പേരില്‍ ഉണ്ടായ വിവാദം മാനസികമായി ബാധിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

‘എന്റെ പതിനെട്ടാമത്തെ ബര്‍ത്ത് ഡേയക്ക് ചേച്ചി തന്ന ഗിഫ്റ്റുകളിലൊന്നായിരുന്നു അത്. 18 വയസ് ആകുന്നത് കൊണ്ട് ആ വര്‍ഷം ചേച്ചി 18 ഗിഫ്റ്റുകള്‍ തന്നു. അതില്‍ അവസാനത്തെ ഗിഫ്റ്റായിരുന്നു അത്. 18 വയസ് ആവുന്നതിന്റെ അന്ന് അത് ഇടാമെന്ന് ചേച്ചിയും അച്ഛനും പറഞ്ഞു. ബര്‍ത്ത് ഡേയുടെ അന്ന് ആ ഡ്രസ്സ് ഇട്ട് ഫോട്ടോ എടുത്തു, അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. അതിന് ഇങ്ങനെ ഹെയ്റ്റ് കമന്റുകള്‍ വരുമെന്ന് വിചാരിച്ചില്ല. പരിചയമില്ലാത്തവര്‍ മാത്രമല്ല, ഏറ്റവും അടുത്ത ആളുകള്‍ പോലും അന്ന് കുറ്റപ്പെടുത്താന്‍ ഉണ്ടായിരുന്നു. അന്ന് എന്നെ പ്രൊട്ടക്ട് ചെയ്യാന്‍ എന്റെ ചേച്ചി മുന്നില്‍ തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് അന്ന് അത്ര പ്രശ്‌നം ഇല്ലാതെ കടന്നുപോയി.

പക്ഷേ അത് എന്റെയുള്ളില്‍ ചെറിയൊരു പേടിയുണ്ടാക്കി. പിന്നീട് ഓരോ കാര്യം ചെയ്യുമ്പോഴും പറയുമ്പോഴും ഞാന്‍ അതില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ തുടങ്ങി. എന്തെങ്കിലും പറഞ്ഞാലോ ചെയ്താലോ പ്രശ്‌നമാകുമോ എന്നൊരു ഭയം എന്റെ ഉള്ളില്‍ ഉണ്ടായി. ഓരോരുത്തരും അവരുടെ ന്‌ലപാട് പറയുന്നതിനെ കളിയാക്കിക്കൊണ്ടുള്ള ട്രോളുകളും റീലുകളും ഞാന്‍ പരമാവധി ഒഴിവാക്കി. അതുപോലെ എന്റെ ഏതെങ്കിലും ഇന്റര്‍വ്യുവിന്റെ റീല്‍ ഇന്‍സ്റ്റയില്‍ വന്നാല്‍ ഞാന്‍ അതിന്റെ കമന്റ് ബോക്‌സ് നോക്കാറേയില്ലായിരുന്നു. എന്നെ അത് കൂടുത്ല്‍ വീക്കാക്കുമോ എന്ന പേടിയായിരുന്നു.

ആ പേടി എന്റെ പെരുമാറ്റത്തിലും വന്നിരുന്നു. ഇന്റര്‍വ്യൂയിലൊക്കെ ഓരോന്ന് പറയുമ്പോഴും ഞാന്‍ അതിനെപ്പറ്റി ആലോചിച്ച് പറയാന്‍ തുടങ്ങി. അങ്ങനെ ഒരാള്‍ അല്ലായിരുന്നു ഞാന്‍. എന്നെ നന്നായി അറിയാവുന്ന ആളുകള്‍ എന്നോട് എന്തു പറ്റിയെന്ന് ചോദിക്കാന്‍ തുടങ്ങി. പിന്നെ ആളുകളെ ഇങ്ങനെ വല്ലാതെ കളിയാക്കുന്ന പോസ്റ്റുകളൊക്കെ കാണുമ്പോള്‍ ഓപ്പോസിറ്റ് നില്‍ക്കുന്ന ആളിന് കുറച്ച് മാനുഷിക പരിഗണന കൊടുത്തൂടെ എന്ന് ചിന്തിക്കാറുണ്ടായിരുന്നു.

ഇത്തരം ടെന്‍ഷനില്‍ നില്‍ക്കുന്ന സമയത്താണ് ഞാന്‍ സൂപ്പര്‍ ശരണ്യ ചെയ്യുന്നത്. അതിന്റെ ഇന്റര്‍വ്യൂവിലൊക്കെ ഞാന്‍ വല്ലാതെ ഒതുങ്ങി ഇരിക്കുകയായിരുന്നു. പിന്നീട് പ്രണയ വിലാസം നേര്, ഓസ്ലര്‍ സിനിമയൊക്കെ ചെയ്തതിന് ശേഷമാണ് ഞാന്‍ ആ അവസ്ഥയില്‍ നിന്ന് തിരിച്ചെത്തിയത്. എനിക്ക് കിട്ടിയ കഥാപാത്രങ്ങള്‍ എന്നെപ്പറ്റി സംസാരിക്കട്ടെ എന്ന നിലയിലെത്തിയപ്പോഴാണ് ഞാന്‍ ഓക്കെയായത്.

Content Highlight: Anaswara Rajan explains how she came put from the trauma of cyber bullying

We use cookies to give you the best possible experience. Learn more