സിനിമയിൽ വന്നതിന് ശേഷം തന്റെ സ്വഭാവത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നടി അനശ്വര രാജൻ. താൻ വളരെ പെട്ടെന്ന് പ്രതികരിക്കുന്ന ഒരാളാണെന്നും പക്ഷെ ഇപ്പോഴത് മാറിയെന്നും അനശ്വര പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ കമന്റുകൾ കാണുമ്പോൾ പ്രതികരിക്കാതിരിക്കുന്നത് അത്തരം കമന്റുകൾ പറയുന്നവർക്കത്രയും വില നൽകിയാൽ മതിയെന്ന് അനശ്വര കൂട്ടിച്ചേർത്തു. പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ സിനിമ സഹായിച്ചിട്ടുണ്ടെന്നും അനശ്വര മലയാള മനോരമയോട് പറഞ്ഞു.
‘ഞാൻ വളരെ പെട്ടെന്ന് പ്രതികരിക്കുന്ന ആളായിരുന്നു. എന്നോടൊന്നും പറയേണ്ട എന്ന മട്ടിലാണ് പലപ്പോഴും കാര്യങ്ങളെ കണ്ടിരുന്നത്. പക്ഷേ ഇപ്പോൾ അതു മാറി. പ്രത്യേകിച്ച് സമൂഹമാധ്യമങ്ങളിലെ കമന്റുകളും മറ്റും കാണുമ്പോൾ. പ്രതികരിക്കാതിരിക്കുന്നത് അവർ പറയുന്നത് ശരിയായതുകൊണ്ടല്ല അത്തരം കമന്റുകൾ പറയുന്നവർക്ക് അത്രയും വില നൽകിയാൽ മതി എന്നുള്ളത് കൊണ്ടാണ്. അതിനർത്ഥം എന്തും സഹിക്കും എന്നല്ല കേട്ടോ പ്രതികരിക്കേണ്ടിടത്ത് മാത്രം പ്രതികരിച്ചാൽ പോരെ. പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ സിനിമ സഹായിച്ചിട്ടുണ്ട്,’ അനശ്വര പറയുന്നു.
ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യരുടെ മകളായി മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് അനശ്വര രാജൻ. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായും മറ്റു കഥാപാത്രങ്ങൾ ചെയ്തും അനശ്വര തന്റേതായ ഒരിടം സൃഷ്ടിച്ചു. മലയാളത്തിൽ എന്ന പോലെ തെലുങ്കിലും ബോളിവുഡിലുമെല്ലാം അനശ്വര ഈ ചുരുങ്ങിയ കാലയളവ് കൊണ്ട് അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷാവസാനം മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന ചിത്രത്തിൽ ഏറെ പ്രശംസ നേടിയത് അനശ്വരയുടെ അഭിനയത്തിനായിരുന്നു. ജയറാം പ്രധാന കഥാപാത്രത്തിൽ എത്തി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്‌ലറിലും അനശ്വര ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
Content Highlight: Anaswara rajan about the negative comments in social media