ജീത്തു ജോസഫ് സംവിധാനം ചെയ്ത് തിയേറ്ററുകളിൽ മുന്നേറികൊണ്ടിരിക്കുന്ന ചിത്രമാണ് നേര്. ചിത്രത്തിൽ ഏറെ പ്രശംസ നേടിയത് അനശ്വര രാജന്റെ സാറ എന്ന കഥാപാത്രമാണ്. കണ്ണ് കാണാത്ത ഒരു പെൺകുട്ടിയാണ് സാറ. ചിത്രത്തിൽ സാറയുടെ അഭിഭാഷകനായി മോഹൻലാലും പ്രതിഭാഗം വക്കീലായി സിദ്ദീഖുമാണ് അഭിനയിച്ചത്. തിയേറ്ററിൽ നിന്നും പടം കണ്ടിറങ്ങുന്നവർക്ക് സിദ്ദീഖിന്റെ കഥാപാത്രത്തെ ഒന്ന് തല്ലാൻ തോന്നുമെന്ന് ഉറപ്പാണ്. അത്രത്തോളം ക്രൂരനായ വക്കീലാണ് അദ്ദേഹം.
സിദ്ദീഖിന്റെ കഥാപാത്രത്തെക്കുറിച്ചും ഷൂട്ടിങ് ലൊക്കേഷനിലെ അനുഭവത്തെക്കുറിച്ചും ജിഞ്ചർ മീഡിയയോട് പങ്കുവെക്കുകയാണ് അനശ്വര രാജൻ. സിദ്ദീഖിന്റെ കൂടെ അഭിനയിക്കാൻ രാസമാണെന്നും അദ്ദേഹം നല്ലൊരു മനുഷ്യനാണെന്നും അനശ്വര പറഞ്ഞു. സിദ്ദീഖ് പടം കണ്ടതിന് ശേഷം തന്നെ വിളിച്ചിരുന്നെന്നും അനശ്വര രാജൻ പറഞ്ഞു.
‘സിദ്ദീഖിക്കയുടെ കൂടെ അഭിനയിക്കാൻ ഭയങ്കര രസമാണ്. ആളൊരു നല്ല മനുഷ്യനാണ്. സീൻ ഷൂട്ട് ചെയ്യുകയാണെങ്കിൽ ആളു ഭയങ്കര ചില്ലായിട്ടാണ് ഷൂട്ട് ചെയ്യുക. ആളുടെ ഡയലോഗ് ഡെലിവറി മോണിറ്ററിലൂടെ കാണുന്ന സമയത്ത് നമുക്ക് വൗ ഫാക്ടർ ആണ്. ആളുടെ വാക്കുകളുടെ മോഡുലേഷൻ ആയാലും, വില്ലനിസം കൊണ്ടുവരുക എന്നുള്ളതും എല്ലാം കൃത്യമാണ്.
സിദ്ദീഖ് ഇക്ക മാത്രമല്ല അവിടെയുള്ള എല്ലാവരും കഴിവ് തെളിയിച്ച അഭിനേതാക്കളാണ്. എല്ലാ ഇമോഷൻസും ചെയ്ത് ഫലിപ്പിച്ചിരിക്കുന്ന ഇനി ഒന്നും ചെയ്യാൻ ഇല്ലാത്ത ആക്ടേഴ്‌സ് ആണ്. വില്ലനിസം ആണെങ്കിലും കോമഡി ആണെങ്കിലും ഹീറോയിസം ആണെങ്കിലും അങ്ങനെയാണ്. ലാൽസാറാണെങ്കിലും ജഗദീഷേട്ടൻ ആണെങ്കിലും എല്ലാവരും അതുപോലെയാണ്.
സിദ്ദീഖ് ഇക്ക അവസാനം പടം കണ്ടതിനുശേഷം വിളിച്ച സമയത്തും പറഞ്ഞത് ‘തിയേറ്ററിൽ പോവാൻ എനിക്ക് പേടിയാണ്, എന്നെ ആരെങ്കിലും എടുത്ത് തല്ലിയാലോ’ എന്നാണ്. കാരണം നമുക്ക് അത്രയും ആ ക്യാരക്ടറിനോട് ദേഷ്യം തോന്നുന്നുണ്ട്,’ അനശ്വര രാജൻ പറഞ്ഞു.
Content Highlight: Anaswara rajan about Sidheque character in neru movie