|

റിലീസ് കഴിഞ്ഞ് എന്നെ ഏറ്റവും കൂടുതൽ അഭിനന്ദിച്ചതും എന്നെ കെട്ടിപ്പിടിച്ചതും അവരാണ്: അനശ്വര രാജൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നേര് സിനിമ റിലീസ് കഴിഞ്ഞതിന് ശേഷം പ്രേക്ഷകരുടെ പ്രതികരണത്തെക്കുറിച്ച് സംസാരിക്കുകയാണ് അനശ്വര രാജൻ. തന്റെ പടം റിലീസ് കഴിഞ്ഞ് റിവ്യൂ പറഞ്ഞ് തന്നെ എപ്പോഴും വിളിക്കാറുള്ളത് തന്റെ ചേച്ചിയാണെന്നും എന്നാൽ നേരിന്റെ സമയത്ത് തങ്ങൾ ഒരുമിച്ചായിരുന്നെന്നും അനശ്വര പറഞ്ഞു. ചിത്രത്തിന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ താൻ കണ്ടിരുന്നില്ലെന്നും അനശ്വര കൂട്ടിച്ചേർത്തു. സിനിമ കഴിഞ്ഞപ്പോഴുള്ള ചേച്ചിയുടെ അഭിനന്ദനവും അനശ്വര മൂവി വേൾഡ് മീഡിയയോട് പങ്കുവെച്ചിരുന്നു.

‘റിലീസ് കഴിഞ്ഞിട്ട് എന്നെ വിളിക്കേണ്ട ആൾ എന്റെ കൂടെ ഉണ്ടായിരുന്നു. പടത്തിന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ഞാൻ കണ്ടില്ല. എനിക്ക് സുജാതയുടെ അന്ന് ഉണ്ടായിരുന്ന കോളുകളും മെസേജുകളും ആളുകളുടെ റെസ്പോൺസുകളും ആയിരുന്നു എനിക്ക് നേര് ഇറങ്ങിയപ്പോൾ ഉണ്ടായത്.

ഫസ്റ്റ് ഹാഫ് കഴിഞ്ഞിട്ട് വിളിക്കുന്നു റിലീസിന് മുൻപ് വിളിക്കുന്നു, വെയിറ്റ് ചെയ്യുകയാണെന്ന് പറയുന്നു. ഫസ്റ്റ് ഹാഫ് കഴിഞ്ഞിട്ട് കുറേ പേര് നല്ല വർക്കായി എന്ന് പറയുന്നു. പടം കഴിഞ്ഞിട്ട് വിളിക്കുന്നു. കുട്ടിക്കാനത്ത് നിന്ന് ഞാൻ കൊച്ചിയിലേക്ക് വരികയായിരുന്നു. ഞാൻ രാത്രിയിലെ ഷോ ആയിരുന്നു ബുക്ക് ചെയ്തത്.

ആ യാത്രയിൽ ഉടനീളം കോളുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഞാൻ റിവ്യൂ കാണാതെ പിടിച്ചിരിക്കുകയായിരുന്നു. എനിക്ക് നേരിട്ട് പടം കണ്ടാൽ മതി എന്നായിരുന്നു. ഇതാണ് റിവ്യൂ എന്ന് പറയേണ്ട ആൾ എന്റെ ചേച്ചിയാണ്. ആൾ എന്റെ കൂടെയുണ്ട്. ആളും ഭയങ്കര ഹാപ്പിയാണ്. ഒന്നും കാണാതെ നേരിട്ട് പടം കാണണം എന്നായിരുന്നു ചേച്ചിക്കും.

ഞാൻ മിക്ക സിനിമകളുടെ കഥയും ചേച്ചിയുടെ അടുത്ത് ഡിസ്കസ് ചെയ്യാറുണ്ട്. ചില ലൊക്കേഷനുകളിലെല്ലാം ചേച്ചി വരാറുണ്ട് എന്നാൽ ഇതിൽ അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല. എന്താണ് പടം എന്ന് ഒരു ഐഡിയയും ഇല്ലാതെ ഇരുന്ന ഒരാളാണ്. ആ പടം കഴിഞ്ഞിട്ട് എന്നെ ഏറ്റവും കൂടുതൽ അഭിനന്ദിച്ചതും സ്നേഹം വന്നപ്പോൾ എന്നെ കെട്ടിപ്പിടിച്ചതും ചേച്ചിയാണ്,’ അനശ്വര രാജൻ പറഞ്ഞു.

Content Highlight: Anaswara rajan about people’s response after watching neru movie